6 വയസ്സുകാരിയെ കൊന്നത് ആഭിചാരത്തിന്, വയറുകീറി കരള് പുറത്തെടുത്തു

കാണ്പുര്‍: കാണ്‍പുരില്‍ ആറുവയസ്സുകാരിയെ കൊലപ്പെടുത്തി കരള്‍ പുറത്തെടുത്തത് ആഭിചാരത്തിന്. വിവാഹം കഴിഞ്ഞ് 21 വര്‍ഷമായിട്ടും കുട്ടികളില്ലാത്ത ദമ്പദികള്‍ക്ക് വേണ്ടിയാണ് പ്രതികളായ അങ്കുല്‍ കുറിലും ബീരാനും കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന് വയറുകീറി കരള്‍ പുറത്തെടുത്തത്. വെറും 1000 രൂപ പ്രതിഫലത്തിനായിരുന്നു ഇവര്‍ ക്രൂരകൃത്യം ചെയ്തത്. കുട്ടികള്‍ ഉണ്ടാകാന്‍ പെണ്‍കുട്ടിയുടെ കരള്‍ തിന്നണം എന്ന അന്ധവിശ്വസമാണ് ഇത്തരമൊരു കൊടുംക്രൂരതയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ശനിയാഴ്ച കാണാതായ കുട്ടിയുടെ മൃതദേഹം ഞായറാഴ്ചയാണ് നാട്ടുകാര്‍ കണ്ടെത്തിയത്. വയര്‍ കീറിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. 

പ്രധാന പ്രതിയായ അങ്കുല്‍ കുറിലിന്റെ ബന്ധുവായ പരശുറാം കുറില്‍ എന്നയാള്‍ക്കാണ് മന്ത്രവാദത്തിനായി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. 1999ല്‍ വിവാഹിതനായ ഇയാള്‍ക്ക് കുട്ടികളില്ല. കുട്ടികളുണ്ടാകാന്‍ വേണ്ടിയാണ് മന്ത്രവാദം നടത്തിയത്. പരുശുറാമാണ് ബന്ധുവായ അങ്കുലിനെയും സുഹൃത്ത് ബീരാനെയും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന് ശ്വാസകോശം വേര്‍പ്പെടുത്താന്‍ ഏര്‍പ്പാടാക്കിയത്.

ദീപാവലിക്ക് തലേദിവസം പടക്കം വാങ്ങാന്‍ പുറത്തിറങ്ങിയ പെണ്‍കുട്ടിയെ ഇവര്‍ തട്ടിക്കൊണ്ടുപോയി. കൊലപ്പെടുത്തുന്നതിന് മുമ്പ് ബലാത്സംഗം ചെയ്തു. പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാതയതിനെ തുടര്‍ന്ന് നാട്ടുകാര്‍ കാട്ടിലടക്കം തിരഞ്ഞു. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസിന് നിര്‍ദേശം നല്‍കി. പെണ്‍കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ദീപാവലിക്ക് തലേന്നാണ് കുഞ്ഞിനെ ഘത്തംപുര്‍ പ്രദേശത്തുനിന്ന് കാണാതായത്.

Share via
Copy link
Powered by Social Snap