700 ബഷീറുമാർ ഒത്തു ചേർന്നൊരു വാട്സ് ആപ് കൂട്ടായ്മ

പയ്യോളി: ബഷീര്‍ എന്ന പേരിന്‍റെ അര്‍ഥം അറബിയില്‍ എല്ലാം കാണുന്നവന്‍ എന്നാണ്. എന്തായാലും കോഴിക്കോട് ജില്ലയില്‍ ബഷീര്‍ എന്ന് പേരുള്ള 700 പേര്‍ ഇപ്പോള്‍ അനോന്യം അറിയുന്നു; വാട്‌സ് ആപ് കൂട്ടായ്മയിലൂടെ. ബഷീര്‍ കൂട്ടായ്മ എന്ന പേരില്‍ മൂന്ന് ഗ്രൂപ്പുകളുണ്ട്. ഫറോക്ക് മുതല്‍ കൊയിലാണ്ടി വരെയുള്ളവര്‍ക്ക് ഒരു ഗ്രൂപ്പ്, കൊയിലാണ്ടി മുതല്‍ അഴിയൂര്‍വരെ വേറൊന്ന്. മറ്റൊന്ന് കിഴക്കന്‍ മേഖലയിലെ പ്രദേശത്തുകാരായ ബഷീര്‍മാര്‍ക്ക്. ഓരോ ഗ്രൂപ്പിലും 200-ലധികംപേരുണ്ട്.

കുറ്റ്യാടിയിലെ കെ.എന്‍. ബഷീറാണ് കൂട്ടുചേരലിന് തുടക്കമിട്ടത്. കഴിഞ്ഞദിവസം കുറ്റ്യാടിക്കടുത്ത് നടന്ന ബഷീര്‍ സംഗമത്തില്‍ 100ഓളം പേര്‍ പങ്കെടുത്തു. ഡിസംബര്‍ അവസാനവാരം കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ 700 ബഷീറുമാര്‍ പങ്കെടുക്കുന്ന സമ്മേളനം ചേരും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഉദ്ഘാടനം ചെയ്യും.

ബാലുശ്ശേരി അനുഗ്രഹ ബഷീര്‍ (ചെയര്‍), കരണ്ടോട് ഇ. മുഹമ്മദ് ബഷീര്‍ (കണ്‍.), കോട്ടൂര്‍ മോയങ്ങല്‍ ബഷീര്‍ (ട്രഷറാര്‍.) എന്നിവരെ വര്‍ക്കിങ് കമ്മിറ്റി ഭാരവാഹികളായി തെരഞ്ഞെടുത്തു. യോഗം ബഷീര്‍ നരവന ഉദ്ഘാടനം ചെയ്തു. ബഷീര്‍ കീഴല്‍ അധ്യക്ഷനായി. കളത്തില്‍ ബഷീര്‍, ബഷീര്‍ കക്കോടി എന്നിവര്‍ സംസാരിച്ചു.

Share via
Copy link
Powered by Social Snap