അഭിഭാഷകൻ രാം ജേഠ്മലാനി അന്തരിച്ചു

ദില്ലിമുതിർന്ന അഭിഭാഷകൻ രാം ജേഠ്മലാനി അന്തരിച്ചു. 96 വയസായിരുന്നു.ദില്ലിയിലെ വസതിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. നിയമ രം​ഗത്തെയും രാഷ്ട്രീയ രംഗത്തെയും അതികായൻ എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ഒരു വ്യക്തിത്വമായിരുന്നു രാം ജേഠ്മലാനിയുടേത്. നിയമ ​രം​ഗത്ത് സ്വന്തമായ വഴി വെട്ടിത്തെളിയ്ക്കാൻ രാം ജേഠ്മലാനിയ്ക്ക് കഴിഞ്ഞു. വാജ്പേയ് മന്ത്രി സഭയിൽ നിയമ മന്ത്രിയായിരുന്നു അദ്ദേഹം. വൈകിട്ട് ലോധിറോ‍ഡ് വൈദ്യുതശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കുമെന്ന് മകൻ അറിയിച്ചു. 

നിലവില്‍ ആര്‍ജെഡിയുടെ രാജ്യസഭാ അംഗമാണ് അദ്ദേഹം. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇടക്കാലത്ത് ബിജെപിയില്‍ നിന്ന് രാം ജേഠ്മലാനി രാജിവെച്ചിരുന്നു. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ 1923-ലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പിന്നീട് വിഭജനത്തെ തുടര്‍ന്ന് മുംബൈയിലേക്ക് താമസം മാറ്റി. നിയമബിരുദം കരസ്ഥമാക്കിയ അദ്ദേഹം കറാച്ചിയിലാണ് പരിശീലനം ആരംഭിച്ചത്. ഇന്ദിരഗാന്ധി, രാജീവ് ഗാന്ധി വധക്കേസുകളില്‍ പ്രതികളുടെ അഭിഭാഷകനായിരുന്നു. അഫ്സല്‍ ഗുരുവിന്‍റെ വധശിക്ഷക്ക് എതിരെ വാദിച്ചതും മലാനിയായിരുന്നു. 

പ്രമുഖരായ നിരവധി നിരവധി നേതാക്കളാണ് ദില്ലിയിലെ വസതിയിൽ എത്തിച്ചേർന്നുകൊണ്ടിരിക്കുന്നത്. ജസ്റ്റിസ് ചന്ദ്രചൂഡ് അന്തിമോപചാരം അർപ്പിച്ചു. രാജ്യത്തിനു മികച്ച നിയമജ്ഞനെ നഷ്ടമായെന്ന് രാഷ്ട്രപതി രാം നാഥ്‌ കോവിന്ദ് അനുശോചിച്ചു

Leave a Reply

Your email address will not be published. Required fields are marked *