ഇടുക്കിയില്നിന്നൊരു മിടുമിടുക്കി

വണ്ടിപ്പെരിയാർ(ഇടുക്കി): തീവണ്ടിയില്ലാത്ത നാട്ടിൽനിന്നിറങ്ങി, തീവണ്ടി എൻജിനുമായി പായാനൊരുങ്ങുകയാണ് ഇടുക്കി ജില്ലയിലെ തോട്ടം മേഖലയിൽനിന്നുള്ള വനിത. തോട്ടം തൊഴിലാളികളായ വണ്ടിപ്പെരിയാർ ഡൈമുക്ക് രാജനില്ലം വീട്ടിൽ മനോന്മണി-രാജൻ ദമ്പതിമാരുടെ മൂത്തമകളായ ആർ.കാർത്തിക (23)യാണ് തീവണ്ടി ഓടിക്കാൻ പോകുന്നത്.

ജനവരി അവസാനത്തോടെ, ലോക്കോ പൈലറ്റ് പരിശീലനത്തിനായി കാർത്തിക തിരുച്ചിറപ്പള്ളിയിലേക്കുപോകും. ഏറെക്കാലത്തെ പരിശ്രമത്തിനൊടുവിലാണ് ഈ സ്വപ്നം സഫലമായതെന്ന് കാർത്തിക പറയുന്നു.

ഇത് ആദ്യമായാണ് പീരുമേട് തോട്ടംമേഖലയിൽനിന്ന്‌ തീവണ്ടി ഓടിക്കാൻ ഒരാൾ എന്ന പ്രത്യേകതയുമുണ്ട്. ആറാംക്ലാസ് മുതൽ തമിഴ്നാട്ടിലെ ബന്ധുവീട്ടിലാണ് പഠിച്ചിരുന്നത്. വിരുതുനഗർ കാമരാജ് കോളേജ് ഓഫ് ടെക്നോളജിയിൽനിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗത്തിൽ എൻജിനീയറിങ് ബിരുദം കരസ്ഥമാക്കി.

ലോക്കോ പൈലറ്റാകണമെന്ന ആഗ്രഹവുമായി രണ്ടുവർഷം പരിശ്രമിച്ചു. നാലു മാസത്തെ പരിശീലനത്തിനുശേഷം അസിസ്റ്റൻറ് ലോക്കോ പൈലറ്റായി കാർത്തിക നിയമിതയാകും. അമ്മ മനോന്മണി വണ്ടിപ്പെരിയാർ ഗ്രാമപ്പഞ്ചായത്തംഗമാണ്. സഹോദരി നന്ദിനി വിദ്യാർഥിനിയാണ്.

Leave a Reply

Your email address will not be published. Required fields are marked *