കെഎസ്ആര്ടിസി മിന്നല് പണിമുടക്ക് പിന്വലിച്ചു; സമരത്തിനിടെ കുഴഞ്ഞുവീണ യാത്രക്കാരന് മരിച്ചു

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു.  സര്‍വീസുകള്‍ പുനരാരംഭിച്ചു. നഗര, ദീര്‍ഘദൂര സര്‍വീസുകള്‍ നിര്‍ത്തിവെച്ചതോടെ അഞ്ച് മണിക്കൂറിലേറെ നേരം തലസ്ഥാന നഗരം നിശ്ചലമായി. മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് കനത്ത ചൂടില്‍ നഗരത്തില്‍ രോഗികളടക്കം നിരവധി യാത്രക്കാര്‍ കുടുങ്ങി.

അതേസമയം സമരത്തിനിടെ കുഴഞ്ഞുവീണ യാത്രക്കാരന്‍ മരിച്ചു. കടകംപ്പള്ളി സ്വദേശി സുരേന്ദ്രന്‍ (60) ആണ് മരിച്ചത്. കിഴക്കേക്കോട്ടയില്‍ വെച്ചാണ് സുരേന്ദ്രന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും സുരേന്ദ്രനെ രക്ഷിക്കാനായില്ല. മണിക്കൂറുകളായി സുരേന്ദ്രന്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്നു.

ആറ്റുകാല്‍ ക്ഷേത്രത്തിലേക്കുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസിനെ ചൊല്ലി കെഎസ്ആര്‍ടിസി — സ്വകാര്യ ബസ് ജീവനക്കാരുടെ തര്‍ക്കമാണ് പണിമുടക്കിലേക്ക് എത്തിയത്. ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് സ്വകാര്യബസ് സൗജന്യ സര്‍വീസ് നടത്തിയത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ തടഞ്ഞിരുന്നു.

അനധികൃത സര്‍വീസ് നടത്തിയെന്നാരോപിച്ചാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സ്വകാര്യബസ് തടഞ്ഞത്. സ്വകാര്യബസ് തടഞ്ഞ എടിഒ യെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എടിഒ യെ കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഫോര്‍ട്ട് പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *