ജാമ്യത്തിന് ഏത് ഉപാധിയും സ്വീകാര്യമെന്ന് ചിദംബരം: കസ്റ്റഡി നീട്ടണമെന്ന് സിബിഐ

ന്യൂഡല്‍ഹി∙ ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ സിബിഐ കോടതിയില്‍ എത്തിച്ചു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് ചിദംബരത്തെ കോടതിയിലേക്കു കൊണ്ടു വന്നത്. ചിദംബരത്തെ അഞ്ച് ദിവസത്തേക്കു കൂടി കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടു. അറസ്റ്റിനു ശേഷവും ചിദംബരം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സിബിഐ അറിയിച്ചു. 

അതേസമയം ജാമ്യത്തിനായി ഏത് ഉപാധിയും സ്വീകാര്യമാണെന്ന് ചിദംബരം കോടതിയെ അറിയിച്ചു. അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നു തോന്നിയാല്‍ ജാമ്യം റദ്ദാക്കാമെന്നും അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. ചിദംബരത്തിനെതിരെ തെളിവില്ലെന്നും എഫ്‌ഐആറില്‍ പേരില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരായ പി. ചിദംബരത്തിന്റെ ഹര്‍ജി രാവിലെ സുപ്രീം കോടതി തള്ളിയിരുന്നു. അറസ്റ്റ് ചെയ്തതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കു പ്രസക്തിയില്ലെന്ന് വ്യക്തമാക്കിയ് കോടതി ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കണമെന്നും നിര്‍ദേശിച്ചു. അറസ്റ്റിനെതിരായ പുതിയ ഹര്‍ജി ലിസ്റ്റ് ചെയ്യാത്തതിനാല്‍ പരിഗണിച്ചില്ല. അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനും റിമാന്‍ഡ് ചെയ്തതിനും എതിരായ ഹര്‍ജി ഇന്നു പരിഗണിക്കാനാകില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അനുമതിയില്ലാതെ ഹര്‍ജി ലിസ്റ്റ് ചെയ്യാനാകില്ലെന്ന് ജസ്റ്റിസ് ആര്‍. ഭാനുമതി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *