‘തര്ക്ക സ്ഥലത്ത് രാമ വിഗ്രഹം കൊണ്ടുവെച്ചതും ബാബ്റി മസ്ജിദ് പൊളിച്ചതും നിയമവിരുദ്ധമാണെന്ന് കോടതി സ്ഥിരീകരിച്ചിരിക്കുന്നു’; പിണറായി വിജയന്

തിരുവനന്തപുരം: അയോധ്യ തര്‍ക്കഭൂമി കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

”അയോധ്യ കേസില്‍ പരമോന്നത കോടതിയുടെ വിധി വന്നിരിക്കുകയാണ്. നമ്മുടെ രാജ്യത്ത് രക്തച്ചൊരിച്ചിലും കലാപങ്ങളും ഉണ്ടാക്കിയ പ്രശ്‌നത്തിലാണ് സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് അന്തിമമായി തീര്‍പ്പ് കല്‍പ്പിച്ചത്. അയോധ്യയില്‍ തര്‍ക്ക സ്ഥലത്ത് രാമ വിഗ്രഹം കൊണ്ടുവെച്ചതും ബാബ്‌റി മസ്ജിദ് പൊളിച്ചതും നിയമവിരുദ്ധമാണ് എന്ന് കോടതി സ്ഥിരീകരിച്ചിരിക്കുന്നു. ബാബ്‌റി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്നാണ് രാജ്യം വലിയ കലാപത്തിന്റെ വേദിയായത്. ഈ വിധിയോടെ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട നിയപരമായ വിഷയങ്ങള്‍ക്കാണ് തീര്‍പ്പ് ഉണ്ടായിരിക്കുന്നത്. വിധി തങ്ങള്‍ കാലാകാലമായി ഉയര്‍ത്തുന്ന അവകാശവാദങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വിഘാതമായി എന്ന് കരുതുന്നവരുണ്ടാകാം. അതോടൊപ്പം തങ്ങളുടെ ആവശ്യങ്ങളാണ് അംഗീകരിക്കപ്പെട്ടത് എന്ന് ധരിക്കുന്ന വിഭാഗവും ഉണ്ട്. രണ്ട് കൂട്ടരും സംയമനത്തോടെയും സമാധാനം നിലനിര്‍ത്താനുള്ള താത്പര്യത്തോടെയും വിധിയോട് പ്രതികരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *