തുഷാറിനെതിരായ ചെക്ക് കേസ്; പ്രോസിക്യൂട്ടറുടെ ഒത്തുതീര്പ്പ് ശ്രമം പാളി

ദുബായ്: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് ഒത്തു തീര്‍പ്പാക്കാനുള്ള അജ്മാന്‍ പ്രോസിക്യൂട്ടറുടെ ശ്രമം പരാജയപ്പെട്ടു. തുഷാര്‍ വാഗ്ദാനം ചെയ്ത തുക തീരെ കുറവാണെന്ന് പരാതിക്കാരനായ നാസില്‍ പറഞ്ഞതോടെയാണ് പ്രോസിക്യൂട്ടറുടെ മധ്യസ്ഥതയിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടത്. കോടതിക്ക് പുറത്ത് സമാന്തരമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അജ്മാന്‍ കോടതിയില്‍ കേസിന്റെ വിചാരണ നടപടികള്‍ ഇന്ന് ആരംഭിച്ചിരുന്നു.  നാസിലില്‍നിന്നുള്ള വിവര-തെളിവ് ശേഖരണമാണ് ഇന്ന് കോടതിയില്‍ നടന്നത്.  ചെക്ക് മോഷ്ടിച്ചതാണെന്ന് തുഷാര്‍ കോടതിയില്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് മോഷണസമയത്ത് പരാതിപ്പെട്ടില്ലായെന്ന് കോടതി ചോദിച്ചു. അതിനു പ്രത്യേക പരാതി നല്‍കാത്തതിനാല്‍ ആ വാദം ഇപ്പോള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നും പ്രോസിക്യൂട്ടര്‍ നിലപാടെടുത്തു. ഒത്തുതീര്‍പ്പിന് തയ്യാറുണ്ടോ എന്ന പ്രോസിക്യൂഷന്റെ ചോദ്യത്തിന് തയ്യാറെന്നായിരുന്നു ഇരുവരുടെയും മറുപടി. തുടര്‍ന്ന് തുഷാറിനെതിരായ കേസ് പിന്‍വലിക്കാന്‍ നാസില്‍ ഒരു തുക ആവശ്യപ്പെട്ടു. ആ തുക സ്വീകാര്യമല്ലെന്ന് തുഷാര്‍ പറഞ്ഞു. അതോടെ പ്രോസിക്യൂട്ടറുടെ സാന്നിധ്യത്തില്‍ ഇന്നു നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ വഴിമുട്ടി.രണ്ടുദിവസം കഴിഞ്ഞ് രണ്ടുപേരെയും വീണ്ടും വിളിക്കാമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുണ്ട്. ഇന്നത്തെ കോടതി നടപടികള്‍ അവസാനിച്ചു.അതേസമയം കോടതിക് പുറത്തെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നാസിലും തുഷാറും നേരിട്ടുള്ള ചര്‍ച്ചയല്ല നടക്കുന്നത്. പകരം ഇരുവരുടെയും ബിസിനസ് സുഹൃത്തുക്കള്‍ തമ്മിലാണ് ചര്‍ച്ച. ചെക്കിലെ മുഴുവന്‍ പണവും കിട്ടിയാലേ പരാതി പിന്‍വലിക്കൂ എന്ന നിലപാടിലാണ് നാസില്‍. കേസ് നടപടികള്‍ നീണ്ടാല്‍  തുഷാറിന്  അനിശ്ചിതമായി യു എ ഇ യില്‍ തങ്ങേണ്ടിവരും. ഈ സാഹചര്യത്തില്‍ തുഷാര്‍ കോടതിക്ക് പുറത്തെ ഒത്തുതീര്‍പ്പിന് വഴങ്ങുമെന്നാണ് നാസിലിന്റെ പ്രതീക്ഷ. നാസിലിന്റെ സുഹൃത്തുക്കള്‍ തുഷാറുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ചെക്കില്‍ പറഞ്ഞ തുക എന്തായാലും നല്‍കാന്‍ തയ്യാറല്ലായെന്ന് തുഷാര്‍ നാസിലിന്റെ സുഹൃത്തുക്കളെ അറിയിച്ചു. തനിക്ക് നല്‍കാന്‍ കഴിയുന്ന തുകയുടെ വിവരവും തുഷാര്‍ നാസിലിന്റെ സുഹൃത്തുക്കളെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഇത് സ്വീകാര്യമാണോ എന്ന് നാസില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.  

Leave a Reply

Your email address will not be published. Required fields are marked *