ദേശീയപാത 766ലൂടെയുളള രാത്രി യാത്രാ നിരോധനം

ദേശീയപാത 766ലൂടെയുളള രാത്രി യാത്രാ നിരോധനവുമായി ബന്ധപ്പെട്ട ആക്ഷന്‍ കമ്മറ്റി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കാന്‍ തീരുമാനം

ദേശീയപാത 766ലൂടെയുളള രാത്രി യാത്രാ നിരോധനവുമായി ബന്ധപ്പെട്ട ആക്ഷന്‍ കമ്മറ്റി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രിം കോടതിയില്‍ അന്തിമഘട്ടത്തിലാണ്. ആക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ സ്ഥാനം ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു

സുപ്രിം കോടതിയില്‍ ദേശിയ പാത 766 പൂര്‍ണ്ണമായി അടക്കാനുളള നീക്കത്തിനെതിരെയുളള കേസ് അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് കേരളത്തില്‍ നിരോധനത്തിനെതിരെ ശക്തമായ നിലപാടെടുത്ത എന്‍എച്ച് 766 പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഐസി ബാലകൃഷ്ണൻ എംഎൽഎ രാജിവെച്ചത്. സിപിഐഎമ്മും ബിജെപിയും വിഷയത്തില്‍ ആത്മാര്‍ത്ഥമായ നിലപാടല്ല കൈക്കൊളളുന്നത് എന്നാരോപിച്ചായിരുന്നു ബാലകൃഷ്ണൻ എംഎൽഎയുടെ രാജി. ഇതിന് പിന്നാലെയാണ് ആക്ഷന്‍ കമ്മറ്റി വീണ്ടും അടിയന്തിര യോഗം ചേര്‍ന്ന് സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്.

24ന് ബത്തേരിയില്‍ ചേരുന്ന സമര കണ്‍വെന്‍ഷനില്‍ പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുകയും സമരത്തിന്റെ പുതിയമുഖം എങ്ങനെ വേണമെന്ന് നിശ്ചയിക്കുകയും ചെയ്യും. കോണ്‍ഗ്രസും മുസ്ലീം ലീഗും ഒഴികെയുളള മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും പിന്തുണ തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് ആക്ഷന്‍ കമ്മറ്റി വ്യക്തമാക്കുന്നത്. 20ന് കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.

ദേശീയപാത 766ൽ വന്യജീവികളുടെ സാന്നിധ്യം കൂടുതലുള്ള 25 കിലോമീറ്റര്‍ ഭാഗത്താണ് രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെ യാത്രാ വിലക്കുള്ളത്. 2009 ജൂലൈ 29നാണ് ബന്ദിപ്പൂർ വനമേഖലയിലെ ദേശീയപാത 766ൽ രാത്രി യാത്രാ നിരോധനം നിലവിൽ വന്നത്.

Leave a Reply

Your email address will not be published. Required fields are marked *