വിലപ്പിടിപ്പുള്ള ക്യാമറയുമായി മുങ്ങി; തമിഴ്നാട് അതിര്ത്തിയില് നിന്നും പോലീസ് പൊക്കി

കായംകുളം: ലക്ഷങ്ങള്‍ വിലയുള്ള ക്യാമറയുമായി മുങ്ങിയ പ്രതിയെ കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശി രാജേഷ് ആണ് പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ മാസം 29ന് ആണ് കായംകുളം പുതിയിടത്തെ കാര്‍ത്തിക സ്റ്റുഡിയോ ഉടമ ശിവകുമാറിനെ ആക്രമിച്ച് രാജേഷ് ക്യാമറയുമായി കടന്നത്. പിഡബ്ല്യൂഡി ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയാണ് രാജേഷ് സ്റ്റുഡിയോയില്‍ എത്തിയത്.

ഔദ്യോഗിക ആവശ്യത്തിനാണെന്ന പേരില്‍ ശിവകുമാറിന്റൊപ്പം ചിത്രങ്ങളെടുക്കാന്‍ ഒപ്പം പോയ രാജേഷ് ആളൊഴിഞ്ഞ സ്ഥലത്തു എത്തിയപ്പോള്‍ ശിവകുമാറിനെ അടിച്ച് വീഴ്ത്തി ക്യാമറയുമായി ഓടി രക്ഷപ്പെടുകയായിരുന്നു.

പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നതായി പോലീസിന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു. കേരള അതിര്‍ത്തിയില്‍ നിന്നും പോലീസ് പിടികൂടിയ രാജേഷ് കേരളത്തിന്റെ പലയിടങ്ങളില്‍ നിന്നും സമാനമായ രീതിയില്‍ ക്യാമറകള്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

യൂസ്ഡ് ബൈക്കുകള്‍ വില്‍ക്കുന്ന കടയില്‍ നിന്നും ബൈക്ക് മോഷ്ടിച്ചാണ് കവര്‍ച്ചയ്ക്കായി ഉപയോഗിച്ചിരുന്നത്. മോഷ്ടിച്ച ക്യാമറകള്‍ നാഗര്‍ കോവിലിനടുത്തുള്ള കോട്ടാറില്‍ ചുരുങ്ങിയ വിലയ്ക്ക് വില്‍ക്കുകയാണ് പതിവ്.

നേരത്തെ നിരവധി കേസുകളില്‍ പ്രതിയായ രാജേഷ് ആറ് മാസം മുമ്പാണ് കൊലക്കുറ്റത്തിന് ജയില്‍ ശിക്ഷ കഴിഞ്ഞ് ജാമ്യത്തില്‍ ഇറങ്ങിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കാനാണ് പോലീസിന്റെ തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *