ജ്യോതിക സിനിമയിലേക്ക് തിരിച്ചു വരുന്ന 36 വയതിനിലേ… പ്രദര്‍ശന സജ്ജമാവുന്പോള്, സംവിധായകന് റോഷന് ആന്ഡ്രൂസസിന് ഒരു വ്യാഴവട്ടത്തിലേറെക്കാലത്തെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷം സാ്ക്ഷാത്കരിക്കപ്പെട്ട ആഹ്ലാദം. ഹൗ ഓള്‍ഡ് ആര് യു തമിഴിലേക്കു പുനരാവിഷ്കരിക്കപ്പെടുന്നുവെങ്കില് ജ്യോതിക തന്നെ നായികയാവണമെന്ന തന്റെ ദൃഢനിശ്ചയമാണ് 36 വയതിനിലേ എന്ന സിനിമയിലൂടെ നിറവേറ്റപ്പെട്ടത്. സൂര്യയുടെ സ്വന്തം സിനിമാ നിര്‍മ്മാണ സ്ഥാപനമായ 2ഡി എന്റര്ടെയിന്മെന്റാണ് ഈ സിനിമ നിര്‍മ്മിക്കുന്നത് എന്നതും ഭാഗ്യമായിട്ടാണ് റോഷന് കരുതുന്നത്.
ഹൗ ഓള്‍ഡ് ആര് യു വില്‍ നിന്നും ഇരുപത് മിനിറ്റ് ദൈര്ഘ്യകുറവുള്ള 36 വയതിനിലേ മലയാളത്തേക്കാള്‍ അല്പം കൂടി വര്‍ണ്ണാഭവും എന്നാല്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും വ്യതിചലിക്കാത്ത അതിഭാവുകത്വവുമുള്ള ചിത്രമാണ്. ചിത്രത്തില്‍ തമിഴ് സംസ്കാരം പ്രതിഫലിപ്പിക്കുന്നതിനായി തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് പ്രശസ്ത തമിഴ് തിരക്കഥാകൃത്തുക്കളായ വിജി രാധമോഹന്‍ എന്നിവരുമായി റോഷന് സുദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തിയശേഷമാണ് തിരക്കഥയ്ക്ക് പൂര്ണ്ണരൂപമേകിയത്. ബോബി സഞ്ജയ് തന്നെയാണ് 36 വയതിനിലേയുടെയും തിരക്കഥാകൃത്തുക്കള്‍. വിജി സംഭാഷണം രചിച്ചിരിക്കുന്നു. തിരക്കഥയില്‍ സാരമായ അഴിച്ചുപണികളൊന്നും നടത്താതെ ചില രംഗങ്ങള്‍ മാത്രം വിപുലീകരിച്ചുകൊണ്ട്, മലയാളത്തേക്കാള്‍ വൈകാരികതയും യാഥാര്‍ത്ഥ്യമായ ജീവിത സ്പര്‍ശവും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് റോഷന് 36 വയതിനിലേ ദൃശ്യവല്ക്കരിച്ചിട്ടുള്ളത്. തമിഴ് സിനിമയെ സംബന്ധിച്ചിടത്തോളം ഈ സിനിമ ഒരു ട്രെന്റ് സെറ്ററായിരിക്കും എന്ന ആത്മവിശ്വാസമാണ് റോഷന്.
അന്പത്തിയഞ്ചു ദിവസംകൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി. എന്നാല്‍ നാല്പത്തിയാറു ദിവസംകൊണ്ട് പൂര്‍ത്തിയായി. അതിനു കാരണം ജ്യോതികയുടെ കൃത്യനിഷ്ഠയും അര്‍പ്പണ മനോഭാവവും സഹകരണവുമാണ്. ഇന്ത്യയിലെ ഒട്ടേറെ പ്രഗത്ഭരായ സംവിധായകരുടെ കീഴില്‍ അഭിനയിച്ചിട്ടുള്ളവരാണ് അവര്‍. എന്നാല്‍ വലുപ്പച്ചെറുപ്പം നോക്കാതെ സംവിധായകരുടെ കഴിവിനെ അംഗീകരിച്ചുകൊണ്ട്, സംവിധായകന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, താനൊരു വലിയ നടിയായിരുന്നുവെന്നോ സൂപ്പര്‍താര പത്നിയാണെന്നു ഉള്ള ജാടകളൊന്നും തന്നെ ഇല്ലാതെ വളരെ സൗഹാര്‍ദ്ദപരമായ അവരുടെ പെരുമാറ്റം ഞങ്ങളെ ഒന്നടങ്കം വിസ്മയിപ്പിച്ച പുതിയ അനുഭവമായിരുന്നു.
മഞ്ജുവിനെ നായികയാക്കി ഹൗ ഓള്‍ഡ് ആര് യു ചെയ്യുന്പോള്‍ എത്രമാത്രം കംഫര്‍ട്ട് ആയിരുന്നുവോ ആ കംഫര്‍ട്ട് ജ്യോതികയെ അഭിനയിപ്പിച്ചപ്പോഴും ലഭിച്ചു. സംവിധായകന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക എന്ന ഒരു അഭിനേത്രിയുടെ കര്‍ത്തവ്യം അറിഞ്ഞ് ക്യാമറക്കു മുന്നിലെത്തുന്ന അഭിനേത്രിയാണവര്‍. അവര്‍ വസന്തി എന്ന നായിക കഥാപാത്രത്തെ പൂര്‍ണ്ണമായും ഉള്‍കൊണ്ട് പ്രതിപത്തിയോടെ അഭിനയിച്ചപ്പോള്‍ ആ ഡെഡിക്കേഷനെ നമിച്ചുപോയി. എന്റെ ഇത്രയും കാലത്തെ അനുഭവം വച്ചുനോക്കുന്പോള്‍, നല്ലൊരു മനുഷ്യസ്നേഹിയായ അഭിനേത്രിയുടെ സിനിമയാണ് സംവിധാനം ചെയ്തിരിക്കുന്നു എന്നത് ചാരിതാര്‍ത്ഥ്യം പകരുന്നു.
ഒരു സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും, ആഗ്രഹിച്ച പ്രകാരം ആ സിനിമ എല്ലാ അര്‍ത്ഥത്തിലും സാക്ഷാത്കരിക്കപ്പെടണമെങ്കില്‍ 2 ഡിയുടെ നിര്‍മ്മാണത്തില്‍ ജോലി ചെയ്യണം. ആ കന്പനിയുടെ കീഴില്‍ ജോലി ചെയ്യുന്പോള്‍, സംവിധായകന് പൂര്‍ണ്ണ സ്വതന്ത്രനാണ്. ക്രിയേറ്റിവിറ്റിയെ അംഗീകരിക്കുന്ന സ്ഥാപനമായതുകൊണ്ട് സംവിധായകന് ആവശ്യപ്പെട്ട മാത്രയില്‍ 2ഡിയുടെ സി ഈ ഒ രാജശേഖര്‍, സിനിമയുടെ നിലവാരത്തില്‍ ഒരു കുറവും വരരുത് എന്നതുകൊണ്ട് സംവിധായകന് വേണ്ട സൗകര്യങ്ങള്‍ മുന്‍കൂട്ടി ചെയ്തുകൊടുക്കുന്നു. സംവിധായകന്റെ കാര്യത്തില്‍ അനാവശ്യ ഇടപെടലുകള്‍ ഇല്ല. ഇതൊക്കെ ചിത്രം കൂടുതല്‍ നിലവാരമുള്ളതാക്കാന്‍ സഹായകമായിട്ടുണ്ട് എന്ന് റോഷന് ആന്‍ഡ്രൂസ് അഭിമാനത്തോടെ പറഞ്ഞു.
മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹൗ ഓള്‍ഡ് ആര് യു വിലൂടെയുള്ള മഞ്ജുവിന്റെ തിരിച്ചുവരവ് മലയാളികളാണ് ആകാംക്ഷയോടെ കാത്തിരുന്നതെങ്കില്‍, 36 വയതിനിലൂടെയുള്ള ജ്യോതികയുടെ തിരിച്ചുവരവ് ഇന്ത്യയൊട്ടാകെയുള്ള സിനിമാപ്രേമികളാണ് ആകാംക്ഷയോടെ കാത്തിരിക്കുന്നത്. റഹ്മാനാണ് ചിത്രത്തിലെ നായകന്. റഹ്മാനും 36 വയതിനിലെ തമിഴ് സിനിമയില്‍ ഒരു പ്രത്യേക സ്ഥാനം നേടികൊടുക്കുമെന്നാണ് പ്രതീക്ഷ. അഭിരാമി, ദേവദര്ഷിണി, കലാരഞ്ജിനി, അമൃത, സേതുലക്ഷ്മി, നാസര്‍, ജയപ്രകാശ്, മോഹന്റാം, ബോസ് വെങ്കട്ട്, ഇളവരശ്, വഴക്കുഎണ് മുത്തുരാമന്, എം.എസ്. ഭാസ്കര്‍ എന്നിങ്ങനെ തമിഴ് സിമിനയിലെ മുന്‍നിര അഭിനേതാക്കളാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ ആവിഷ്കരിക്കുന്നത്. ആര്. ദിവാകറാണ് ഛായാഗ്രാഹകന്‍. സന്തോഷ് നാരായണന് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു. 2 ഡി എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിച്ച സൂര്യ അവതരിപ്പിക്കുന്ന 36 വയതിനിലൂടെ സഹനിര്‍മ്മാതാവ് രാജശേഖര്‍ കര്‍പ്പൂര പാണ്ഡ്യനാണ്.