കേരള മോട്ടോര്‍ വാഹന വകുപ്പില്‍ അസി. മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടറായി നിയമനം ലഭിക്കുന്നതിന് മിനിസ്റ്റീരിയല്‍ സര്‍വ്വീസില്‍ നിന്നും യോഗ്യതയുള്ള അപേക്ഷകര്‍ ഇല്ലാത്ത സാഹചര്യത്തില്‍ ടി ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്ത് പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളെ നിയമിക്കണം എന്ന ശക്തമായ നിയമം നിലനില്‍ക്കെ 11-12-2013 ല്‍ നിയമവിരുദ്ധമായ ഉത്തരലിവൂടെ നാല് ക്ലാസ് ഫോര്‍ ജീവനക്കാരെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍മാരായി നിയമനം നടത്തുകയുണ്ടായി. അന്നത്തെ പി.എസ്.സി. റാങ്ക് ലിസ്റ്റിലുണ്ടായിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഇതിനെ നിയമപരമായി നേരിട്ടു. തുടര്‍ന്ന് ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ കോര്‍ട്ട് വിധിയുടെയും അടിസ്ഥാനത്തില്‍ മേല്‍പ്പറഞ്ഞ ഉദ്യോഗസ്ഥരെ നിരസിച്ച് ക്ലാസ് ഫോര്‍ ജീവനക്കാരായി നിയമിച്ചു. തുടര്‍ന്ന് ടി ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ ഈ നിയമനം നിയമവിരുദ്ധമാണെന്നും അഡ്മിനിസ്ട്രേറ്റീവ് ട്രിബുണല്‍ വിധി അംഗീകരിച്ചുകൊണ്ടുള്ള വിധി ഉണ്ടായി.
ടി വിഷയത്തില്‍ 8-1-2015 ല്‍ ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിയുടെ കീഴില്‍ നടന്ന മീറ്റിംഗില്‍ ഇവരെ എ.എം.വി മാരായി നിയമിച്ചാല്‍ വര്‍ക്കിലെ ക്വാളിറ്റിയെ ബാധിക്കുമെന്നും സമാന യൂണിഫോമ്ഡ് ഡിപ്പാര്‍ട്ടുമെന്റുകളായ ഫോറസ്റ്റ്, ഫയര്‍, എക്സൈസ്,പോലീസ് എന്നീ ഡിപാര്ട്ടുമെന്റുകളിലില്ലാത്ത കീഴ് വഴക്കം മോട്ടോര്‍ വാഹന വകുപ്പിലും വേണ്ട എന്ന ഒറ്റതീരുമാനത്തിലെത്തി.
ഇപ്പോള്‍ നിയമനം ലഭിച്ച ലാസ്റ്റ് ഗ്രേഡ് സര്വ്വന്റുമാര് പലതും ഡിപ്ലോമ പാസ്സായി വര്‍ഷങ്ങള്‍ കഴിഞ്ഞവരാണ്. നിരവധി പി.എസ്.സി. പരീക്ഷകള്‍ അവരുടെ മുന്പില് ഉണ്ടായിരുന്നിട്ടും ടി അവസരങ്ങള്‍ അവര്‍ ഫലപ്രദമായി ഉപയോഗിച്ചില്ല എന്നതാണ് വസ്തുത. പി.എസ്.സി. പരീക്ഷയില്‍ മതിയായ യോഗ്യത ഉള്ളവരാണെങ്കില്‍ പി.എസ്.സി. പരീക്ഷയില്‍ യോഗ്യത തെളിയിച്ച് കടന്നുവരികയാണ് നേരായ മാര്‍ഗ്ഗം. 2015 ലെ പി.എസ്.സി. പരീക്ഷ കഴിഞ്ഞ് റിസല്‍റ്റിനായി കാത്തിരിക്കുന്നവരുടെ കൂട്ടത്തില്‍ ഈ ഉദ്യോഗസ്ഥരുമുണ്ട്.
നാമമാത്രമായ പോസ്റ്റിലേക്ക് ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി. പരീക്ഷ കഴിഞ്ഞ് റാങ്ക് ലിസ്റ്റിനായി കാത്തിരിക്കുന്പോഴാണ് മേല്‍പ്പറഞ്ഞ വസ്തുതകള്‍ ഒന്നും തന്നെ മനസ്സിലാക്കുകയോ ബഹു. ലോകായുക്തയില്‍ ഇതുമായി ബന്ധപ്പെട്ട അഴിമതി കേസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും ബഹു. മുഖ്യമന്ത്രിയും ബഹു. ഗതാഗത വകുപ്പു മന്ത്രിയും ഈ ഉദ്യോഗസ്ഥരെ എ.എം.വി.ഐ. മാരായി വീണ്ടും നിയമിക്കുവാനായി വഴിവിട്ട് സഹായിക്കുന്നത്. ഇത് യഥാര്‍ത്ഥ നിതി നിഷേധമാണ്. ആയതിനാല്‍ പിഎസ്സി പരീക്ഷ കഴിഞ്ഞ് റിസല്‍റ്റിനായി കാത്തിരിക്കുന്ന ഞങ്ങളുടെ മനോവിഷമം മനസ്സിലാക്കി സര്‍ക്കാര്‍ തിടുക്കത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന മേല്‍പ്പറഞ്ഞ നിയമവിരുദ്ധമായ നിയമനത്തില്‍ നിന്ന് പിന്മാറി നീതി ഉറപ്പാക്കണമെന്നും അല്ലാത്തപക്ഷം സമാന മനസ്കരായ വിദ്യാര്‍ത്ഥി യുവജന സംഘടനകളുമായി യോജിച്ച് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അഴിമതി വിരുദ്ധ സമരസമിതി നേതാക്കള്‍ അറിയിച്ചു.