സച്ചിന്റെ മെഴുകുപ്രതിമ സിഡ്‌നിയില്‍ നിന്ന് മാറ്റി

0
സിഡ്‌നി: സിഡ്‌നി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഇന്ത്യ. ആവേശം മൂത്ത ക്രിക്കറ്റ് ആരാധകര്‍ തൊട്ടടുത്തുള്ള മാഡം ടുസ്സൗഡ്‌സ് മ്യൂസിയത്തില്‍ പോയി സച്ചിന്റെ മെഴുകു പ്രതിമ കണ്ടുകളയാമെന്ന് കരുതിയാല്‍ നിരാശയാവും ഫലം.

ഓസ്‌ട്രേലിയയിലെത്തുന്ന ക്രിക്കറ്റ് ആരാധകരെ ആകര്‍ഷിച്ചുവരുന്ന മാസ്റ്റര്‍ ബ്ലാസ്റ്ററുടെ മെഴുകുപ്രതിമ ലോകകപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇവിടെ നിന്ന് മാറ്റിക്കഴിഞ്ഞു. ബാങ്കോക്കിലെ മ്യൂസിയത്തിലേയ്ക്കാണ് പ്രതിമ മാറ്റിയിരിക്കുന്നത്. ഇങ്ങനെ പ്രതിമകള്‍ മാറ്റുന്നത് മ്യൂസിയത്തിന്റെ പതിവാണെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍, ലോകകപ്പ് നടക്കുന്ന സമയത്ത് തന്നെ പ്രതിമ ഇവിടെ നിന്ന് മാറ്റേണ്ട ആവശ്യമുണ്ടായിരുന്നോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇതിന് വ്യക്തമായ വിശദീകരണം അധികൃതര്‍ നല്‍കിയിട്ടില്ല.

സച്ചിന്റെ നാല്‍പ്പതാം പിറന്നാളിന് നാല് നാള്‍ മുന്‍പ് 2013 ഏപ്രില്‍ 24നാണ് ലണ്ടനിലെ മാഡം ടുസ്സൗഡ്‌സ് മ്യൂസിയത്തിലെ പ്രതിമയുടെ തനിപ്പകര്‍പ്പായ പ്രതിമ സിഡ്‌നിയില്‍ സ്ഥാപിച്ചത്. ഓസീസ് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഡോണ്‍ ബ്രാഡ്മാന്‍, ഷെയ്ന്‍ വോണ്‍ എന്നിവരുടെ പ്രതിമയ്‌ക്കൊപ്പമാണ് സച്ചിന്റെയും പ്രതിമ സ്ഥാപിച്ചത്. ബ്രാഡ്മാനൊപ്പം ആദരിക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് അന്ന് സച്ചിന്‍ പ്രതികരിച്ചിരുന്നു. സിഡ്‌നിയില്‍ ഇത്തരമൊരു പ്രതിമ സ്ഥാപിച്ചത് സന്തോഷം ഇരട്ടിയാക്കുന്നുവെന്നും സച്ചിന്‍ അന്ന് പറഞ്ഞു.

സച്ചിന്റെ ഏറ്റവും പ്രിയപ്പെട്ട വേദികളില്‍ ഒന്നാണ് സിഡ്‌നിയിലേത്. സച്ചിന്റെ മൂന്ന് ടെസ്റ്റ് സെഞ്ച്വറികള്‍ പിറന്നത് ഇവിടെയാണ്. ഇവിടെ നിന്നാണ് സച്ചിനെ ക്രിക്കറ്റില്ലാത്ത ബാങ്കോക്കിലേയ്ക്ക് പറിച്ചുനട്ടത്.

Share.

About Author

Comments are closed.