ജനങ്ങളുടെ ജീവനും സ്വത്തിനും സ്വാതന്ത്ര്യത്തിനും സംരക്ഷണം നല്കി സമൂഹത്തില്‍ സമാധാന ജീവിതം ഉറപ്പാക്കുന്നതിനു വേണ്ടി യാതൊരു സമയപരിധിയുമില്ലാതെ ഔദ്യോഗിക സേവനം അനുഷ്ഠിക്കുന്ന പോലീസ് സേനാംഗങ്ങളില്‍ നിന്നും വിരമിച്ചവര്‍ക്ക് അര്‍ഹമായി ലഭിക്കേണ്ട അംഗീകാരവും ആനുകുല്യങ്ങളും ലഭ്യമാക്കുന്നതിന് കാലാകാലങ്ങളില്‍ വന്നു പോകുന്ന സര്‍ക്കാരുകള്‍ അലംഭാവം കാണിക്കുകയും അവഗണിക്കുകയും ചെയ്തുവരുന്നത് ദൗര്‍ഭാഗ്യകരമാണ്.
നാട്ടില്‍ നീതി നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട നിയമപാലകര്‍ വിരമിച്ചു കഴിഞ്ഞപ്പോള്‍ അതേ നീതിക്കുവേണ്ടി സര്‍ക്കാരിനു മുന്പില് കൈ നീട്ടേണ്ടി വന്നിരിക്കുന്നു. ഇതുവരെ സമര്‍പ്പിച്ച നിവേദനങ്ങളില്‍ ഉന്നയിച്ചിരുന്ന എല്ലാ ആവശ്യങ്ങളും മുന്‍വൈരാഗ്യം പോലെ നിഷേധിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്.
സാധാരണ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും തികച്ചും വ്യത്യസ്തത പുലര്‍ത്തുന്ന സേവനമാണ് പോലീസിന്റേതെന്ന് എല്ലാവര്ക്കും അറിയാം. ഒരു തികഞ്ഞ അച്ചടക്കമുള്ള സേനാവിഭാഗമെന്ന നിലയില്‍ സമൂഹത്തിലെ സമാധാന ജീവിതത്തിനുവേണ്ടി സമയപരിധിയില്ലാതെ ജോലി ചെയ്യേണ്ടിവരുന്ന ഏക വിഭാഗമാണ് പോലീസ് സേന. ഇങ്ങനെ അമിതഭാരം കൊണ്ട് മാനസികമായും ശാരീരികമായും അവശരാകുന്നതുകൊണ്ടാണ് വിരമിച്ചു കഴിയുന്പോള്‍ ഭൂരിപക്ഷം പേരും നിത്യരോഗികളായി തീരുന്നത്. ഇവരില്‍ ചികിത്സയ്ക്ക് സാന്പത്തിക ശേഷിയില്ലെങ്കില്‍ മരണത്തിന് കീഴ്പ്പെടുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല. ഈ സാഹചര്യത്തില്‍ വിമുക്ത ഭടന്മാര്ക്ക് ലഭിക്കുന്നതുപോലെ വിരമിച്ച പോലീസ് സേനാംഗങ്ങള്‍ക്കും സൗജന്യ ചികിത്സാ സംവിധാനം അനുവദിക്കണമെന്ന് കാണിച്ച് നിരവധി നിവേദനങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും ധനവകുപ്പില്‍ ചെല്ലുന്പോള്‍ അത് നിരാകരിക്കുകയാണ് പതിവ്.
പോലീസുകാരുടെ പരിശീലനകാലം സര്‍വ്വീസായി പരിഗണിച്ചപ്പോള്‍ ഈ ആനുകുല്യം ചെറിയൊരു വിഭാഗം വൃദ്ധരായ വിരമിച്ച പോലീസുകാര്‍ക്ക് അര്‍ഹത ഉണ്ടായിട്ടും നിഷേധിക്കപ്പെട്ടു. ഈ അനീതി ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി 2011 മെയ് 24 ന് പോലീസ് ആസ്ഥാനത്തു വച്ച് നടത്തിയ ഒരു പത്രസമ്മേളനത്തില്‍ ഈ ആനുകുല്യം ഉടന്‍ നല്‍കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. എല്ലാ മാധ്യമങ്ങളും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചു. നിര്‍ഭാഗ്യവശാല്‍ ഈ പ്രഖ്യാപനം ഫയലായി ധനവകുപ്പിലെത്തിയപ്പോള്‍ പതിവു ശൈലിയില്‍ അതും അട്ടിമറിക്കപ്പെട്ടു. ഒരു മുഖ്യമന്ത്രിയുടെ തീരുമാനത്തെ നിഷേധിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നു എന്നത് അത്ഭുതപ്പെടുത്തി. പിന്നീട് പലപ്പോഴും മുഖ്യമന്ത്രിയെ സമീപിച്ചെങ്കിലും അദ്ദേഹം അതില്‍ മൗനം ദീക്ഷിച്ചു.
ഇതേ നിലപാടാണ് പോലീസ് സേനാംഗങ്ങള്‍ക്ക് അനുവദിച്ച നാലാം ഗ്രേഡിലും സര്‍ക്കാര്‍ കൈക്കൊണ്ട നിലപാട്. ഒരേ കാലയളവില്‍ സര്‍വ്വീസില്‍ പ്രവേശിച്ചവരില്‍ പ്രായ വ്യത്യാസത്തില്‍ നേരത്തെ റിട്ടയര്‍ ചെയ്തവര്‍ക്ക്, പെന്‍ഷനായി എന്ന ഒറ്റ കാരണത്താല്‍ ഇത് നിഷേധിച്ചു. യഥാര്‍ത്ഥത്തില്‍ ഈ നാലാം ഗ്രേഡ് എല്ലാ പെന്‍ഷന്‍കാര്‍ക്കും ലഭിക്കേണ്ടതായിരുന്നു. അത് അടിയന്തിരമായി അനുവദിക്കണം.
കഴിഞ്ഞ ഒന്‍പതാം ശന്പളകമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഒരു പ്രത്യേക പെന്ഷന് വകുപ്പ് രൂപീകരിക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. അത് ഇതുവരെ നടപ്പാക്കിയിട്ടില്ല. അതിനു പുറമെ പോലീസ് സേനാംഗങ്ങള്‍ക്കും വിരമിച്ചവര്‍ക്കും അവരുടെ ആശ്രിതര്‍ക്കും സൈനിതമാകൃകയില് ഒരു പോലീസ് ക്ഷേമബോര്‍ഡ് രൂപീകരിക്കണമെന്ന് പോലീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് സര്‍ക്കാരിനോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. അതും സര്‍ക്കാര്‍ നിഷേധിച്ചു.
കരയുന്ന പിള്ളയ്ക്കേ പാലുള്ളൂ എന്ന പതിവ് സമീപനമാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതെങ്കില്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചവരാണെങ്കിലും ഇതുവരെ കാത്തുസൂക്ഷിച്ച അച്ചടക്കം വെടിയേണ്ടിവന്നാല്‍ അങ്ങനെ ഒരു സാഹചര്യത്തിന് വിരമിച്ച പോലീസുകാരെ പ്രേരിപ്പിക്കരുതെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നത്.