തിരുവനന്തപുരം നഗരത്തിലെ അനധികൃത ഓട്ടോകള്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തുന്നു – ഒബ്സര്‍വര്‍

0

തിരുവനന്തപുരം നഗരത്തില്‍ അനധികൃതമായി ഏതാണ്ട് 79000 ഓളം ഓട്ടോറിക്ഷകള്‍ ദിനംപ്രതി സര്‍വ്വീസ് നടത്തുന്നുവെന്നാണ് പോലീസിന്‍റെ കണക്കുകൂട്ടല്‍.

നഗരത്തില്‍ പെര്‍മിറ്റ് അനുവദിച്ച 29000 ഓട്ടോകള്‍ സര്‍വീസ് നടത്തുകയാണ്.  നഗരത്തിന് പുറത്തു നിന്നും വരുന്ന ഓട്ടോകളാണ് അമിതകൂലി ഈടാക്കുകയും ക്രിമിനല്‍ കുറ്റങ്ങള്‍ നടത്തുകയും ചെയ്യുന്നതെന്നാണ് തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നത്.  പല സ്ഥലങ്ങളില്‍ നിന്നും വന്നു ചേരുന്നവര്‍ യാത്രക്കാരെ വിരട്ടിയാണ് പണം ഈടാക്കുന്നത്.  സ്ത്രീകളെയും ഭീഷണിപ്പെടുത്തുന്നത് പതിവാണ്.  ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസും സര്‍ക്കാരും തയ്യാറാകുന്നില്ല.  അഥവാ പരാതി നല്‍കിയാലും പരാതിക്കാരെ പോലീസ് സ്റ്റേഷനില്‍ മണിക്കൂറുകളോളം നിര്‍ത്തിയശേഷം പ്രതിയി കിട്ടിയി ല്ലെന്ന് അറിയിച്ചശേഷം പറഞ്ഞുവിടുകയാണ്.  ഇതുമൂലം  പരാതി നല്‍കാന്‍ ആരും തയ്യാറാകുന്നില്ല.  കാരണം അനധികൃതമായി തിരുവനന്തപുരം നഗരത്തില്‍ ഓടുന്ന ഓട്ടോകളില്‍ ഭൂരിഭാഗവും പോലീസ് ഉദ്യോഗസ്ഥരുടെ ഉടമസ്ഥതയിലുള്ള ഓട്ടോകളാണ്.

ഏതെങ്കിലും ഓട്ടോയുടെ പേരില്‍ പരാതി കിട്ടിയാല്‍ നഗരത്തിലെ പോലീസ് പൂഴ്ത്തി വയ്ക്കുകയാണ്.  ഇതിനെതിരെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയാല്‍ അന്വേഷണം പാതിവഴിയില്‍ സ്തംഭിക്കുകയാണ്.  ഈ സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ പറ്റാത്ത അവസ്ഥയാണ്.  പോലീസിന്‍റെ പിന്‍ബലത്തിലാണ് തിരുവനന്തപുരം നഗരത്തില്‍ ഓട്ടോക്കാരുടെ അതിക്രമം നടക്കുന്നത്.  ഓട്ടോറിക്ഷ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ഉണ്ടാവുകയില്ല. പരാതി നല്‍കാനുള്ള ബുക്ക് ഇല്ല, മീറ്റര്‍ പ്രവര്‍ത്തനരഹിതമാണ്.  ഇങ്ങനെയുള്ള പ്രവര്‍ത്തനലംഘനങ്ങള്‍ നടത്തിയാണ് നഗരത്തിലൂടെ ഓട്ടോകള്‍ സവാരി നടത്തുന്നത്

പോലീസ് ഉദ്യോഗസ്ഥന്മാര്‍ കമ്മീഷന്‍ അടിസ്ഥാനത്തിലാണ് ഓരോ ഡ്രൈവര്‍മാര്‍ക്കും ഓട്ടോ നല്‍കുന്നത്.  ഡ്രൈവര്‍മാരില്‍ ഭൂരിഭാഗവും ക്രിമിനല്‍ സ്വഭാവവും ഉള്ളവരാണ്.  ജയിലില്‍ നിന്നും ശിക്ഷ കഴിഞ്ഞിറങ്ങിയവരും മോഷ്ടാക്കളുമാണ് ഓട്ടോ ഓടിക്കുന്നത്. ഇവരെ പോലീസാണ് രക്ഷിച്ചുകൊണ്ടിരിക്കുന്നത്.  അതുകൊണ്ട് അന്വേഷണത്തെ ഭയക്കാത്ത ഈ ക്രിമിനലുകളാണ് നഗരത്തില്‍ സംഘട്ടനങ്ങളും പ്രശ്നങ്ങളും സൃഷ്ടിക്കുന്നത്.  വന്‍ബാങ്കുകളിലും കവര്‍ച്ച നടത്തുന്നതിന് വേണ്ട ഒത്താശ ചെയ്യുകയും ധനികരായ വീടുകള്‍ ചൂണ്ടിക്കാണിക്കുന്നതും അനധികൃതമായി ഓട്ടോ ഓടിക്കുന്നവരാണെന്ന് പല ബാങ്ക് കവര്‍ച്ചകളും ചൂണ്ടികാണിക്കുന്നു.  ഏത് കേസില്‍ അകപ്പെട്ടാലും ഇങ്ങനെയുള്ള കുറ്റവാളികളെ രക്ഷിക്കുവാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പിന്നിലുണ്ടാകുമെന്നറിയുന്നു.

സര്‍ക്കാര്‍ തലത്തില്‍ പല പ്രാവശ്യം തീരുമാനങ്ങള്‍ എടുത്തുവെങ്കിലും  അവയെല്ലാം ഉദ്യോഗസ്ഥന്മാര്‍ അട്ടിമറിക്കുകയാണ്. നഗരത്തിലെ ഓട്ടോകള്‍ക്ക് പ്രത്യേക നിറം നല്‍കാന്‍ ആലോചിച്ചുവെങ്കിലും അവസാനഘട്ടത്തില്‍ നിലയ്ക്കുകയായിരുന്നു.  കാരണം സര്‍ക്കാര്‍ അങ്ങനെ ഒരു നിലപാട് സ്വീകരിച്ചാല്‍ അനധികൃതമായി ഓടുന്ന 80,000 ഓട്ടോകള്‍ നിലത്തിറക്കുവാന്‍ പറ്റാതെ വരുമെന്ന ഭയത്തിലാണ് അവ പ്രാവര്‍ത്തികമാക്കുവാന്‍ വിസമ്മതിക്കുന്നത്.  തലസ്ഥാനത്ത് ഓടുന്ന ഓട്ടോ ഡ്രൈവര്‍മാരെ മറ്റുള്ളവര്‍ വിരട്ടിയോടിക്കുന്നതായും പരാതിയുണ്ട്.  എന്നാല്‍ ഇവര്‍ പോലീസില്‍ പരാതി നല്‍കാന്‍ മടിക്കുകയാണ്.  കാരണൺ നിനച്ചിരിക്കാതെയുള്ള ആക്രമണമാണ് നടത്തുന്നത്.  ആക്രമണം നടത്തിയ ശേഷം ഗുണ്ടാ ആക്രമണമാണെന്ന് വരുത്തി തീര്‍ക്കുകയും, പോലീസ് അന്വേഷണം നിലയ്ക്കുകയും ചെയ്യും.  ഇങ്ങനെയാണ് നഗരത്തില്‍ രാത്രിയായാല്‍ സഞ്ചരിക്കുവാന്‍ യാത്രക്കാര്‍ മടിക്കുന്നത്.

രാത്രിയാത്രക്കാരുടെ സുരക്ഷിതത്വത്തിന് യാതൊരു നടപടിയും ഇല്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.   ഇതുമൂലം യാത്രക്കാര്‍ പല അത്യാവശ്യപ്രശ്നങ്ങളും മാറ്റിവയ്ക്കുകയാണ്.  മരണത്തിന് പോലും പങ്കെടുക്കുവാന്‍ പറ്റാത്ത അവസ്ഥയാണ്.  ഇതിനെതിരെ  സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ച് യാത്രക്കാരെ രക്ഷിക്കേണ്ടതാണ്.

Share.

About Author

Comments are closed.