ഒ.എന്‍.വി. കുറുപ്പിന്റെ 84-ാമത് പിറന്നാളാഘോഷവും സ്വരലയ കൈരളി ലജന്ററി പുരസ്കാരസമര്‍പ്പണവും പ്രൗഢഗംഭീരമായ ചടങ്ങോടുകൂടി കഴക്കൂട്ടം അല്‍സാജ് കണ്വന്ഷന് സെന്ററില്‍ നടന്നു. കവി മധുസൂദനന് നായരുടെ കാവ്യ അര്ച്ചനയോടുകൂടി നടന്ന ചടങ്ങില്‍ പിറന്നാള്‍ ആഘോഷത്തിന് തുടക്കമായി. ഒ.എന്‍.വി. കുറുപ്പ് കേക്ക് മുറിച്ച് വേദിയില്‍ ആദ്യമധുരം പ്രിയപത്നി സരോജനിക്കു നല്‍കിയതിന് ശേഷം ഗാനഗന്ധര്വ്വന് യേശുദാസ് പ്രിയകവിക്ക് ജനലക്ഷങ്ങള്‍ക്കു വേണ്ടി മധുരം ഒഎന്‍വി കുറുപ്പിനു നല്കി. അങ്ങയില്‍ നിന്നും ഇനിയും ഏറെ ഞങ്ങള്‍ക്കു തരണം എന്ന് അറിയിച്ചുകൊണ്ടാണ് യേശുദാസ് കവി ഒ.എന്‍.വി. കുറുപ്പിന്റെ കാലില്‍ വീണ് അനുഗ്രഹം വാങ്ങിയത്.
ഒ.എന്‍.വി. എഴുതിയ അഞ്ചു ഗാനങ്ങളിലെ ചില വരികള്‍ തന്റെ പ്രിയകവിക്ക് സ്വരലയ പൂജ നടത്തിക്കൊണ്ടാണ് യേശുദാസ് പാടിയത്. നിരവധി പ്രശസ്തര്‍ ഒ.എന്‍.വി.ക്ക് പിറന്നാള്‍ സമ്മാനം നല്കി. അതിനുശേഷം പ്രശസ്ത കവിക്ക് സ്വരലയ കൈരളി യേശുദാസ് ലെജന്ററി പുരസ്കാരം നല്കി ആദരിച്ചു. ഒരു ലക്ഷം രൂപയും പ്രശംസാ പത്രവും ആയിരുന്നു പുരസ്കാരം.നിരവധി കവികള്‍ നമുക്ക് ഉണ്ടെങ്കിലും ഒഎന്‍വി കുറുപ്പിന് അവരില്‍ നിന്നെല്ലാം വേര്‍തിരിച്ചു നിര്‍ത്തുന്നത് അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയാണെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
സ്പീക്കര്‍ എന്‍. ശക്തന് നിയമസഭയെ പ്രതിനിധീകരിച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. തന്റെ ഗുരുനാഥനാണ് ഒ.എന്‍.വി. കുറുപ്പെന്നും ആ ഭാഗ്യം തനിക്കു കിട്ടിയെന്നും ഗുരുനാഥനെ ആദരിക്കുവാന്‍ കഴിഞ്ഞ ഞാന്‍ മഹാഭാഗ്യവാനെന്നും പറഞ്ഞു. ഇന്നുവരെ കാണാത്ത ഒരു വന്‍ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു പുരസ്കാര സമര്‍പ്പണം. പ്രമുഖര്‍ക്ക് പോലും ഇരിക്കാന്‍ സീറ്റ് കിട്ടാതെ നില്‍ക്കുകയായിരുന്നു. കൂടാതെ മികച്ച ഗായകനുള്ള സ്വരലയ കൈരളി യേശുദാസ് ലെജന്ററി പുരസ്കാരം ഉണ്ണിമേനോനും, യേശുദാസിന്റെ കൈയില്‍ നിന്നും ഏറ്റുവാങ്ങി.
അവാര്‍ഡ് സ്വീകരിക്കുവാന്‍ ഉണ്ണിമേനോന് കുടുംബത്തോടുകൂടിയാണ് എത്തിയിരുന്നത്. മികച്ച ഗായികക്കുള്ള ദേശീയ അവാര്‍ഡു നേടിയ ഉത്തരാ ഉണ്ണികൃഷ്ണനെയും ആദരിച്ചു. ചടങ്ങില്‍ മേയര്‍ ചന്ദ്രിക, എം.എ. ബേബി, കോടിയേരി, മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ കെ. ജയകുമാര്‍, സംഗീത സംവിധായകന് ജയചന്ദ്രന്, റോസ് മേരി, കടകംപള്ളി സുരേന്ദ്രന്, എം.എ. നജീബ്, കൈരളി ടിവി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, ജി. രാജ്മോഹന്‍, കവി മധുസൂദനന് നായര്‍, പ്രഭാ യേശുദാസ് എന്നിങ്ങനെ പ്രമുഖര്‍ ഒ.എന്‍.വിക്ക പിറന്നാള്‍ ആശംസ നേര്‍ന്നു.
റിപ്പോര്‍ട്ട് – വീണശശി