സര്‍വ്വമത പ്രാര്‍ത്ഥന

0

പ്രകൃതിയുടെ വരദാനവും ഭാരതത്തിന്‍റെ അഭിമാനവുമായ വിഴിഞ്ഞം അന്താരാഷ്ട്ര വിവിധോദ്ദേഷ്യ ആഴക്കടല്‍ തുറമുഖ പദ്ധതിയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുവാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എല്ലാം മറന്ന് നാടിന്‍റെ നന്മയ്ക്കുവേണ്ടി  ഒരേ മനസ്സോടുകൂടി ആത്മാര്‍ത്ഥമായി പിന്തുണയ്ക്കണമെന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ സംരക്ഷണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു.
പ്രകൃതിദത്തമായി 24 മീറ്റര്‍ ആഴവും അന്താരാഷ്ട്ര കപ്പല്‍ച്ചാലില്‍ ഉറപ്പുള്ള പ്രതലവും ലോകത്തുവെച്ചു തന്നെ വിഴിഞ്ഞം തുറമുഖത്തിന് മാത്രം അവകാശപ്പെടാവുന്ന സവിശേഷവും ശ്രദ്ധേയവുമായ പ്രത്യേകതകളാണ്. ചൈന, സിംഗപ്പൂര്‍, അമേരിക്ക, ദുബായ് എന്നിവയാണ് ലോകത്തിലെ വന്‍കിട തുറമുഖരാജ്യങ്ങള്‍. ചെറുരാജ്യമായ സിംഗപ്പൂരിന്‍റെ പ്രധാനവരുമാനമാര്‍ഗ്ഗം തുറമുഖത്തില്‍ നിന്നുമാണ്. നിലവില്‍ ഭാരതത്തിന്‍റെ നല്ലൊരു ശതമാനം കയറ്റിറക്ക് നടത്തി വരുന്നത് 15 മീറ്റര്‍ മാത്രം ആഴമുള്ള കൊളംബൊ തുറമുഖത്തെ ആശ്രയിച്ചാണ്.പ്രസ്തുത തുറമുഖങ്ങള്‍ എല്ലാം തന്നെ കൃത്രിമമായി ആഴംകൂട്ടി നിര്‍മ്മിച്ചവയും കാലാകാലങ്ങളില്‍ ഡ്രെജിംഗ് ആവശ്യമായിട്ടുള്ളവയുമാണ്.  വിഴിഞ്ഞം തുറമുഖത്തിന്‍റെ സവിശേഷമായ പ്രത്യേകതകളും അനന്തസാധ്യതകളും, അതിലൂടെയുള്ള ഇന്ത്യയുടെ സാന്പത്തിക പുരോഗതിയും മുന്‍കൂട്ടി കണ്ടതിലാവണം ഇടത്തരം തുറമുഖമായ കൊളംബോയെ ഒരു വന്‍കിട തുറമുഖമായി വികസിപ്പിക്കുവാന്‍ ചൈനപോലുള്ള രാജ്യങ്ങള്‍ മുന്‍കൈയെടുത്ത് രംഗത്ത് വരുന്നത്.  ഇന്ത്യയിലെ വളരെ തന്ത്രപ്രധാനമായിട്ടുള്ള പ്രദേശമായതിനാലാണ് വിഴിഞ്ഞം പദ്ധതിയില്‍ സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ നേവിയും കോസ്റ്റ് ഗാര്‍ഡും രംഗത്തു വന്നതെന്ന വസ്തുത നാം മനസ്സിലാക്കണം. കൊളംബോ ടച്ച് ചെയ്യാതെയുള്ള വിഴിഞ്ഞം – സേതുസമുദ്രം വഴി കടന്നുപോകുന്ന ഒരു ഷിപ്പിംഗ് റൂട്ടാണ് ഇപ്പോള്‍ രൂപകല്‍പന ചെയ്തുകൊണ്ടിരിക്കുന്നത്. ഇതും വിഴിഞ്ഞം തുറമുഖത്തിന്‍റെ പ്രശക്തിയേറുകയാണ്. ഈ പദ്ധതി പൂര്‍ണ്ണ രൂപത്തിലെത്തുന്പോള്‍ ഭാരതത്തിന്‍റെ തന്നെ വന്‍സാന്പത്തിക മുന്നേറ്റത്തിന് തുടക്കം കുറിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
വിഴിഞ്ഞം തുറമുഖ പദ്ധതി ആരംഭം കുറിക്കുന്ന മുഹൂര്‍ത്തം ജനം പ്രതീക്ഷിക്കുന്നു.  വിഴിഞ്ഞം തുറമുഖ പദ്ധതിയെ ദീര്‍ഘവീക്ഷണത്തോടുകൂടി ദേശീയ പദ്ധതിയായി മാറ്റുന്നതിനും പദ്ധതി നടപ്പില്‍ വരുത്തുന്നതിനും കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരേ മനസ്സോടുകൂടി പ്രവര്‍ത്തിക്കണമെന്നും മറ്റെല്ലാം മറന്നുകൊണ്ട് ജന്മനാടിന്‍റെ നന്മയ്ക്കുവേണ്ടി വിഴിഞ്ഞം തുറമുഖ പദ്ധതിയെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സമിതിയുടെ 27-5-2015 ലെ കമ്മിറ്റി തീരുമാനപ്രകാരം ഈ മാസം 30-ാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളില്‍ സര്‍വ്വമത പ്രാര്‍ത്ഥന നടത്തുവാനും സമിതി തീരുമാനിച്ചു.

Share.

About Author

Comments are closed.