അരുവിക്കര നിയോജക മണ്ഡലത്തിൽ ജി. കാർത്തികേയന്റെ മകൻ ശബരീനാഥൻ യുഡിഎഫ് സ്ഥാനാർഥി.

0

അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജി കാര്‍ത്തികേയന്റെ മകന്‍ കെ എസ് ശബരീനാഥ്. ശബരീനാഥിനെ സ്ഥാനാര്‍ഥിയായി കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി. അരുവിക്കരയില്‍ ശബരിനാഥ് അനുയോജ്യനായ സ്ഥാനാര്‍ഥിയാണെന്ന് സുധീരന്‍ പറഞ്ഞു.
കാര്‍ത്തികേയന്റെ ഭാര്യ എം ടി സുലേഖയുടെയും ശബരിനാഥിന്റെയും പേരുകളാണ് ഹൈക്കമാന്‍ഡിനു മുന്നില്‍ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ സ്ഥാനാര്‍ഥിയാകാന്‍ താത്പര്യമില്ലെന്ന്‌ എം ടി സുലേഖ അറിയിച്ചതോടെയാണ് മകനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്.

കാര്‍ത്തികേയന്റെ കുടുംബത്തില്‍നിന്ന് ഒരാള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആഗ്രഹം. ഇതുസംബന്ധിച്ച് പാര്‍ട്ടി നേതൃത്വം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ശബരിനാഥിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. സ്ഥാനാര്‍ത്ഥിയാകുന്നതില്‍ എതിര്‍പ്പില്ലെന്ന് ശബരിനാഥനും കാര്‍ത്തികേയന്റെ കുടുംബവും പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു. ശബരിനാഥിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ശബരിനാഥിനെതിരെ കെഎസ്‌യു രംഗത്തുവന്നത് ഏറെ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്.
ശബരീനാഥിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു പ്രസിഡന്റ് വി എസ് ജോയ്  കത്ത് നല്‍കിയിരുന്നു. ശബരീനാഥന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുമെന്ന് വി എസ് ജോയ് പറഞ്ഞു. മുതിര്‍ന്ന നേതാക്കളും യുവനേതാക്കളുമടക്കം സമ്പന്നമായ നേതൃനിര കോണ്‍ഗ്രസിനുണ്ട്. കെപിസിസി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകണമെന്നും വി എസ് ജോയ് ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം ലയോള സ്‌കൂളിലായിരുന്നു ശബരീനാഥിന്റെ പ്രാഥമിക വിദ്യാഭ്യാസം. കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ നിന്ന് ബിരുദം. നിലവില്‍ മുംബൈ ടാറ്റാ കമ്പനിയില്‍ സീനിയര്‍ മാനേജരാണ്. എന്‍ജിനിയറിങ് പഠനകാലത്ത് സജീവ കെഎസ്‌യു പ്രവര്‍ത്തകനായിരുന്നു . എല്ലാവരുടെയും പിന്തുണയും സ്നേഹവും തനിക്ക് ലഭിക്കുമെന്ന് കെ.എസ്. ശബരീനാഥൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ജനങ്ങൾക്കായും മുന്നിട്ടിറങ്ങും അച്ഛൻ ചെയ്തുവച്ച നിരവധിക്കാര്യങ്ങളുണ്ട്. അത് പൂർത്തിയാക്കണമെങ്കിൽ ഒരു യുഡിഎഫ് എംഎൽഎ വന്നേ മതിയാകൂ. അത് ജി. കാർത്തികേയനോടും അരുവിക്കര മണ്ഡലത്തിനോടും ആത്മബന്ധമുള്ള ഒരാൾ വരണം. വികസനം, ജി.കാർത്തികേയന്റെ സ്വപ്നങ്ങൾ അരുവിക്കരയുടെ മനസിലൂടെ കൊണ്ടുപോകാൻ ഒരു മാധ്യമമാകാൻ സാധിച്ചാൽ സന്തുഷ്ടനായിരിക്കും.

Share.

About Author

Comments are closed.