ഓവര്‍സീസ് ഇന്ത്യന്‍ െഫസിലിറ്റേഷന് സെന്ററിന്റെ (ഒ.ഐ.എഫ്.സി.) ഗവേണിങ് കൗണ്‍സില്‍ അംഗമായി വ്യവസായിയും ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലിയെ കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു. രാജ്യത്ത് വിദേശ ഇന്ത്യക്കാരുടെ നിക്ഷേപം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഇത്.
വിദേശ ഇന്ത്യക്കാരുടെ സംരംഭകത്വത്തിന് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുക, വിവിധ സംസ്ഥാനങ്ങളിലെ നിക്ഷേപ സാഹചര്യങ്ങള്‍ പ്രചരിപ്പിക്കുക, വാണിജ്യ ബൗദ്ധിക തലങ്ങളില്‍ പ്രവാസി സമൂഹത്തെ മാതൃരാജ്യവുമായി കൂടുതല്‍ അടുപ്പിക്കുക എന്നതും 2007-ല്‍ രൂപവത്കൃതമായ ഒ.ഐ.എഫ്.സി.യുടെ പ്രധാന ലക്ഷ്യങ്ങളാണ്.
മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ്, കേരളം എന്നിവയടക്കം ഇന്ത്യയിലെ പതിനാല് സംസ്ഥാനങ്ങള്‍ ഒ.ഐ.എഫ്.സി.യുടെ പങ്കാളിത്ത സംസ്ഥാനങ്ങളാണ്. കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് ഗവേണിങ് കൗണ്‍സിലിന്റെ പ്രവര്‍ത്തനം.
കേന്ദ്രസര്‍ക്കാര്‍, പ്രവാസികാര്യ മന്ത്രാലയം, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ.), വിവിധ പങ്കാളിത്ത സംസ്ഥാനങ്ങള്‍, ഇന്ത്യന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ തുടങ്ങിയവയുടെ കുടക്കീഴിലാണ് ഒ.ഐ.എഫ്.സി. ആഗോളതലത്തില്‍ പ്രവാസി സമൂഹത്തിനായി പ്രവര്‍ത്തിക്കുന്നത്. രണ്ട് വര്‍ഷമാണ് ഗവേണിങ് കൗണ്‍സില്‍ അംഗങ്ങളുടെ കാലാവധി.