ഓണാട്ടുകരയിലെ പ്രമുഖ മാടന്പിമാരായിരുന്ന ഈരേഴുകരയിലെ കോട്ടൂര്‍ മണവത്ത് ചേന്പോലില് കണ്ഠന് ആദിചെമ്മന് ശേഖരന്, കാട്ടൂര്‍ കൊച്ചു കോമക്കുറുപ്പ്, പുതുപ്പുരയ്ക്കല്‍ മാളിയേക്കല്‍ ആനന്ദവല്ലീശ്വരന്മാര്, മേച്ചേരില്‍ കുലശേഖര പണിക്കര്‍, കൈതക്കരയിലെ മങ്ങാട്ടേത്ത് മാധു എന്നിവര്‍ ചേര്‍ന്ന് സമീപ പ്രദേശമായ കൊയ്പ്പള്ളി കാരായ്മയില്‍ ഉത്സവത്തിനെത്തിയപ്പോള്‍ അവിടുത്തെ നാട്ടുപ്രമാണിമാര്‍ അധിക്ഷേപിച്ചതിലുള്ള മനോവിഷമമാണ് ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ ഉത്ഭവത്തിന് കാരണമായ സംഭവമെന്ന് പറയുന്നു. ഓണാട്ടുകരയിലെ മാടന്പിമാര് കൊടുങ്ങല്ലൂരിലെത്തി കഠിനവ്രതത്തോടെ ദേവിയെ ഭജിച്ചതിനെ തുടര്‍ന്ന് ശ്രേഷ്ഠത്തി കുളങ്ങരയില്‍ (ചെട്ടികുളങ്ങര) ദേവീസാന്നിധ്യം ഉണ്ടാകുമെന്ന് നിദ്രയില്‍ ദേവി ദര്‍ശനം നല്‍കുകയും അവിടുത്തെ വെളിച്ചപ്പാട് തുള്ളി അനുഗ്രഹിച്ച് വാളും ചിലന്പും നല്‍കുകയും ചെയ്തു. ദിവസങ്ങള്‍ക്കു ശേഷം കരിപ്പുഴ തോടിന്റെ മറുകരയിലെത്തിയ തേജസ്വിനിയെ വഞ്ചിക്കാരന് ഇക്കരെ കടത്തിവിടുകയും രാത്രിയില്‍ അവര്‍ക്ക് പുതുശേരി വരെ കൂട്ടുവരികയും ചെയ്തു. അവിടെ ഒരു ആഞ്ഞിലിമരച്ചുവട്ടില്‍ വിശ്രമിച്ചവര്‍ അടുത്തുള്ള വീട്ടില്‍ നിന്ന് ദാഹജലം വാങ്ങി കുടിച്ചിരുന്നു. വിശ്രമിത്തിനിടെ മയങ്ങിപ്പോയ വഞ്ചിക്കാരന് ഉണര്‍ന്നപ്പോള്‍ സ്ത്രീയെ കാണാതായി അടുത്ത ദിവസം ശ്രേഷ്ഠക്കുളങ്ങരയിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ പുരമേച്ചില് നടക്കുന്പോള് മധ്യവയസ്കയായ ഒരു സ്ത്രീ അവിടെയെത്തുകയും ഉച്ചഭക്ഷണത്തിനായി കഞ്ഞി കുടിക്കുകയും മുതിരപ്പുഴുക്കും അസ്ത്രവും ഓലക്കാല് വച്ചുണ്ടാക്കിയ തടിയില്‍ ഇലയിട്ട് വിളന്പിക്കൊടുക്കുകയും ചെയ്തു. ഇന്നും ശിവരാത്രി നാള് മുതല്‍ ആരംഭിക്കുന്ന കെട്ടുകാഴ്ച ഒരുക്കി കൊടുക്കുന്നതിന് അനുബന്ധിച്ച് ദേവിക്ക് ആദ്യമായി നല്കിയ അന്നം കുതിരമുട്ടില് കഞ്ഞിയായി വിതരണം ചെയ്യുന്നു. ഭക്ഷണത്തിനു ശേഷം വടക്കുഭാഗത്തുള്ള കുളത്തിലിറങ്ങി മുഖം കഴുകി വടക്കോട്ടു നടന്ന സ്ത്രീയില്‍ നിന്ന് പ്രകാശം ജ്വലിച്ചുയര്‍ന്ന് അപ്രത്യക്ഷയായി. ഇത് കണ്ടുനിന്ന അന്തര്‍ജ്ജനം ബോധരഹിതയായി ദൈവജ്ഞന് നടത്തിയ പ്രശ്നചിന്തയില്‍ കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ സാന്നിധ്യമാണ് ഇവിടെ ഉണ്ടായതെന്ന് അറിഞ്ഞ ഓടനാട് രാജാവായിരുന്ന ഇരവി മാര്ത്താണ്ഡവര്മ്മന്റെ നിര്‍ദ്ദേശപ്രകാരം ക്ഷേത്രം നിര്‍മ്മിക്കുകയായിരുന്നു. കൊല്ലവര്‍ഷം 382 ല്‍ ചിങ്ങമാസത്തിലെ മകയിരം നക്ഷത്രത്തില്‍ ശങ്കരാചാര്യരുടെ ശിഷ്യന് പത്മനാഭാനാചാരിയുടെ സാന്നിധ്യത്തില്‍ താഴമണ്‍ തന്ത്രിമുഖ്യന്‍ കണ്ഠര് പരമേശ്വരര് ദിവാകരര് ഭഗവതിയെ കുടിയിരുത്തി പ്രതിഷ്ഠിക്കുകയും ചെയ്തു. ക്ഷേത്രത്തിന്റെ താന്ത്രിക അവകാശം പിന്നീട് താഴമണ്‍ മഠത്തില്‍ പ്ലാക്കുടി ഇല്ലത്തിലേക്ക് വിട്ടു നല്‍കുകയായിരുന്നു. ഇപ്പോള്‍ പ്ലാക്കുടി ഉണ്ണികൃഷ്ണന് നന്പൂതിരിയാണ് ക്ഷേത്രതന്ത്രി. ഇന്നും കരനാഥന്മാര് മീനമാസത്തിലെ അശ്വതിയെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ തീര്‍ത്ഥാടനവും നടത്തുന്നുണ്ട്.
കുത്തിയോട്ട ഐതിഹ്യം
കലിയുഗ ആരംഭത്തില്‍ ഭദ്രകാളിയെ ഭക്തനായ ഒരു രാജാവ് ദേവിയെ തപസ്സു ചെയ്ത് പ്രത്യക്ഷപ്പെടുത്തുകയും വരം ചോദിക്കുകയും ചെയ്തു. ദേശത്തെ ഒരു സല്പുത്രനെ വിലയ്ക്കു വാങ്ങി സ്വന്തം പുത്രനെപ്പോലെ വളര്‍ത്തി വേദശാസ്ത്രങ്ങള്‍ അഭ്യസിപ്പിച്ച് എട്ടു വയസ്സു തികയുന്പോള്‍ കോടി വസ്ത്രങ്ങളും ആഭരണങ്ങളും അണിയിച്ച് ബലി നല്കിയാല് ഇഷ്ടവരം നല്‍കാമെന്ന് ദേവി ്റിയിച്ചു. ദേവിഹിതമറിഞ്ഞ രാജാവ് കുത്തിയോട്ടം ചിട്ടപ്പെടുത്തിയെന്നാണ് ഐതിഹ്യം. കുംഭമാസത്തിലെ ശിവരാത്രി നാളില്‍ സന്ധ്യക്ക് ദീപാരാധനയോടെ ആരംഭിച്ച് ഭരണി ദിവസം രാവിലെ ഘോഷയാത്രയായി ക്ഷേത്രത്തിലെ ഭഗവതിക്ക് സമര്‍പ്പിക്കുന്നതോടെ കുത്തിയോട്ട വഴിപാട് പൂര്‍ണ്ണമാകുന്നു. സല്‍സന്താന ലബ്ധിക്കും ഐശ്വര്യ ലബ്ധിക്കുമാണ് കുത്തിയോട്ട വഴിപാടുകള്‍ നടത്തിവരുന്നത്.
ക്ഷേത്ര ഉല്പത്തിയോളം പഴക്കം ഉണ്ടെന്നു കണക്കാക്കപ്പെടുന്ന കുത്തിയോട്ട വഴിപാടിന്റെ തുടക്കം എഡി. പന്ത്രണ്ടാം നൂറ്റാണ്ടോടെയാണെന്ന് കരുതപ്പെടുന്നു. അനുഷ്ഠാന വിശേഷങ്ങളോടെയും കര്‍ശനമായ ചിട്ടകളോടെയും വളരെ വിപുലമായി നടക്കുന്ന ഒരു വഴിപാടാണ് കുത്തിയോട്ടം. വഴിപാടുകാരന്റെ വസതിയിലോ അയാള്‍ നിശ്ചയിക്കുന്ന ഭവനത്തിലോ പന്തലിട്ട് ദേവിയെ കുടിയിരുത്തി 7 ദിവസം പ്രത്യേക അനുഷ്ഠാനങ്ങളോടുകൂടി മാത്രമേ ഇവിടെ കുത്തിയോട്ട വഴിപാടുകള്‍ നടത്തുവാന്‍ പാടുള്ളൂ എന്നൊരു അലിഖിത ആചാരമുണ്ട്. കുത്തിയോട്ടം നേരുന്ന ഏതൊരു ഭക്തനും തന്റെ കൈവശമുള്ള പണത്തിന്റെ തോത് അനുസരിച്ച് വിതാനം കൂട്ടിയും കുറച്ചും ഈ വഴിപാടു നടത്താവുന്നതാണ്. ഇതിന് ഭക്തിയും വിശ്വാസവും വിന.യവും സമര്‍പ്പണവുമാണ് പ്രധാനം.