പ്രകൃതിചൂഷണവും മലിനീകരണവും ഒഴിവാക്കിയാകണം വ്യവസായ വളര്ച്ച: മന്ത്രി ആര്യാടന് മുഹമ്മദ്

0

പ്രകൃതിവിഭവങ്ങളുടെ ചൂഷണവും പരിസ്ഥിതി മലിനീകരണവും ഒഴിവാക്കിയാകണം വ്യവസായ വളര്‍ച്ച കൈവരിക്കേണ്ടതെന്ന് ഊര്‍ജ, മലിനീകരണ നിയന്ത്രണ വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്. മലിനീകരണത്തിന് പ്രതിവിധി വ്യവസായങ്ങള്‍ അടച്ചുപൂട്ടലല്ല. എന്നാല്‍ മലിനീകരണം തടയുന്നതിന് പലപ്രദമായ പ്രതിരോധമാര്‍ഗങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കേണ്ടത് അനിവാര്യമാണ്. ഈ ലക്ഷ്യത്തോടെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും മലിനീകരണ നിയന്ത്രണ അവാര്‍ഡുകളുടെ വിതരണവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ലോക ജനസംഖ്യയില്‍ പ്രതിവര്‍ഷമുണ്ടാകുന്ന വര്‍ധനയ്ക്കനുസരിച്ച് ഭൂമിയുടെ വിസ്തീര്‍ണത്തിലോ പ്രകൃതിവിഭവങ്ങളിലോ വര്‍ധനയുണ്ടാകുന്നില്ല. ഈ വിഭവങ്ങള്‍ വേണ്ടവിധത്തില്‍ ഉപയോഗിച്ചില്ലെങ്കില്‍ ഇന്നത്തെയും നാളത്തെയും തലമുറയ്ക്ക് ദുരന്തം നേരിടേണ്ടി വരും. പ്രകൃതിയ്ക്ക് ക്ഷതം വരുത്താതെ പ്രായോഗികമായി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞാല്‍ മനുഷ്യനും പ്രകൃതിയും എന്നും നിലനില്‍ക്കും. പെട്ടെന്നുള്ള ലാഭേഛ മുന്‍നിര്‍ത്തി പ്രകൃതിയെ തകര്‍ക്കുന്ന സമീപനം കൈവെടിയണമെന്നും ആര്യാടന്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു. കാര്‍ബണ്‍ വികിരണം മൂലമുള്ള ആഗോളതാപനത്തിന് വികസിത രാജ്യങ്ങളാണ് കൂടുതല്‍ ഉത്തരവാദികള്‍. ആഗോളതാപനം നിയന്ത്രിക്കാന്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സുകളില്‍ വികസ്വരരാജ്യങ്ങളെ നിരന്തരം ഓര്‍മപ്പെടുത്തുന്ന വികസിതരാജ്യങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്തം മറച്ചു പിടിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 44 നദികളുണ്ടെങ്കിലും ഇവയില്‍ നാല് ഇടത്തരം പുഴകളൊഴിച്ചാല്‍ ബാക്കിയുള്ളവ തോടുകളാണ്. കാവേരിയിലെയോ നര്‍മദയിലെയോ വെള്ളത്തിന് തുല്യം ഈ 44 നദികളും മൊത്തമായെടുത്താല്‍ പോലും കാണില്ല. ഈ ചെറുനദികള്‍ പോലും മണല്‍ വാരലും മലിനീകരണവും പോലും ഇല്ലാതാകുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യകരമായ ജീവിതത്തിന് ഉതകുന്ന മണ്ണ്, വായു, ജലം എന്നിവ ലഭിക്കേണ്ടത് പൗരന്റെ ജന്മാവകാശമാണെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത എക്‌സൈസ്, തുറമുഖ വകുപ്പ് മന്ത്രി കെ. ബാബു പറഞ്ഞു. ഇവ നിഷേധിക്കപ്പെടാന്‍ കാരണം പ്രകൃതിചൂഷണവും മലിനീകരണവുമാണ്. പരിസ്ഥിതി നിയമങ്ങളുടെ ഭയത്തില്‍ ജീവിക്കുന്നതിന് പകരം പരിസ്ഥിതി സംരക്ഷണം ജീവിതശൈലിയും സംസ്‌കാരവുമാക്കി മാറ്റണമെന്ന് മന്ത്രി പറഞ്ഞു. മെട്രോ നഗരമായ കൊച്ചിയില്‍ മലിനീകരണത്തിന്റെ തോത് കുറയ്ക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അടിയന്തിരമായി ഇടപെടണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഹൈബി ഈഡന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ദല്‍ഹിയിലേതിന് സമാനമായി ഓട്ടോറിക്ഷകളുടെ ഇന്ധനം സി.എന്‍.ജിയാക്കി മാറ്റി ഇതിന് തുടക്കം കുറിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രസിദ്ധീകരിച്ച പരിസ്ഥിതി വാര്‍ത്തയുടെ പ്രകാശനം ബെന്നി ബഹന്നാന്‍ എം.എല്‍.എ നിര്‍വഹിച്ചു. വായു ഗുണനിലവാര ഡയറക്ടറി, നേട്ടങ്ങളുടെ പഞ്ചവത്സരം, ഫാമുകളും പരിസ്ഥിതി സംരക്ഷണവും എന്നീ പ്രസിദ്ധീകരണങ്ങളും പ്രകാശിപ്പിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ, സജീവന്‍, കെ.കെ. ജിന്നാസ്, കെ.സി. അബു, മെമ്പര്‍ സെക്രട്ടറി മോളിക്കുട്ടി തുടങ്ങിയവരും സംസാരിച്ചു. മലിനീകരണ നിയന്ത്രണത്തിന് വിവിധ വിഭാഗങ്ങളില്‍ മികവ് കൈവരിച്ച സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ സമ്മാനിച്ചു. ബിപിസിഎല്‍ കൊച്ചി റിഫൈനറി, എടയാര്‍ സിഎംആര്‍എല്‍, കഞ്ചിക്കോട് യുണൈറ്റഡ് ബ്രുവറീസ്, കടയിരുപ്പ് പ്ലാന്റ് ലിപിഡ്‌സ്, തൃശൂര്‍ അവണിശ്ശേരി കേരള ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍, കോഴിക്കോട് ആനക്കുഴിക്കര മിനാര്‍ ഇസ്പാത് പ്രൈവറ്റ് ലിമിറ്റഡ്, തടിയൂര്‍ പനച്ചയില്‍ ഇന്‍ഡസ്ട്രീസ്, പാലക്കാട് ഡയറി, അരൂര്‍ എംഎംടിവി ആന്റ് മലയാള മനോരമ കമ്പനി, പാലക്കാട് അഹല്യ ഹെല്‍ത്ത് ഹെറിറ്റേജ് ആന്റ് നോളിജ് വില്ലേജ്, ആലപ്പുഴ വസുന്ധര സരോവര്‍ പ്രീമിയര്‍ ഹോട്ടല്‍, കുമരകം അബാദ് വിസ്പറിങ് പാംസ് റിസോര്‍ട്ട്, കുമളി ഗ്രാമപഞ്ചായത്ത്, ആലപ്പുഴ നഗരസഭ, കൊല്ലം പ്രാഥമികാരോഗ്യ കേന്ദ്രം, പുനലൂര്‍ താലൂക്ക് ആശുപത്രി, തൃശൂര്‍ വടക്കാഞ്ചേരി ജില്ലാ ആശുപത്രി, ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കോട്ടക്കല്‍ വൈദ്യരത്‌നം പി.എസ് വാര്യര്‍ ആയുര്‍വേദ കോളേജ് ആശുപത്രി, കോട്ടയം കാരിത്താസ് ആശുപത്രി, തിരുവനന്തപുരം പിആര്‍എസ് ആശുപത്രി, വളാഞ്ചേരി നിസാര്‍ ആശുപത്രി, മണ്ണാര്‍ക്കാട് ന്യൂ ആല്‍മ ആശുപത്രി എന്നിവയാണ് വിവിധ വിഭാഗങ്ങളില്‍ ഒന്നാമതെത്തിയത്.

Share.

About Author

Comments are closed.