ലോകത്തെ ഏറ്റവും വലിയ ആഡംബര കപ്പലുകളില്‍ ഒന്നായ ക്വാണ്ടം ഓഫ് ദ് സീസ് കൊച്ചിയില്‍ എത്തി. അത്യാഡംബരവും അത്യാധുനിക സാങ്കേതികവിദ്യകളും ഒന്നിക്കുന്ന പുതുമകളുടെ കടല്ക്കൊട്ടാരമാണു റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണലിന്റെ ക്വാണ്ടം ക്ലാസ് ക്രൂസ് ഷിപ്പുകളിലൊന്നായ ക്വാണ്ടം ഓഫ് ദ് സീസ്. ലോകത്തെ ആദ്യ ‘സ്മാര്‍ട് ഷിപ് എന്നു കൂടിയാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. എല്ലാം ഓട്ടോമാറ്റിക്ക് സംവിധാനങ്ങള്‍ ആണ് കപ്പലിലേത്.
ഒരു കോക്ടെയില്‍ നുകരണോ ? വിളിച്ചാല്‍ മതി, യന്ത്രക്കൈകളില്‍ ഡ്രിങ്കുമായി റോബട് വരും!
അള്‍ട്രാ ഫാസ്റ്റ് വൈഫൈയും വിര്‍ച്വല്‍ കാഴ്ചാനുഭവങ്ങളും സമ്മാനിക്കുന്ന കപ്പല്‍ ഏറ്റവും മുന്തിയ സാങ്കേതിക വിദ്യകളെ പ്രണയിക്കുന്നവര്‍ക്കു പോലും പുതുമകള്‍ സമ്മാനിക്കുമെന്നാണു റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണലിന്റെ സാക്ഷ്യം. സാഹസിക, വിനോദ പ്രണയികള്‍ക്കായി സ്കൈ ഡൈവിങ് സിമുലേറ്റര്‍, ഐസ് സ്കേറ്റിങ്, റോളര്‍ സ്കേറ്റിങ് സൗകര്യങ്ങളുണ്ട്. പാറക്കൂട്ടത്തിലൂടെ പിടിച്ചുകയറുന്ന അനുഭവമാണു റോക് ക്ലൈംബിങ് വാള് സമ്മാനിക്കുക. കൂടാതെ, ബാസ്കറ്റ്ബോള്‍ – വോളിബോള്‍ കോര്‍ട്ടുകളുമുണ്ട്. ത്രി ഡി മൂവി തിയറ്ററുകള്‍, അക്വാ തിയറ്റര്‍ ഷോകള്‍ എന്നിവയാണു മറ്റ് വിനോദക്കാഴ്ചകളൊരുക്കുക.റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ റിസ്റ്റ് ബാന്‍ഡുകള്‍ വഴി വിവരങ്ങള്‍ ലഭ്യമാക്കുന്ന ആര് – എഫ്ഐഡി സാങ്കേതിക വിദ്യയാണു മറ്റൊരു പുതുമ. കയ്യില്‍ കെട്ടിയ ബാന്‍ഡ് വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും സ്പാ സേവനം റിസര്‍വ് ചെയ്യാനുമൊക്കെ കഴിയും. കപ്പലിന്റെ മുകള്‍ ഡെക്കില്‍ കാപ്സ്യൂള്‍ രൂപത്തില്‍ ഒരു സ്ഫടിക നിര്‍മിതിയുണ്ട്. 300 അടി വരെ ഉയര്‍ത്താന്‍ കഴിയുന്ന ഈ കാപ്സ്യൂളിലിരുന്നാല് കടല്‍ – കരക്കാഴ്ചകള്‍ ആസ്വദിക്കാം ; ഉയരങ്ങളിലിരുന്ന്. കൊച്ചിയിലിറങ്ങിയ സഞ്ചാരികള്‍ ഇന്നലെ കുമരകവും കൊച്ചിയുടെ സമീപക്കാഴ്ചകളും ആസ്വദിച്ചു.
മൊത്തം 18 ഡെക്കുകളുള്ള കപ്പലിന് 347 മീറ്റര്‍ നീളമുണ്ട്. വിഖ്യാത ക്രൂസ് ഷിപ്പായ ക്യൂന്‍ മേരിയേക്കാള്‍ കൂടുതല്‍ നീളം. 2090 സ്റ്റേറ്റ് റൂമുകള്‍. 4180 യാത്രക്കാര്‍ക്കു പുറമേ, 1,600 ജീവനക്കാരെയും ഉള്‍ക്കൊള്ളാന്‍ കഴിയും, ഈ ഭീമന് ആഡംബര കപ്പലിന്. ദുബായ് ഉള്‍പ്പെടെയുള്ള തുറമുഖങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണു ക്വാണ്ടം ഓഫ് ദ് സീസ്
കൊച്ചിയിലെത്തിയത്..