മുല്ലപ്പെരിയാറില് പാരിസ്ഥിതികാഘാത പഠനം നടത്താന് അനുമതിയില്ലെന്ന് കേന്ദ്രസര്ക്കാര്

0

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനായി പാരിസ്ഥിതികാഘാത പഠനം നടത്താന്‍ കേരളത്തിന് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ മണിക്കൂറുകള്‍ക്കകം തിരുത്തി വാര്‍ത്താക്കുറിപ്പിറക്കി.തമിഴ്‌നാടിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് കേന്ദ്രം നിലപാടു മാറ്റിയത്. പരിസ്ഥിതികാഘാത പഠന പരിശോധനയ്ക്കാണ് അനുമതിയെന്നാണ് കേന്ദ്രം തിരുത്തിയത്. വനം പരിസ്ഥിതി മന്ത്രാലയം തിടുക്കത്തില്‍ ഇന്നലെ വൈകിട്ടുചേര്‍ന്ന യോഗത്തിലാണു കേരളത്തിന്റെ പ്രതീക്ഷകെടുത്തിയ തീരുമാനം ഉണ്ടായത്.കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ നടന്ന കേരള തമിഴ്‌നാട് പ്രതിനിധികളുടെ യോഗത്തിലാണു തമിഴ്‌നാടിന്റെ വാദങ്ങളെ തള്ളി പാരിസ്ഥിതാകാഘാത പഠനത്തിനു ആദ്യം തീരുമാനിച്ചത്. ഇതോടെ പുതിയ അണക്കെട്ടിനായുള്ള തുടര്‍നടപടികളുമായി കേരളത്തിനു മുന്നോട്ടു പോകാനുള്ള വഴി തെളിഞ്ഞിരുന്നു. ആറുമാസം കൊണ്ട് പഠനം പൂര്‍ത്തിയാക്കാനായിരുന്നു നിര്‍ദേശം. പുതിയ അണക്കെട്ടിനായി കേരളം നല്‍കിയ പദ്ധതി റിപ്പോര്‍ട്ടിനു തത്വത്തില്‍ അംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു.എന്നാല്‍, പിന്നീട് ചേര്‍ന്ന വനം പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതിയാഘാത പഠന പരിശോധനയ്ക്കാണ് അനുമതിയെന്നു തിരുത്തുകയായിരുന്നു. ഇതു മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ ആവശ്യത്തിനു കനത്ത തിരിച്ചടിയായി.പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന അണക്കെട്ടിന്റെ പരിസ്ഥിതി ആഘാത പഠനം നടത്താന്‍ നേരത്തെ ദേശീയ വന്യജീവി ബോര്‍ഡ് കേരളത്തിന് അനുമതി നല്‍കിയിരുന്നു. പുതിയ അണക്കെട്ടിനായുള്ള പരിസ്ഥിതി ആഘാത പഠനം നടത്താന്‍ സെക്കന്തരാബാദ് ആസ്ഥാനമായ പ്രകൃതി കണ്‍സള്‍ട്ടന്‍സിയെ കേരളം ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. പരിസ്ഥിതി ആഘാത പഠനം നടത്താന്‍ ദേശീയ വന്യജീവി ബോര്‍ഡിന്റെ അനുമതിയും ലഭിച്ചിരുന്നു. നിലവിലെ അണക്കെട്ട് സുരക്ഷിതമല്ലെന്നു ചൂണ്ടിക്കാട്ടിയാണുകേരളം പുതിയ അണക്കെട്ടിനായി അപേക്ഷ നല്‍കിയത്. എന്നാല്‍ വന്യജീവി ബോര്‍ഡിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ പുതിയ അണക്കെട്ടിന്റെ നിര്‍മാണത്തില്‍നിന്നു കേരളത്തെ വിലക്കണമെന്നാണ് തമിഴ്‌നാട് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. തമിഴ്‌നാടിന്റെ കൂടി അനുമതിയില്ലാതെ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ അനുവദിക്കരുതെന്ന് കഴിഞ്ഞ വര്‍ഷം മേയ് ഏഴിന്റെ വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതായും തമിഴ്‌നാട് അവകാശപ്പെട്ടു. ഇന്നലെ നടന്ന യോഗത്തില്‍ തമിഴ്‌നാട് പ്രതിനിധിയായി പങ്കെടുത്ത ജി. മഹാനുഭാവന്‍ കോടതി പരാമര്‍ശം ചൂണ്ടിക്കാണിച്ചാണു കേരളത്തിന്റെ വാദത്തെ എതിര്‍ത്തത്കേരളത്തിന് പുതിയ അണക്കെട്ടിനായി പഠനം നടത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തെഴുതിയിരുന്നു. മാത്രമല്ല, ഈ ആവശ്യമുന്നയിച്ച് സുപ്രിംകോടതിയില്‍ ഹര്‍ജിയും നല്‍കി. ഇത് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചിരിക്കുകയാണ്. പഠനത്തിനായി കേരളം ചുമതലപ്പെടുത്തിയ പ്രകൃതി കണ്‍സള്‍ട്ടന്‍സി ഇതുമായി ബന്ധപ്പെട്ട ടേംസ് ആന്‍ഡ് റഫറന്‍സ് നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡിനും സംസ്ഥാന വനംവന്യജീവി വകുപ്പിനും കൈമാറിയിരുന്നു. തുടര്‍ന്നു വകുപ്പിന്റെ സാങ്കേതിക അനുമതിയും ലഭിച്ചിരുന്നു.

Share.

About Author

Comments are closed.