മെല്‍ബണ്‍: കിവികളുടെ പ്രാര്‍ത്ഥന ഇത്തവണയും ഫലം കണ്ടില്ല. ലോകകപ്പ് ഫൈനലില്‍ ഏഴ് വിക്കറ്റിന് ന്യൂസിലന്‍ഡിനെ തകര്‍ത്ത് കംഗാരുക്കള്‍ ലോകകിരീടം ചൂടി. ഇത് അഞ്ചാം തവണയാണ് ഓസ്ട്രേലിയ ലോകചാമ്പ്യന്മാരാകുന്നത്. തുടര്‍ച്ചയായി മൂന്ന് തവണ നേടിയ ശേഷം കഴിഞ്ഞ വര്‍ഷം കൈവിട്ട ലോകകിരീടം കംഗാരുക്കള്‍ ഇത്തവണ തിരിച്ചുപിടിച്ചു.
കിവികളെ 183 റണ്‍സിന് ചുരുട്ടിക്കെട്ടിയ ഓസ്ട്രേലിയെ ഫൈനലില്‍ കാത്തിരുന്നത് അനായാസ ജയമാണ്. അര്‍ധസെഞ്ച്വറി നേിടയ ക്യാപ്റ്റന്‍ ക്ലാര്‍ക്കും (74) സ്റ്റീവന്‍ സ്മിത്തുമാണ് (56) ഓസീസിന്റെ ജയം എളുപ്പമാക്കിയത്. 40 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറും ഓസീസിനായി മികച്ച പ്രകടനം പുറത്തെടുത്തു.
തുടക്കത്തിലേ ആരോണ്‍ ഫിഞ്ചിനെ (0) നഷ്ടമായെങ്കിലും ഡേവിഡ് വാര്‍ണറും സ്റ്റീവന്‍ സ്മിത്തും ചേര്‍ന്ന് അവരെ ആദ്യ ഓവറുകളിലെ സമ്മര്‍ദ്ദത്തില്‍ നിന്ന് കരകയറ്റി. രണ്ടാം വിക്കറ്റില്‍ വാര്‍ണര്‍-സ്മിത്ത സഖ്യം 61 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
വാര്‍ണര്‍ പുറത്തായ ശേഷം എത്തിയ ക്ലാര്‍ക്ക് തന്റെ അവസാന ഇന്നിങ്സില്‍ അസാമാന്യ പ്രകടനമാണ് പുറത്തെടുത്തത്. കിവീസ് ബൗളര്‍മാരെ ആത്മവിശ്വാസത്തോടെ നേരിട്ട ക്ലാര്‍ക്ക് 72 പന്തില്‍ പത്ത് ബൗണ്ടറിയും ഒരു സിക്സറുമടക്കമാണ് 74 റണ്‍സെടുത്തത്. ക്ലാര്‍ക്കിന് മികച്ച പിന്തുണ നല്കിയ സ്മിത്ത് തന്റെ ഇന്നിങ്സില്‍ നേടിയത് വിജയ റണ്‍ കുറിച്ച ബൗണ്ടറി ഉള്‍പ്പെടെ മൂന്ന് ഫോറുകള്‍ മാത്രം. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 112 റണ്‍സെടുത്തു.