പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടെ ജില്ലയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഉടന്‍ സജ്ജീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമിന് നല്കുന്ന തുക വര്‍ധിപ്പിക്കണമെന്നും ലംസംഗ്രാന്റ് ഈ മാസം തന്നെ വിതരണംചെയ്യണമെന്നും ജനപ്രതിനിധികള്‍ യോഗത്തില്‍ നിര്‍ദേശിച്ചു. വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമിന് നല്കുന്ന 400 രൂപ അപര്യാപ്തമാണെന്നും ഇത് വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും സി ദിവാകരന് എം എല്‍ എയാണ് ആവശ്യപ്പെട്ടത്. പട്ടികവിഭാഗ വിദ്യാര്‍ഥികള്‍ക്കുള്ള ലംസംഗ്രാന്റ് ഈ മാസം തന്നെ വിതരണം ചെയ്യണമെന്ന് കോവൂര്‍ കുഞ്ഞുമോന് എം എല്‍ എ നിര്‍ദേശിച്ചു. പാഠപുസ്തകങ്ങളുടെ വിതരണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ ഇതുവരെ ഒന്‍പത് ലക്ഷം പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് ജില്ലാ കലക്ടറുടെ ചുമതല വഹിക്കുന്ന എ ഡി എം വി.ആര്.വിനോദ് അറിയിച്ചു. 16 ലക്ഷം പുസ്തകങ്ങളാണ് ആകെ ആവശ്യമുള്ളത്. അച്ചടി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇതിന്റെ വിതരണം നടത്തും. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്ത കണ്ടെത്തുന്നതിന് സ്കൂളുകളില്‍ പരിശോധന നടത്തുമെന്നും എ ഡി എം പറഞ്ഞു. കിഴക്കന്‍മേഖലയില്‍ വന്യജീവികളുടെ ആക്രമണം വര്‍ധിക്കുകയാണെന്നും ഇത് തടയാന്‍ വനംവകുപ്പിലെ ഉന്നതതല ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അടിയന്തര യോഗം വിളിക്കണമെന്നും കെ രാജു എം എല്‍ എ നിര്‍ദേശിച്ചു. പാവുമ്പ പാലത്തിന്റെ നിര്‍മാണം വേഗത്തിലാക്കണമെന്നും 27 ലക്ഷം രൂപ അനുവദിച്ച കരുനാഗപ്പള്ളി സിവില്സ്റ്റേഷന് നവീകരണം മുടങ്ങിക്കിടക്കുകയാണെന്നും ഇത് എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും സി ദിവാകരന് എം എല്‍ എ ആവശ്യപ്പെട്ടു. നാല്‍പ്പത് വര്‍ഷത്തോളമായി നടക്കുന്ന കൊല്ലം – കടപുഴ കെ എസ് ആര് ടി സി ബസ് സര്‍വീസ് പുനരാരംഭിക്കണം. പടനായര്‍കുളങ്ങര-ശാസ്താംകോട്ട റോഡ്, ശൂരനാട് – താമരക്കുളം റോഡ് എന്നിവയുടെ നിര്‍മാണം എത്രയും പെട്ടെന്ന് തുടങ്ങണമെന്നും കോവുര്‍ കുഞ്ഞുമോന് എംഎല് എ നിര്‍ദേശിച്ചു.ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ രാജേന്ദ്രന്, ഡെപ്യൂട്ടി കളക്ടമാരായ വര്‍ഗീസ് പണിക്കര്‍, ആര് പി മഹാദേവകുമാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ട സൗകര്യങ്ങള്‍ സമയബന്ധിതമായി ഒരുക്കണം-ജില്ലാ വികസന സമിതി
0
Share.