മെട്രോ കുതിപ്പിന് ഇനി 366 ദിവസം

0

kochi metro_new

കേരളത്തിന്റെ ആദ്യ മെട്രോ റെയില്‍ യാഥാര്‍ത്ഥ്യമാകാന്‍ ഇനി ഒരു വര്‍ഷത്തെ കാത്തിരിപ്പ് മാത്രം. ഏറെ പ്രതീക്ഷകളോടെ സംസ്ഥാനം കാത്തിരിക്കുന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ തുടങ്ങിയിട്ട് രണ്ടു വര്‍ഷം പിന്നിട്ടു. മൂന്നു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് ഡി.എം.ആര്‍.സിയുടെ ഉറപ്പ്. ഇനി ശേഷിക്കുന്നത് 366 ദിവസം. നിശ്ചിതസമയത്തിനു മുമ്പേ പദ്ധതി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് ഡി.എം.ആര്‍.സി സ്ഥാപിച്ച റിവേഴ്‌സ് ക്ലോക്കില്‍ 300 ദിവസമേ ബാക്കിയുള്ളൂ. 2013 ജൂണ്‍ ഏഴിനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തത്. 2015 ഡിസംബര്‍ 31നകം ആലുവയില്‍ നിന്ന് കലൂരിലേക്കും 2016 മാര്‍ച്ച് 31നകം അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ പേട്ട വരെയും ട്രെയിന്‍ ഓടിക്കുമെന്നാണ് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ ഉറപ്പ്. 5181 കോടി രൂപയുടെ പദ്ധതി ആലുവ മുതല്‍ പേട്ട വരെയാണ് ആദ്യ ഘട്ട നിര്‍മാണം പൂര്‍ത്തിയാക്കുക. രണ്ടാം ഘട്ടത്തില്‍ കാക്കനാട് വരെ നീട്ടാനുള്ള തീരുമാനത്തിന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ മാസം അംഗീകാരം നല്‍കിയിരുന്നു. കലൂര്‍ സ്‌റ്റേഡിയം മുതല്‍ കാക്കനാട് വരെ 11.2 കിലോമീറ്റര്‍ ദൂരത്തില്‍ 2016.46 കോടിയുടെ പദ്ധതിയാണിത്. സര്‍ക്കാറിന്റെ സമയബന്ധിതമായ ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ സഹായകരമായി. സ്ഥലമെടുപ്പ്, തൊഴിലാളിക്ഷാമം, ക്വാറിസമരം പോലെയുള്ള പ്രശ്‌നങ്ങള്‍ മെട്രോ നിര്‍മാണത്തെ ബാധിച്ചെങ്കിലും ഡി.എം.ആര്‍.സിയുടെ കലണ്ടര്‍ പ്രകാരം നാലു റീച്ചുകളിലായാണ് മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

Share.

About Author

Comments are closed.