മോട്ടോര് വാഹന വകുപ്പ് 316.64 സമാഹരിച്ചു, സുരക്ഷാ പദ്ധതി നടപ്പാക്കി

0

മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ നാലുവര്‍ഷകാലയളവില്‍ നികുതിയിനത്തിലും നികുതിയേതര ഇനത്തിലുമായി ജില്ലയില്‍ നിന്ന് 316.64 കോടി രൂപ സമാഹരിച്ചു. ശബരിമല തീര്‍ത്ഥാടകര്‍ക്ക് അപകട രഹിത ഗതാഗതം ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായി സെയ്ഫ് സോണ്‍ പദ്ധതി നടപ്പാക്കി. പദ്ധതിയുടെ ഭാഗമായി നവംമ്പര്‍ മാസം 65 ദിവസം നീണ്ട ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. പത്തനംതിട്ട- പമ്പ, എരുമേലി-പമ്പ, എരുമേലി- പൊന്‍കുന്നം,എരുമേലി- മുണ്ടക്കയം, കോട്ടയം- കുമളി റൂട്ടുകളിലാണ് പ്രധാനമായും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തീര്‍ത്ഥാടകരുടെ അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനായി ഇലവുങ്കല്‍, എരുമേലി, മുണ്ടക്കയം എന്നിവടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നു. വാഹന നിര്‍മ്മാതാക്കളുടെ അംഗീകൃത സര്‍വ്വീസ് ദാതാക്കളുമായി സഹകരിച്ച് ബ്രേക്ക് ഡൗണ്‍ റിപ്പയറിംഗ് സര്‍വ്വീസ് ലഭ്യമാക്കി. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 10,000ത്തോളം ബ്രേക്ക് ഡൗണ്‍ സര്‍വ്വീസുകള്‍ കൈകാര്യം ചെയ്തു.ആംബുലന്‍സ് /ക്രെയിന്‍ യൂണിറ്റുകളുടെ സേവനവും ഉപയോഗപ്പെടുത്തി. തീര്‍ത്ഥാടന പാതകളിലെ കൊടുവളവുകളില്‍ ഇരുവശത്തു നിന്നുള്ള വാഹനങ്ങള്‍ കാണുന്നതിന് വേണ്ടി 6 കോണ്‍വെക്സ് മിററുകളും സര്‍വൈലന്‍സ് ക്യാമറകളും സ്ഥാപിച്ചു. തീര്‍ത്ഥാടകര്‍ക്ക് വേണ്ടി തത്വമസി എന്ന മൊബൈല്‍ ആപ്ളിക്കേഷന്‍ നടപ്പിലാക്കി. റോഡ് സുരക്ഷാ ദശവത്സര പദ്ധതിയുടെ ഭാഗമായി 6600 ത്തോളം ഡ്രൈവര്‍മാര്‍ക്ക് പരിശീലന പരിപാടികളും സൗജന്യ നേത്ര ചികിത്സാ ക്യാമ്പുകളും മികച്ച ഗതാഗത സംസ്കാരം വളര്‍ത്തിയെടുക്കുന്നതിന്‍റെ ഭാഗമായി ബോധവല്‍ക്കരണ ക്ളാസുകളും നടത്തി. അപേക്ഷകര്‍ക്ക് അരമണിക്കൂര്‍ കൊണ്ട് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഫാസ്റ്റ് ട്രാക്ക് കൗണ്ടര്‍ വഴി 12,000 ത്തോളം അപേക്ഷകള്‍ തീര്‍പ്പാക്കി. വകുപ്പിന്‍റെ 19 സേവനങ്ങള്‍ ഇ- പേയ്മെന്‍റിലൂടെ ആക്കിയത് നടപടി ക്രമങ്ങളുടെ ആക്കം കൂട്ടി. വാഹന പരിശോധന ഊര്‍ജ്ജിതമാക്കുന്നതിന്‍റെ ഭാഗമായി എന്‍ഫോഴ്സ്മെന്‍റ് സ്വാക്ഡുകള്‍ രൂപീകരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ വാഹനാപകടങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കുവാന്‍ കഴിഞ്ഞു.

Share.

About Author

Comments are closed.