വധൂ വര•ാര് ആസ്തികള് വെളിപ്പെടുത്തണം: നിയമനിര്മാണം അനിവാര്യം: വനിതാ കമ്മീഷന്

0

വിവാഹ സമയത്ത് വധുവും വരനും പരസ്പരം കൊടുത്തതും വാങ്ങുന്നതുമായ എല്ലാ ആസ്തികളും സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് നിര്‍ബന്ധമാക്കി നിയമ നിര്‍മാണം അനിവാര്യമാണെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബിനാ റഷീദ് അഭിപ്രായപ്പെട്ടു. മലപ്പുറത്ത് നടന്ന കമ്മീഷന്‍ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു കമ്മീഷന്‍ അംഗം. സ്ത്രീധനവുമായി ബന്ധപ്പെട്ട ധാരാളം കേസുകള്‍ അദാലത്തില്‍ പരിഗണനയ്ക്ക് വരുന്നുണ്ടെങ്കിലും കൊടുത്തതിന് വ്യക്തമായ തെളിവുകളില്ലാത്തിനാല്‍ കമ്മീഷന്റെ ഇടപെടലുകള്‍ പോലും ഫലപ്രദമാകാത്ത അവസ്ഥ വരുന്നുണ്ട്. പൊതുപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സ്വത്ത് വിവരം വെളിപ്പെടുത്തുന്നത് നിര്‍ബന്ധമാക്കിയത് പോലെ ഇക്കാര്യത്തിലും നിയമനിര്‍മാണം അനിവാര്യമാണ്. വിവാഹമോചിതയാവാന്‍ നിര്‍ബന്ധിതയാവുന്ന സ്ത്രീക്ക് സ്ത്രീധന തുകയും മറ്റ് സാധനങ്ങളും തിരിച്ച് ലഭിക്കാത്തത് രേഖകളില്ലാത്തതിനാലാണെന്ന് കമ്മീഷന്‍ പറഞ്ഞു. സമാനമായ ഒരു കേസ് പരിഗണിച്ചത് സംബന്ധിച്ച് പരാമര്‍ശം നടത്തുകയായിരുന്നു കമ്മീഷന്‍ അംഗം. സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൂടാതെ സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും അദാലത്തില്‍ കൂടുതലായി ലഭിക്കുന്നുണ്ട്. അയല്‍ക്കാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ വര്‍ധിച്ച് വരുകയാണെന്ന് കമ്മീഷന്‍ അംഗം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ 49 കേസുകളില്‍ ഇരുകക്ഷികളുടെയും അഭിപ്രായങ്ങള്‍ കേട്ട് പരാതി തീര്‍പ്പാക്കി. മൂന്ന് പരാതികള്‍ കമ്മീഷന്റെ ഫുള്‍ ബഞ്ചിന്റെ പരിഗണനയ്ക്കായി മാറ്റിവെച്ചു. ഈ കേസുകള്‍ തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ പരിഗണിക്കും. വിവിധ വകുപ്പുകളില്‍ നിന്നും കൂടുതല്‍ റിപ്പോര്‍ട്ട് ലഭിക്കേണ്ടതിനാല്‍ നാല് കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. ബന്ധപ്പെട്ട കക്ഷികള്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് 21 കേസുകള്‍ മാറ്റിവെച്ചു. വിവാഹധൂര്‍ത്തിനെതിരെ വനിതാ കമ്മീഷന്‍ വധുവിന് 10 പവനില്‍ കൂടുതല്‍ കൊടുക്കരുതെന്ന് ശുപാര്‍ശ വിവാഹത്തിന് വധുവിന് സമ്മാനമായി 10 പവനില്‍ കൂടുതല്‍ കൊടുക്കരുതെന്ന സംസ്ഥാന വനിതാ കമ്മീഷന്റെ ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണ്. സമ്മാനങ്ങള്‍, വാഹനം, സ്വര്‍ണം, ഓഡിറ്റോറിയം, വിരുന്ന് സത്ക്കാരം, മറ്റ് അലങ്കാരങ്ങള്‍, വിവാഹ കത്ത് എന്നിവയില്‍ അനാവശ്യ ധൂര്‍ത്ത് ഒഴിവാക്കുന്നതിന് നിയമ നിര്‍മാണത്തിന് ശുപാര്‍ശ ചെയ്ത് 2013 ജനുവരിയിലാണ് കമ്മീഷന്‍ സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് നല്‍കിയതെന്ന് കമ്മീഷന്‍ അംഗം പറഞ്ഞു.

Share.

About Author

Comments are closed.