നവാഗതയായ പ്രീതിപണിക്കര് രചന നാരായണന്‍കുട്ടിയെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് തിലോത്തമ. ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് ആണ് ചിത്രം നിര്‍മിക്കുന്നത്. ക്ലബ്ബ് ഡാന്‍സറായ ‘റോസി’ യാദൃശ്ചികമായി ഒരു കൊലപാത കത്തിന്റെ ദൃക്സാക്ഷിയാകുന്നു.
കൊലപാതകികള്‍ അതോടെ റോസിയുടെ പിന്നാലെ കൂടുന്നു. തുടര്‍ന്ന് റോസി നടത്തുന്ന പലായനമാണ് തിലോത്തമയുടെ ഇതിവൃത്തം. വിവിധ സ്ഥലങ്ങളിലെത്തുന്ന റോസി, അവിടെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ നര്‍മത്തില്‍ ചാലിച്ചാണ് പ്രീതിപണിക്കര് ഒരുക്കുന്നത്. ‘രചനാ നാരായണന്‍കുട്ടി’യാണ് റോസിയെ അവതരിപ്പിക്കുന്നത്. രചനയുടെ അഭിനയ ജീവിതത്തിലെ വേറിട്ട കഥാപാത്രമായിരിക്കും റോസി. തിലോത്തമയുടെ പ്രോജക്ട് ഡിസൈനര്‍ പ്രശസ്ത അഭിനേത്രി ജിജാ സുരേന്ദ്രനാണ്. ഒപ്പം ഒരു സുപ്രധാന കഥാപാത്രത്തെയും ജിജ ചിത്രത്തില്‍ അവതരിപ്പിക്കുന്നു.
എന്റെ ആദ്യ സംവിധാന സംരംഭം, ഗോകുലം മൂവിസിന്റെ ബാനറിലായതില് ഞാന്‍ അതിയായി സന്തോഷിക്കുന്നു. പ്രശസ്ത അഭിനേത്രി ജിജാ സുരേന്ദ്രന് വഴിയാണ് ഗോകുലം ഗോപാലന് സാറിനെ കാണുന്നതും പ്രോജക്ടിനെക്കുറിച്ച് സംസാരിക്കുന്നതും. കോമഡി പശ്ചാത്തലത്തില്‍ പുതുമയുള്ളൊരു കഥയായതുകൊണ്ട് സാറിന് ഇഷ്ടമായി. കടുത്ത ഗുരുവായൂരപ്പഭക്തയായ എന്നോട്, ഈ പ്രോജക്ട് നമുക്ക് ചെയ്യാമെന്ന് സാര്‍ പറഞ്ഞത്, ഗുരുവായൂര്‍ വെച്ചായത് ഈശ്വര നിയോഗമായി ഞാന്‍ കരുതുന്നു”,
സംവിധായിക പ്രീതി പണിക്കരുടെ വാക്കുകളില്‍ നിറഞ്ഞ ആഹ്ലാദം.രചനാ നാരായണന്‍കുട്ടിയെ കൂടാതെ സിദ്ദിഖ്, മനോജ് കെ ജയന്, നന്ദു, ഇടവേള ബാബു, കലാഭവന്‍ ഷാജോണ്‍, അനൂപ് ചന്ദ്രന്, ബേസില്‍, അഖില്‍, തിരുമല രാമചന്ദ്രന്, ഷംസ് മണക്കാട്, ഫിറോസ്, സജിന്‍, ജിജാ സുരേന്ദ്രന്, സോനാ നായര്‍, വീണാ നായര്‍, തെസ്നിഖാന്, സജിതാമഠത്തില്‍, ദേവി ചന്ദന, സുരഭി, ലീലാപണിക്കര്‍, സേതുലക്ഷ്മി, മണക്കാട് ലീല, ഉമാനായര്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.
ഗാനരചന എംആര്‍ ജയഗീത, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്, സംഗീതം ദീപക്ദേവ്, എഡിറ്റിംഗ് സിയാന് ശ്രീകാന്ത്, കല ഉണ്ണി കുറ്റിപ്പുറം, വിതരണം ഗോകുലം മൂവിസ്. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയായ ‘തിലോത്തമ’ ഉടന്‍ പ്രദര്‍ശത്തിനെത്തും