നാലാം ക്ലാസ് വിജയിക്കാത്തവര്‍ക്ക് വേണ്ടി സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ അനൗപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ നടത്തിയ അക്ഷരോത്സവത്തില്‍ (അതുല്യം പരീക്ഷ) 5455 പേര് ജില്ലയില്‍ നിന്ന് പങ്കാളികളായി. അക്ഷരോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം അരുവാപ്പുലത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആര്.ഹരിദാസ് ഇടത്തിട്ട നിര്‍വഹിച്ചു. പരീക്ഷ എഴുതിയ 5455 പേരില്‍ 3585 പേര് സ്ത്രീകളും 1870 പേര് പുരുഷന്മാരുമാണ്. ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ 54 ഗ്രാമ പഞ്ചായത്തുകളിലെയും എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലെയും മൂന്ന് മുനിസിപ്പാലിറ്റികളിലെയും സാക്ഷരതാ മിഷന് പ്രേരക്മാരാണ് 165 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയ്ക്ക് നേതൃത്വം നല്‍കിയത്. 70 പഠിതാക്കളെ പരീക്ഷയ്ക്കിരുത്തിയ കടമ്പനാട് പഞ്ചായത്തിലെ മലങ്കാവ് അംബേദ്കര്‍ കോളനി തുടര്‍ വിദ്യാഭ്യാസ കേന്ദ്രമാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പഠിതാക്കളെ പങ്കെടുപ്പിച്ചത്. ഇലന്തൂരില്‍ നിന്നുള്ള 80 വയസുകാരിയായ പൊടിപ്പെണ്ണാണ് പ്രായം കൂടിയ പഠിതാവ്. ജില്ലയിലെ നഗര/ഗ്രാമ/ബ്ലോക്ക് പഞ്ചായത്ത്തല അധ്യക്ഷന്മാര്, ജില്ലാ പഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, സംസ്ഥാന സാക്ഷരതാ മിഷന് ഡയറക്ടര്‍ എം.സുജയ്, സാക്ഷരതാ മിഷന് പ്രതിനിധികള്‍, സാക്ഷരതാ സമിതി അംഗങ്ങള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പരീക്ഷാ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. ഉത്തരകടലാസുകളുടെ മൂല്യനിര്‍ണയം മുനിസിപ്പല്‍/ബ്ലോക്ക്തലത്തില്‍ ഇന്നും (ജൂണ്‍ 10) നാളെയും നടത്തും. ജൂണ്‍ 19 ന് ജില്ലയില്‍ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടിയതിന്റെ പ്രഖ്യാപനം നടത്തുമെന്ന് സാക്ഷരതാ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടോജോ ജേക്കബ് അറിയിച്ചു.
അക്ഷരോത്സവം : 5455 പേര് പങ്കാളികളായി
0
Share.