രാജ്യത്തെ ആദ്യ ഉദ്യമമായി അംഗപരിമിത സെന്സസിന് ജില്ലയില് തുടക്കം

0

അംഗപരിമിതരായ മുഴുവന്‍ ആളുകളുടെയും വിവരശേഖരണം ലക്ഷ്യമിടുന്ന അംഗപരിമിത സെന്‍സസിന്‌ രാജ്യത്ത്‌ ആദ്യമായി ജില്ലയില്‍ തുടക്കമായി. മുട്ടില്‍ പഞ്ചായത്തിലെ എടപ്പെട്ടി നെല്ലിശ്ശേരി മിനിയുടെ വിവരങ്ങള്‍ ശേഖരിച്ചു കൊണ്ട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്‍.കെ. റഷീദ്‌ ഉദ്‌ഘാടനം ചെയ്‌തു. സാമൂഹ്യ നീതി വകുപ്പും ആരോഗ്യ വകുപ്പും പഞ്ചായത്ത്‌ വകുപ്പും സംയുക്തമായി നടത്തുന്ന സെന്‍സസില്‍ ചലനവൈകല്യം, കാഴ്‌ച-കേള്‍വി വൈകല്യം, ബഹു വൈകല്യം, പഠന-സംസാര-ഭാഷാ വൈകല്യം, ബുദ്ധിമാന്ദ്യം, മാനസികരോഗം, ഓട്ടിസം, കുഷ്‌ഠരോഗം, ഹീമോഫീലിയ, തലാസീമിയ, അരിവാള്‍രോഗം, സെറിബ്രല്‍ പാള്‍സി, അപസ്‌മാരം, കൂന്‍ തുടങ്ങി 15 ഇന വൈകല്യങ്ങളാണ്‌ കണ്ടെത്തുക. രണ്ട്‌ ഘട്ടങ്ങളിലായി നടത്തുന്ന സെന്‍സസിന്റെ ആദ്യഘട്ടത്തില്‍ അംഗണ്‍വാടി വര്‍ക്കര്‍മാരും രണ്ടാം ഘട്ടത്തില്‍ ആരോഗ്യ വകുപ്പിലെ ജെഎച്ച്‌ഐ/ജെപിഎച്ച്‌എന്‍മാരും വിവര ശേഖരണം നടത്തും. വാര്‍ഡ്‌ തലത്തില്‍ രോഗികളുടെ എണ്ണവും വിവരവും ലഭ്യമാകുന്നതോടെ അംഗപരിമിതരുടെ ഉന്നമനത്തിന്‌ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ കഴിയും. ഉദ്‌ഘാടന ചടങ്ങില്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ വി.കെ രത്‌നസിംങ്‌, മോളി ജോര്‍ജ്ജ്‌, ഡീന ഭരതന്‍, ലൗലി മാത്യൂസ്‌, അനൂപ്‌ കെ., ശാന്തകുമാരി, രമ എം. നായര്‍, റൈമണ്‍ ടി.ഒ, ലുഖ്‌മാനുല്‍ ഹക്കീം, എ.വി. ജോര്‍ജ്ജ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share.

About Author

Comments are closed.