തിരുവനന്തപുരം – കിഴക്കേകോട്ട ബസ് സ്റ്റാന്റില്‍ ദുര്‍ഗ്ഗന്ധം വമിക്കുകയും, യാത്രക്കാര്‍ക്ക് ബസ് കാത്തുനില്ക്കാന് പറ്റാത്ത അവസ്ഥ സംജാതമായിരിക്കകയുമാണ്. ഇതിനെതിരെ സര്‍ക്കാര്‍ യാതൊരു നടപടികളും സ്വീകരിക്കുന്നില്ല.
പൊട്ടിപ്പൊളിഞ്ഞ ഓടകളുടെ മുകളിലാണ് യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്നത്. ചോര്‍ന്നൊലിക്കുന്ന ഷീറ്റുകള്‍ക്കടിയില്‍ കുടയും ചൂടിയാണ് സ്ത്രീ പുരുഷന്മാര് ബസ്സുകള്‍ കാത്തുനില്‍ക്കുന്നത്. പൊളിഞ്ഞു കിടക്കുന്ന ഓടകളില്‍ നിന്നും ദുര്‍ഗന്ധം ശ്വസിക്കുന്ന കുട്ടികളും വിദ്യാര്‍ത്ഥികളും ബസ്സില്‍ കയറാന്‍ നെട്ടോട്ടം ഓടുകയാണ്. എല്‍.കെ.ജിയിലേക്ക് അദ്ധ്യയനത്തിന് കൊണ്ടുപോകുന്ന കുട്ടികളെ ഒക്കത്തേറ്റി അമ്മമാര്‍ ഈ മാലിന്യങ്ങളുടെ നടുവിലൂടെയാണ് ബസ്സുകളില്‍ ഇടം പിട്ക്കുവാന് ഓടുന്പൊള് കാലൊന്ന് തെറ്റിയാല്‍ മതി അപകടം തൊട്ടടുത്തുണ്ട്. ഈ സമയത്ത് അതൊന്നും ശ്രദ്ധിക്കാതെ കുട്ടികളെ ബസില്‍ കയറ്റുന്ന തിരക്കിലാണ്. അതേസമയം ശക്തമായ മഴ പെയ്താല്‍ ബസ് സ്റ്റാന്റില്‍ നീന്തിക്കയറേണ്ടിവരുമെന്നാണ് യാത്രക്കാര്‍ പറയുന്നത്. വെള്ളം കയറിക്കഴിഞ്ഞാല്‍ കിഴക്കേ കോട്ട ബസ്റ്റാന്റിന്റെ മുകള്‍വശം മാത്രം അവശേഷിക്കും. മഴ മാനത്ത് കണ്ടാല്‍ മതി ഡിപ്പോയിലെ ഉദ്യോഗസ്ഥര്‍ സ്ഥലം വിടുകയാണ് പതിവ് കാഴ്ച. അതിനാല്‍ ബസ് സര്‍വ്വീസുകളും താറുമാറാവുകയാണ്. പിന്നീടുള്ള യാത്ര മാലിന്യവും പേറി നഗരപ്രദക്ഷിണൺ നടക്കുകയാണ്. അതോടെ നഗരത്തിലെ വൈദ്യുതിയും നഷ്ടപ്പെടുകയാണ്. വെള്ളപ്പൊക്കം രൂക്ഷമാകുന്നതോടെ ബസ്സോട്ടവും നിലയ്ക്കും. തുടര്‍ന്ന് യാത്രക്കാര്‍ അനാഥരായി നഗരത്തിന്റെ ഏതെങ്കിലും മൂലയില്‍ കുടിയേറും. മഴയില്‍ കുളിച്ച കിഴക്കേ കോട്ട ബസ് സ്റ്റാന്റ് ഒറ്റപ്പെടുകയും ചെയ്യും. ഈ സ്ഥിതി തുടങ്ങിയിച്ച് വര്‍ഷങ്ങളോളം പഴക്കമുണ്ടെന്നാണ് നഗരത്തിലെത്തുന്നവര്‍ കണക്കു കൂട്ടുന്നത്. എന്നിട്ടും അധികൃതര്‍ ഈ സംഭവത്തെ ഗൗരവമായി കാണുന്നില്ലെന്ന ആക്ഷേപവും ശക്തമാവുകയാണ്.
കിഴക്കേ കോട്ട ബസ് സ്റ്റാന്റിനെ രക്ഷിക്കുവാന്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടികളും അധികാരത്തില്‍ എത്തുന്പോള്‍ ഒരു പ്രോജക്ടിന് രൂപം നല്‍കുകയും ചെയ്യുന്നതാണ് പതിവ്. മന്ത്രിമാരും നേതാക്കളും എത്തി സ്ഥലം സന്ദര്‍ശിക്കുകയും മാധ്യമങ്ങളില്‍ സ്ഥാനം നേടിയശേഷം തിരിച്ചു പോകുകയുമാണ്. അതിനുശേഷം മന്ത്രിസഭാ യോഗം ചേര്‍ന്ന് ഒരു കലിങ്ങ് അനുവദിക്കുകയും ചെയ്യും. ഉടന്‍ തന്നെ പണി തകൃതിയായി നടത്തുകയും, പണി പൂര്‍ത്തിയാകും മുന്‍പ് ഉദ്ഘാടനവും നടത്തും. പക്ഷേ അടുത്ത മഴയ്ക്കും ബസ് സ്റ്റാന്റും പരിസരവും വെള്ളത്തില്‍ മുങ്ങുകയും ചെയ്യും. ഇതാണ് കിഴക്കേ കോട്ടയില്‍ സംഭവിക്കുന്നത്.
കേരളത്തില്‍ പുതിയ ചീഫ് സെക്രട്ടറി ചാര്‍ജ്ജെടുത്തപ്പോള്‍ അദ്ദേഹം ആദ്യം ഉന്നം വച്ചത് കിഴക്കേ കോട്ട ബസ് സ്റ്റാന്റും പരിസരപ്രദേശങ്ങളുമാണ്. സ്റ്റാന്റിനടുത്തായി കയ്യേറിയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയാല്‍ അവിടെ അധികസ്ഥലം ലഭ്യമാവുകയും ബസ് സ്റ്റാന്റ് നവീകരിച്ച് സുന്ദരമാക്കുവാനുള്ള ശ്രമത്തിലാണ്. അപ്പോഴാണ് കയ്യേറ്റ ഭൂമി തല്ക്കാലം മാറ്റേണ്ടതില്ലെന്ന് മുകളില്‍ നിന്നുള്ള അറിയിപ്പ് വന്നത്. അതോടെ ആ ഉദ്യമവും അവസാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബസ് സ്റ്റാന്റ് ഏതു രീതിയില്‍ നവീകരിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. എന്നാല്‍ കോര്പ്പറേഷന് മുന്നിട്ടിറങ്ങിയാലും നവീകരണ പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകാവുന്നതാണ്. കോര്പ്പറേഷന് ഇത്രയും ഭീമമായ തുക അനുവദിക്കുന്നതിനുള്ള സാന്പത്തിക ശേഷി ഇല്ലെന്നാണറിയുന്നത്. ഇതുമൂലം കിഴക്കേകോട്ട ബസ് സ്റ്റാന്റിലെ ദുര്‍ഗന്ധവും വെള്ളപ്പൊക്കവും ഒരു തുടര്‍ക്കഥയായി തുടരുമെന്നാണ് നഗരവാസികള്‍ പറയുന്നത്. അല്ലാത്തപക്ഷം സര്‍ക്കാര്‍ ശക്തമായ നിലപാടെടുക്കണമെന്നും നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുകയാണ്.