മനസ്സ് എന്നത് ഒരു സങ്കല്പവും തലച്ചോറ് എന്നത് യാഥാര്‍ത്ഥ്യവുമാകുന്നു

0

എന്താണ് മനസ്സ് എവിടെയാണ് മനസ്സ്

മനസ്സ് എന്നത് ഒരു പ്രഹേളികയാണ്.  കാരണം ഇല്ലാത്ത ഒന്നിനെ കണ്ടെത്തുകയെന്നത് അസാദ്ധ്യമാണ്. ഹൃദയം, കരള്‍, തലച്ചോറ് മുതലായവ അവയവങ്ങള്‍ കണക്കെ മനസ്സിനെ എടുത്തു കാട്ടുവാനോ വരച്ചു കാട്ടുവാനോ സാദ്ധ്യമല്ല.  എന്നാല്‍ അവയുടെ പ്രവര്‍ത്തനം അനുഭവപ്പെടുന്നുമുണ്ട്.  മനസ്സിന്‍റെ സ്ഥാനം എവിടെയാണെന്ന് പറയാന്‍ അസാധ്യമാണ്.  കാരണം പ്രയാസങ്ങള്‍ അനുഭവപ്പെടുന്പോള്‍ നമുക്ക് നെഞ്ചില്‍ ഭാരം അനുഭവപ്പെടുന്നു.  അപ്പോള്‍ നെഞ്ചിലാണോ മനസ്സിന്‍റെ സ്ഥാനം.  അല്ല.  എന്തെന്നാല്‍ ആശയങ്ങള്‍ ഉടലെടുക്കുന്നത് തലച്ചോറില്‍ നിന്നാണ്.  അപ്പോള്‍ തലച്ചോറിലാണൊ മനസ്സിന്‍റെ സ്ഥാനം.  അല്ല.  ഇങ്ങനെ നോക്കുന്പോള്‍ മനസ്സ് എന്നത് ഒരു സങ്കല്പം മാത്രമാകുന്നു.  നാഡികളുടെ ഒരു സമാഹാരമാണ് തലച്ചോറ്.  എന്നാല്‍ വികാരം (Emotion), ശ്രദ്ധ (Attention), ഓര്‍മ്മ (Memory), ബുദ്ധി (Inteligence) ഇവയെല്ലാം മനസ്സിന്‍റെ പ്രവര്‍ത്തനങ്ങളാണ്.

മനശാസ്ത്രമെന്നാല്‍ എന്താണ്.

വാക്കിന്‍റെ ഉത്ഭവം – Psyche – soul, mind (ആത്മാവ് മനസ്സ്) logos – study, science psyche എന്നത് ആത്മാവ് അഥവാ മനസ്സെന്നും  logos എന്നത് പഠനം എന്നും അര്‍ത്ഥമുള്ള രണ്ട് ഗ്രീക്ക് പദങ്ങളില്‍ നിന്നാണ് മനശാസ്ത്രം അഥവാ(psychology) എന്ന പദം രൂപംകൊണ്ടിരിക്കുന്നത്. വളരെ പണ്ടുകാലങ്ങളില്‍ ഇതിനെ ആത്മാവിന്‍റെ പഠനം എന്നാണ് അറിയപ്പെട്ടിരുന്നത്.  കാരണം മനസ്സിനെ ആത്മാവായിട്ടാണ് പണ്ടുള്ളവര്‍ ധരിച്ചിരുന്നത്. ആയതുകൊണ്ട് മനസിനെ ആത്മാവില്‍ നിന്നും വേര്‍തിരിക്കാന്‍ സാധിച്ചിരുന്നില്ല. പണ്ടു മുതല്‍ക്കേ തന്നെ തത്വശാസ്ത്രത്തിന്‍റെ (ഫിലോസഫി) ഭാഗമായിരുന്നു മനശാസ്ത്രം. അതായത് ആധുനിക ശാസ്ത്രങ്ങളുടെ ജനയിതാവ് തത്വശാസ്ത്രമാണ്.  അതിന് ഒരു ഉദാഹരണമാണ് ഗവേഷണ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ബിരുദമാണ് Ph.D (Doctor of Philosophy).
മനസിനെക്കുറിച്ചും മാനസിക പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഉള്ള പഠനമാണ് മനശാസ്ത്രം എന്നുള്ള സങ്കല്പം പോലും ഇന്നു മാറ്റപ്പെട്ടിരിക്കുന്നത്.  ആധുനിക സങ്കല്പമനുസരിച്ച് മനശാസ്ത്രം എന്നാല്‍ വ്യവാഹരത്തേയും, വ്യവഹാര രൂപവല്‍ക്കരണത്തേയും പറ്റിയുള്ള പഠനം എന്നായിരിക്കുന്നു.

മനശാസ്ത്രപഠനത്തിന്‍റെ പ്രാധാന്യം

മനശാസ്ത്ര പഠനം പ്രായോഗികജീവിതത്തില്‍ വളരെയേറെ പ്രയോജനപ്പെടുന്നു.  വിദ്യാഭ്യാസം, തൊഴില്‍, വ്യാപാരം, വിനോദം തുടങ്ങി ജീവിതത്തിലെ എല്ലാ തുറകളിലും വിജയിക്കുന്നതിന് മനശാസ്ത്ര അറിവ് ഉപകാരപ്പെടുന്നു.  കുറ്റവും കുറ്റഴാളികളേയും മനശാസ്ത്രപരമായി വിലയിരുത്തപ്പെടുന്നു.  സാമൂഹിക-ലൈംഗിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഉത്തമ പൗരന്മാരെ സൃഷ്ടിക്കുന്നതിനും മനശാസ്ത്ര പഠനം ഉപകരിക്കപ്പെടുന്നു

– വീണ

Share.

About Author

Comments are closed.