സംസ്ഥാനത്തെ അഞ്ച് നദികളില് മണല്ഖനനം നിരോധിച്ചു

0

damforest Kabani_River

സംസ്ഥാനത്തെ 11 നദികളിലെ മണല്‍ ഖനനം സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവായി. ഇതുപ്രകാരം തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍, വാമനപുരം നദികള്‍ കൊല്ലം ജില്ലയിലെ കല്ലടയാര്‍ , കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിപ്പുഴ, വയനാട് ജില്ലയിലെ കബനി നദി എന്നിവിടങ്ങളില്‍ അടുത്ത മൂന്ന് വര്‍ഷത്തേയ്ക്ക് മണല്‍ ഖനനം നിരോധിച്ചു. വിവിധ ഏജന്‍സികള്‍ നടത്തിയ മണല്‍ ഓഡിറ്റിംഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. മലപ്പുറം, കോഴിക്കോട് ജില്ലകളുടെ പരിധിയില്‍വരുന്ന ചാലിയാര്‍, പത്തനംതിട്ട ജില്ലയിലെ പമ്പാനദി, കോഴിക്കോട് ജില്ലയിലെ കടലുണ്ടിപ്പുഴ, കൊല്ലം ജില്ലയിലെ ഇത്തിക്കരയാര്‍, എറണാകുളം ജില്ലയിലെ പെരിയാര്‍ എന്നിവിടങ്ങളില്‍ നിശ്ചിത തോതില്‍ മണല്‍ ഖനനം അനുവദിച്ചിട്ടുണ്ട്. നദികളില്‍ ഘട്ടംഘട്ടമായി മാത്രമേ ഖനനത്തിന് അനുവാദം നല്‍കുകയുള്ളു.

Neyyar_panorama

ഖനനം ചെയ്യാവുന്ന മണലിന്റെ അളവ് തുടര്‍ന്നുള്ള മണല്‍ ഓഡിറ്റിംഗിന്റെ അടിസ്ഥാനത്തില്‍ പുതുക്കും. ഉത്തരവ് പിഴവില്ലാതെ നടപ്പാക്കുന്നതിന്റെ ഉത്തരവാദിത്വം അതത് ജില്ലാ കളക്ടര്‍മാര്‍ക്കായിരിക്കും. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നും അനധികൃത മണല്‍ ഖനനമോ പാരിസ്ഥിതികനാശമോ സംഭവിക്കുന്നില്ലെന്നും ഉറപ്പുവരുത്താനുള്ള നടപടികള്‍ കളക്ടര്‍ കൈക്കൊള്ളണം. ഈ വിഷയത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് യഥാസമയം ജില്ലാ കളക്ടര്‍മാര്‍ സര്‍ക്കാരിന് നല്‍കണം. ഖനനം ചെയ്യാവുന്ന മണലിന്റെ അളവ് ഉള്‍പ്പെടെ വിശദമായ വിവരങ്ങളോടെ ഉത്തരവ് പി.ആര്‍.ഡി വെബ്‌സൈറ്റില്‍ ലഭ്യമാണ്. (www.prd.kerala.gov.in)

Share.

About Author

Comments are closed.