പെരിയാറില് മണല് ഓഡിറ്റ് പൂര്ത്തിയായി, ഖനനത്തിന് അനുമതി പ്രതിവര്ഷം ഖനനം ചെയ്യാവുന്നത് 61949 ഘനമീറ്റര്

0

പെരിയാര്‍ നദിയിലെ മണല്‍ ഓഡിറ്റ് പൂര്‍ത്തിയായി. റിവര്‍ മാനേജ്‌മെന്റ് സെല്ലിന്റെയും നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിന്റെയും മേല്‍നോട്ടത്തില്‍ സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്റ് എന്‍വയണ്‍മെന്റല്‍ സ്റ്റഡീസാണ് ഓഡിറ്റ് പൂര്‍ത്തീകരിച്ചത്. പെരിയാറില്‍ നിന്നും പ്രതിവര്‍ഷം വാരാവുന്നത് 61949 ഘനമീറ്റര്‍ മണലാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പെരിയാറില്‍ നിന്നും അടുത്ത മൂന്ന് വര്‍ഷത്തേക്ക് മണല്‍ ഖനനം അനുവദിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പെരിയാര്‍ തീരത്തെ വിവിധ പഞ്ചായത്തുകളിലെ കടവുകളില്‍ നിന്നും പ്രതിവര്‍ഷം ഖനനം ചെയ്യാവുന്ന മണലിന്റെ അളവും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കടവുകളുണ്ടെങ്കിലും മണല്‍ ലഭ്യമല്ലാത്തതിനാല്‍ ഏതാനും പഞ്ചായത്തുകള്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഒഴിവാക്കപ്പെട്ടു. പഞ്ചായത്ത്, മണലിന്റെ അളവ് ഘനമീറ്ററില്‍ എന്നിവ ചുവടെ കവളങ്ങാട് 242, കൂവപ്പടി 4057, ഒക്കല്‍ 9480, പെരുമ്പാവൂര്‍ നഗരസഭ 422, വാഴക്കുളം 96, കീഴ്മാട് 18314, അടിമാലി 242, നീലേശ്വരം 784, കാലടി 1567, കാഞ്ഞൂര്‍ 8431. കവളങ്ങാട്, കൂവപ്പടി, ഒക്കല്‍, പെരുമ്പാവൂര്‍, വാഴക്കുളം, കീഴ്മാട് എന്നിവിടങ്ങളില്‍ ഇടതുകരയും മറ്റ് സ്ഥലങ്ങളില്‍ വലതുകരയുമാണ് ഓഡിറ്റിങിന് വിധേയമാക്കിയിരിക്കുന്നത്. കീരമ്പാറ, പിണ്ടിമന, വേങ്ങൂര്‍, ആലുവ നഗരസഭ, കുട്ടമ്പുഴ, ശ്രീമൂലനഗരം, ചെങ്ങമനാട് എന്നിവിടങ്ങളില്‍ മണല്‍ ലഭ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. മണല്‍ ഖനനം ഘട്ടം ഘട്ടമായി മാത്രമേ നടത്താവൂ എന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് അംഗീകരിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ന്നുള്ള ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഖനനം ചെയ്യാവുന്ന മണലിന്റെ അളവ് പുതുക്കി നിശ്ചയിക്കും. ഉത്തരവ് നടപ്പാക്കേണ്ട ചുമതല ജില്ലാ കളക്ടര്‍ക്കാണ്. അനധികൃത മണല്‍ വാരലിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനും കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരിയാറിന് പുറമെ കബനി, വാമനപുരം, നെയ്യാര്‍, ഇത്തിക്കര, പമ്പ, കല്ലട, ചാലിയാര്‍, കടലുണ്ടി, ചന്ദ്രഗിരി, കുറ്റിയാടി പുഴകളുടെയും മണല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭ്യമായിട്ടുണ്ട്.

Share.

About Author

Comments are closed.