ഓടായിക്കല് റെഗുലേറ്റര് കം ബ്രിജ്: മാര്ച്ചിനകം കമ്മീഷന് ചെയ്യും 2000 ഹെക്ടറില് ജലസേചനം സാധ്യമാവും

0

മമ്പാട് പഞ്ചായത്തിലെ ഓടായിക്കലില്‍ ചാലിയാര്‍ പുഴക്ക് കുറുകെ നബാര്‍ഡ് ഗ്രാമീണ അടിസ്ഥാന വികസന ഫണ്ട് (ആര്‍.ഐ.ഡി.എഫ്)ലുള്‍പ്പെടുത്തി നിര്‍മിച്ച ഓടായിക്കല്‍ റെഗുലേറ്റര്‍ കം ബ്രിജ് നിര്‍മാണം 60 ശതമാനം പൂര്‍ത്തിയായതായി ചെറുകിട ജലസേചന വിഭാഗം എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു. 2000 ഹെക്ടറോളം പ്രദേശത്ത് ജലസേചന സൗകര്യം ഒരുക്കാന്‍ ഇതോടെ സാധിക്കും. ഓടായിക്കലിനെയും മമ്പാടിനെയും ബന്ധിപ്പിച്ച് പാലത്തിന്റെ പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ട്. മാര്‍ച്ചിനകം കമ്മീഷന്‍ ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂക്കോട്ടുമണ്ണ റെഗുലേറ്റര്‍ കം ബ്രിജ് ചുങ്കത്തറ പഞ്ചായത്തിലെ പൂക്കോട്ടുമണ്ണയിലെ ചാലിയാറിന് കുറുകെ നിര്‍മിക്കുന്ന പൂക്കോട്ടുമണ്ണ റെഗുലേറ്റര്‍ കം ബ്രിജിന്റെ 40 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തിയായി. 2100 ഹെക്ടര്‍ പ്രദേശത്ത് ജലസേചനം നടത്താന്‍ ഉപകരിക്കുന്നതാണ് പദ്ധതി. ഇവയ്ക്ക് പുറമെ നാല് ചെക്ക് ഡാമുകളുടെയും രണ്ട് റെഗുലേറ്റര്‍ കം ബ്രിജുകളുടെയും നാല് വി.സി.ബി. കളുടെയും നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഭാരതപ്പുഴ, കടലുണ്ടിപ്പുഴ, ചാലിയാര്‍ നദീതടപ്രദേശങ്ങളിലായി 2011 മുതല്‍ 44 ചെക്ക് ഡാമുകളുടെ നിര്‍മാണത്തിന് അനുമതി ലഭിച്ചതില്‍ ഏഴ് എണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. ബാക്കിയുള്ളവ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. മലബാര്‍ ഇറിഗേഷന്‍ പാക്കെജ്: ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ആവിഷ്‌കരിച്ച ‘മലബാര്‍ ഇറിഗേഷന്‍ പാക്കേജ്-ലുള്‍പ്പെടുത്തി ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. പ്രവൃത്തികള്‍ പൂര്‍ണമാവുന്നതോടെ ജില്ലയിലെ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാവുമെന്ന് ചെറുകിട ജലസേചന വിഭാഗം എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു. ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളിലെ കനാലുകളുടെ നവീകരണ പദ്ധതികള്‍ പൂര്‍ത്തിയായി. പൈപ്പ് സ്ഥാപിക്കല്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികളും മോട്ടോര്‍ സ്ഥാപിക്കുന്ന പ്രവൃത്തികളും ഇലക്ട്രിഫിക്കേഷന്‍ പ്രവൃത്തികളും അന്തിമഘട്ടത്തിലാണ്. ചെറുകിട ജലസേചന വിഭാഗത്തിന് കീഴില്‍ നിലവില്‍ പ്രവര്‍ത്തിച്ച് വരുന്ന 48 ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളില്‍ നിന്നുള്ള വെള്ളമാണ് ജില്ലയിലെ നെല്‍കൃഷിക്ക് പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. ജില്ലയിലെ കാര്‍ഷിക വികസനത്തിനും ജലസംരക്ഷണത്തിനും ഉതകുന്ന വിവിധ പദ്ധതികള്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി നടപ്പാക്കിയിട്ടുണ്ട്. ‘ഒരു പഞ്ചായത്തില്‍ ഒരു കുളം പുനരുദ്ധാരണം’ പദ്ധതിയിലൂടെ 11 കുളങ്ങളും ആര്‍.ആര്‍.ആര്‍ പദ്ധതി, 13-ാം ധനകാര്യ കമ്മീഷന്‍ പദ്ധതി എന്നിവയിലുള്‍പ്പെടുത്തി 64 കുളങ്ങളാണ് നവീകരിച്ചിട്ടുള്ളത്. ജലം സംഭരിച്ച് നിര്‍ത്താനും ലിഫ്റ്റ് ചെയ്ത് സമീപ പ്രദേശത്തെ കൃഷിയിടങ്ങളില്‍ ജലസേചനം നടത്താനും കുളങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചു. ഒരു പഞ്ചായത്തില്‍ ഒരു കുളം പുനരുദ്ധാരണ പദ്ധതിയില്‍ അനുമതി ലഭിക്കാന്‍ അവശേഷിക്കുന്ന പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും ഓരോ കുളങ്ങള്‍ വീതം പുനരുദ്ധരിക്കുന്നതിന് സര്‍ക്കാരിലേക്ക് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന് അനുമതി ലഭിച്ചാല്‍ മലപ്പുറം ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും ഓരോ കുളങ്ങള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കാന്‍ സാധിക്കും.

Share.

About Author

Comments are closed.