മന്ത്രിസഭാ വാര്ഷികം: ജൂണ് 15 മുതല് വിവിധ പരിപാടികള്

0

സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് ജൂണ്‍ 15 മുതല്‍ 24 വരെയായി എട്ട് പരിപാടികളാണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ജൂണ്‍ 15 ന് രാവിലെ 10.30 ന് സര്‍ക്കാരിന്റെ വികസന-ക്ഷേമ പദ്ധതികളുടെ പ്രചാരണത്തിനായി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സിവില്‍ സ്റ്റേഷനില്‍ സ്ഥാപിച്ച ‘വിഡിയോ വോള്‍’ ഉദ്ഘാടനം പട്ടികജാതി-പിന്നാക്കക്ഷേമ ടൂറിസം വകുപ്പ് മന്ത്രി. എ.പി. അനില്‍കുമാര്‍ നിര്‍വഹിക്കും. തുടര്‍ന്ന് രാവിലെ 10.45 ന് സുതാര്യ കേരളം ജില്ലാതല അദാലത്ത് സിവില്‍ സ്റ്റേഷന്‍ ബി- മൂന്ന് ബ്ലോക്കിലെ ഐ.ടി@സ്‌കൂള്‍ ഹാളില്‍ നടക്കും. സുതാര്യകേരളം സെല്ലുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന വി.പി. റുഖിയ അഷ്‌റഫ്, കെ.ജെ തോമസ്(പരിവാര്‍) എന്നിവര്‍ക്ക് മന്ത്രി എ.പി അനില്‍കുമാര്‍ മെമന്റോ കൈമാറും. 16 ന് രാവിലെ 10 ന് മലപ്പുറം കുന്നുമ്മല്‍ നഗരസഭാ ടൗണ്‍ഹാളില്‍ ‘മാതൃകാ വാര്‍ഡ് സഭ’ നടത്തും. നഗരസഭ 14-ാം വാര്‍ഡിലുള്ളവരെ ഉള്‍പ്പെടുത്തിയാണ് വാര്‍ഡ്‌സഭ നടത്തുക. ജനപങ്കാളിത്തം ഉറപ്പാക്കി വാര്‍ഡ് സഭ മാതൃകാപരമായി നടത്തുന്നതിനെക്കുറിച്ചുള്ള ബോധവത്ക്കരണമാണ് ലക്ഷ്യമിടുന്നത്. നഗരസഭാ ചെയര്‍മാന്‍ കെ. പി. മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്യും. വികസന ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിക്കും. ഉച്ചയ്ക്ക് 12 ന് ജില്ലയിലെ വ്യവസായ-വിദ്യാഭ്യാസ മേഖലയ്ക്ക് നവീന മാതൃകകള്‍ നല്‍കാനായി സ്ഥാപിച്ച കാരാത്തോട് ഇന്‍കെല്‍ കാംപസിലേയ്ക്ക് ‘ചിറകുകള്‍ തേടി ഇന്‍കെല്‍’ മാധ്യമ പ്രവര്‍ത്തകരുമൊത്ത് യാത്ര സംഘടിപ്പിക്കും. മലപ്പുറം ജില്ലാ പിറവി ദിനം കൂടിയായ 16 ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലയെക്കുറിച്ചും സര്‍ക്കാറിന്റെ നാല് വര്‍ഷത്തെ വികസനനേട്ടങ്ങളെ കുറിച്ചും ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരം നടത്തും. സിവില്‍ സ്റ്റേഷന്‍ ഐ.ടി @സ്‌കൂള്‍ ഹാളിലാണ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ക്വിസ് മത്സരം നടക്കുക. 17 ന് രാവിലെ 10 ന് കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച് സംസ്ഥാന സര്‍ക്കാര്‍ അങ്കണവാടികള്‍ മുഖേനെ നടപ്പാക്കുന്ന ‘സബല’ (രാജീവ് ഗാന്ധി സ്‌കീം ഫോര്‍ എംപവര്‍മെന്റ് ഓഫ് അഡോലസന്റ് വിമന്‍) പദ്ധതിയെക്കുറിച്ച് ബോധവത്ക്കരണ ശില്പശാല നടത്തും. മലപ്പുറം ഗവ.കോളെജ് സമ്മേളന ഹാളില്‍ നടക്കുന്ന പരിപാടി ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദ് ഉദ്ഘാടനം ചെയ്യും. 23 ന് രാവിലെ 10 ന് സര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ഗുണഭോക്താക്കളിലും മാധ്യമങ്ങളിലുമെത്തിക്കുന്നതിന് ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് പബ്ലിക് റിലേഷന്‍സ് പരിശീലനം നല്‍കും. കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍ റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ടി. വേലായുധന്‍ ക്ലാസെടുക്കും. 24 ന് രാവിലെ 10.30 ന് കോട്ടക്കല്‍-ചെനക്കല്‍ ബൈപാസില്‍ വൃക്ഷസംരംക്ഷണ സന്ദേശം നല്‍കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കും. ജൂണ്‍ 26 ന് തിരഞ്ഞെടുത്ത 10 സ്‌കൂളുകള്‍ക്ക് ലഹരി വിരുദ്ധ പരാതിപ്പെട്ടി കൈമാറും.

Share.

About Author

Comments are closed.