കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുകയായിരുന്ന വയോധികൻ മൂത്രമൊഴിക്കാൻ വഴിയിലിറങ്ങിയത് ശ്രദ്ധിക്കാതെ ബസ് വിട്ടുപോയ കണ്ടക്ടറിൽനിന്ന് മനുഷ്യാവകാശ കമ്മിഷന്റെ നിർദ്ദേശാനുസരണം കെ.എസ്.ആർ.ടി.സി 500 രൂപ പിഴ ഈടാക്കി.പിഴ മണിഓർഡറായി പരാതിക്കാരനായ പൗഡിക്കോണം ശ്രീപഞ്ചമത്തിൽ ആർ. സുകുമാരക്കുറുപ്പിന് അയച്ചു കൊടുത്തെന്നും കണ്ടക്ടറെ താക്കീതു ചെയ്യുമെന്നും കെ.എസ്.ആർ.ടി.സി കമ്മിഷനെ രേഖാമൂലം അറിയിച്ചു.
ഫെബ്രു വരി 15 നാണ് സംഭവം. രാവിലെ നാലരയ്ക്ക് വൈക്കത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസിൽ മണ്ണന്തലയ്ക്ക് ടിക്കറ്റെടുത്തു. അടൂർ ഡിപ്പോയിലെത്തിയപ്പോൾ മറ്റുള്ളവരെപ്പോലെ സുകുമാരക്കുറുപ്പും മൂത്രമൊഴിക്കാൻ ഇറങ്ങി. തിരികെയെത്തിയപ്പോൾ ബസില്ല. അടൂർ ഡിപ്പോയിലെ ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം സുകുമാരക്കുറുപ്പിന്റെ ബ്രീഫ്കേസ് ചടയമംഗലം ഡിപ്പോയിൽ ഇറക്കി. യാത്രക്കാരൻ മറ്റൊരു ബസിൽ 36 രൂപ ടിക്കറ്റെടുത്ത് ചടയമംഗലത്തിറങ്ങി ബാഗെടുത്ത് വീണ്ടും 39 രൂപ നൽകി അടുത്ത ബസിൽ മണ്ണന്തലയിലെത്തി.മനുഷ്യാവകാശ കമ്മിഷനിൽ പരാതി ലഭിച്ചതിനെ തുടർന്ന് കണ്ടക്ടർക്കെതിരെ അന്വേഷണം നടത്തി വിശദീകരണം നൽകാൻജസ്റ്റിസ് ജെ.ബി.കോശി കെ.എസ്.ആർ.ടി.സി എം.ഡി ക്ക് നിർദ്ദേശം നൽകി.എറണാകുളം യൂണിറ്റിലെ എംപാനൽ കണ്ടക്ടർ പി. ബി സന്തോഷ് കുമാറാണ് വീഴ്ച വരുത്തിയതെന്ന് കണ്ടെത്തി.