സത്യന്‍ അനുസ്മരണവും ചെമ്മീന്‍ ചലച്ചിത്രത്തിന്‍റെ സുവര്‍ണ്ണജൂബിലി ആഘോഷവും നടത്തുന്നു

0

1978 ല്‍ സ്ഥാപിതമായ കേരള കള്‍ച്ചറല്‍ ഫോറം സത്യന്‍ സ്മാരക മന്ദിരം ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്നു.  നിരവധി സാംസ്കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേരള കള്‍ച്ചറല്‍ ഫോറത്തിന്‍റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. വര്‍ഷം തോറും നിര്‍ധനരായ വിദ്യാര്‍ത്ഥികളെയും രോഗികളെയും അനാഥരേയും സഹായിക്കുന്ന സംഘടന സത്യന്‍ കലാ മത്സരങ്ങളും സത്യന്‍ അവാര്‍ഡ് ദാനവും മറ്റ് ക്യാന്പുകളും നടത്തുന്നുണ്ട്.

സത്യന്‍ ചരമദിനമായ ജൂണ്‍ 15 ന് വൈകുന്നേരം സത്യന്‍ സ്മാരക മന്ദിരത്തില്‍ സത്യന്‍ അനുസ്മരണവും ചെമ്മീന്‍ ചലച്ചിത്രത്തിന്‍റെ സൂവര്‍ണ്ണ ജൂബിലി ആഘോഷവും നടത്തുകയാണ്.

ചെമ്മീന്‍ ചലച്ചിത്രത്തിലെ അഭിനേതാക്കളായ പത്മശ്രീ മധു, ശ്രീമതി ഷീല, ശ്രീമതി ലതാരാജു എന്നിവരെയും ഫോട്ടോഗ്രാഫി കൈകാര്യം ചെയ്ത ശ്രീ. ശിവനെയും പ്രസ്തുത സമ്മേളനത്തില്‍ ആദരിക്കുന്നു. 1965 ല്‍ റിലീസ് ചെയ്ത ചെമ്മീന്‍ പ്രേക്ഷക മനസ്സില്‍ ഇന്നും ജീവിക്കുന്ന ചലച്ചിത്രമാണ്.  ചെമ്മീനിലെ ഗാനങ്ങള്‍ സംഗീതാസ്വാദകരുടെ അധരങ്ങളില്‍ ഇന്നും മായാതെ നില്‍ക്കുന്നു.

പ്രസ്തുത സമ്മേളനം കേരള കള്‍ച്ചറല്‍ ഫോറം പ്രസിഡന്‍റ് എ.പി. ജലജകുമാറിന്‍റെ അധ്യക്ഷതയില്‍ നിയമസഭാ സ്പീക്കര്‍ എന്‍. ശക്തന്‍ ഉദ്ഘാടനം ചെയ്യും.  വിശിഷ്ട വ്യക്തികളെ സാംസ്കാരിക വകുപ്പ്മന്ത്രി കെ.സി. ജോസഫ് ആദരിക്കും.  കെ മുരളീധരന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും.

സത്യന്‍ നായകനായി അഭിനയിച്ച കുട്ട്യേടത്തി സിനിമയിലെ നായിക വിലാസിനിക്ക് പെന്‍ഷന്‍ തുക നല്‍കി അവശ കലാകാരന്മാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി ആര്‍. സെല്‍വരാജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.

നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായവും പഠനോപകരണങ്ങളും എ.റ്റി. ജോര്‍ജ്ജ് എം.എല്‍.എ. വിതരണം ചെയ്യുന്നതാണ്.  അവധികാല ക്ലാസില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്കാരങ്ങളും തദവസരത്തില്‍ വിതരണം ചെയ്യും.

കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍, നഗരസഭാ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാളയം രാജന്‍, ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍, കെ.സി.എഫ്. രക്ഷാധികാരി, പി. മനോഹരന്‍, ജനറല്‍ സെക്രട്ടറി ബ്രീസ് എം.എസ്. രാജ്, ട്രഷറര്‍ ജോണ്‍ മനോഹര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Share.

About Author

Comments are closed.