ഡെങ്കിപ്പനി: ജാഗ്രത പുലര്ത്തണം

0
ഡെങ്കിപ്പനി ഉണ്ടാക്കാന്‍ ശേഷിയുള്ള നാലുതരം വൈറസുകള്‍ നിലവിലുള്ളതിനാല്‍ ആവര്‍ത്തിച്ചുള്ള രോഗബാധയിലൂടെ വ്യത്യസ്ഥ ഇനത്തിലുള്ള വൈറസുകള്‍ ശരീരത്തില്‍ പ്രവേശിച്ച് ഗുരുതരമായി മാറാന്‍ സാധ്യതയുണ്ടെന്നും ഇത് രക്തസ്രാവത്തോടുകൂടിയ ഡെങ്കിപ്പനിയാകുന്നതിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകുന്ന ഈഡിസ് കൊതുകുകളാണ് വൈറസുകളെ മനുഷ്യരിലേക്ക് എത്തിച്ച് രോഗപ്പകര്‍ച്ചക്ക് കാരണമാകുന്നത്. പനിയോടൊപ്പം തൊലിപ്പുറത്തുണ്ടാകുന്ന നിറവ്യത്യാസം, തടിപ്പുകള്‍, ശക്തമായ നടുവേദന, കണ്ണിന് പുറകിലുണ്ടാകുന്ന വേദന എന്നിവ രോഗലക്ഷണങ്ങളാണ്. തുടര്‍ന്ന് രക്ത സമ്മര്‍ദ്ധം കുറയുകയും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടായി രക്തസ്രാവത്തിന് കാരണമാവുകയും ചെയ്യുന്നു. ഈഡിസ് കൊതുകുകളെ നിയന്ത്രിക്കുന്നതിലൂടെ മാത്രമേ ഈ പകര്‍ച്ചവ്യാധിയെ തടയാന്‍ കഴിയൂ. ഒരു ടീസ്പൂണ്‍ വെള്ളം കെട്ടിനില്‍ക്കുന്ന ഇടങ്ങളില്‍ പോലും കൊതുകുകള്‍ മുട്ടയിടും. ഇത്തരം ഉറവിടങ്ങള്‍ കണ്ടെത്തുകയും നശിപ്പിക്കുകയും ചെയ്യണം. ഉപയോഗ്യശൂന്യമായ പാത്രങ്ങള്‍, ചിരട്ടകള്‍, ടയറുകള്‍, ടിന്നുകള്‍, പ്ലാസ്റ്റിക് കപ്പുകള്‍, കവറുകള്‍ തുടങ്ങി വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ നശിപ്പിക്കുകയോ, കമിഴ്ത്തിവക്കുകയോ ചെയ്യണം. കെട്ടിടങ്ങളുടെ ടെറസ്, സണ്‍ഷെയ്ഡ് എന്നിവിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വെള്ളക്കെട്ടുകള്‍ മണ്ണിട്ട് നികത്തുകയോ അല്ലാത്തവയില്‍ കൂത്താടിഭോജികളായ ഗപ്പി, ഗാംബൂസിയ തുടങ്ങിയ മത്സ്യങ്ങളെ വളര്‍ത്തുകയോ ചെയ്യണം. റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍ കമിഴ്ത്തിവെക്കുക, വീടിന് സമീപത്തെ കാടുകള്‍ വെട്ടിത്തെളിച്ച് വൃത്തിയാക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പൊതുജനപങ്കാളിത്തത്തോടെ ശുചീകരണ പരിപാടികള്‍ നടത്തുക തുടങ്ങിയവയും കൊതുകു നിയന്ത്രണത്തിന് അനിവാര്യമാണ്. രോഗബാധ സംശയിക്കുന്ന ആളുകള്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമെന്നും സ്വയം ചികിത്സിക്കുന്നത് അപകടകരമാണെന്നും ഡി എം ഒ അറിയിച്ചു.
Share.

About Author

Comments are closed.