മുതിര്ന്നപൗരര്ക്കെതിരെയുള്ള അതിക്രമങ്ങള്ക്കെതിരായി അവബോധദിനം ആചരിച്ചു

0
മുതിര്‍ന്ന പൗരന്‍മാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ അവബോധദിനം ആചരിച്ചു. ജില്ലയില്‍ 2011 മുതല്‍ കോട്ടയം നഗരസഭയിലും 2013 മുതല്‍ പാലാ നഗരസഭയിലും വയോമിത്രം ഗുണഭോക്താക്കള്‍ക്ക് സൗജന്യമരുന്നും ചികിത്സയും നല്‍കി വരുന്നതായി വയോമിത്രം കോ-ഓര്‍ഡിനേറ്റര്‍ ജോജി ജോസഫ് അറിയിച്ചു. കോട്ടയത്ത് 6000ഉം പാലായില്‍ 1900ഉം ഗുണഭോക്താക്കളാണുള്ളത്. വൈക്കം നഗരസഭയില്‍ വയോമിത്രം ക്ലിനിക്ക് ജൂലൈയില്‍ ആരംഭിക്കുന്നതിനുള്ള നടപടി പൂര്‍ത്തിയായി. അവബോധദിനാചരണത്തിനു മുന്നോടിയായി ബസേലിയസ്, ഗവ.പോളിടെക്‌നിക്ക് കോളേജുകളിലെ എന്‍.എസ്.എസ് വോളണ്ടിയര്‍മാരും പാലാ ഇടമറ്റം കെ.റ്റി.ജെ.എം, പാറമ്പുഴ ഹോളി ഫാമിലി സ്‌കൂളുകളിലെ എസ്.പി.സി കേഡറ്റുമാരും തെരഞ്ഞെടുക്കപ്പെട്ട 20 വൃദ്ധരെ സന്ദര്‍ശിച്ചു. പാലിയേറ്റീവ് കെയര്‍ ഗുണഭോക്താക്കള്‍, വൃദ്ധസദനങ്ങളില്‍ ജീവിക്കുന്നവര്‍, ചേരിയിലോ കോളനിയിലോ ജീവിക്കുന്നവര്‍, സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ചെയ്തിരുന്നവര്‍, സ്വാതന്ത്ര്യസമരസേനാനികള്‍, വ്യത്യസ്ത മേഖലകളില്‍ കഴിവു തെളിയിച്ചവര്‍, വയോമിത്രം ഗുണഭോക്താക്കള്‍, 75 വയസ്സു കഴിഞ്ഞിട്ടും ജോലി ചെയ്തു ജീവിക്കുന്നവര്‍ എന്നീ വിഭാഗങ്ങളില്‍ നിന്ന് രണ്ടു പേരെ വീതം സന്ദര്‍ശിച്ച് അവരുടെ ജീവിതം മനസ്സിലാക്കുന്നതിനാണ് പരിപാടി ആവിഷ്‌കരിച്ചത്. സാമൂഹ്യ നീതി വകുപ്പിന്റേയും സാമൂഹ്യ സുരക്ഷാ മിഷന്റേയും സംയുക്താഭിമുഖ്യത്തില്‍ ചിങ്ങവനം സെന്റ് ജോണ്‍സ് ചര്‍ച്ച് ഹാളില്‍ നടന്ന അവബോധന പരിപാടി നഗരസഭാ ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്‍സി പാറേല്‍ ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജിഷമോള്‍ ഡെന്നി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കോട്ടയം ആര്‍.ഡി.ഒ കെഎസ് സാവിത്രി മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ റ്റിനോ കെ തോമസ് പ്രസംഗിച്ചു. തുടര്‍ന്നുനടന്ന സെമിനാറില്‍ അഡ്വ.മുഹമ്മദ് അന്‍സാരി ക്ലാസ്സെടുത്തു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് സുരേഷ് കുമാര്‍ സ്വാഗതവും വയോമിത്രം കോ-ഓര്‍ഡിനേറ്റര്‍ ജോജി ജോസഫ് നന്ദിയും പറഞ്ഞു.
Share.

About Author

Comments are closed.