സാക്ഷരത യജ്ഞം മാതൃകയിൽ സമ്പൂർണ കാർഷികയജ്ഞം എറണാകുളത്തെ ആദ്യ ജൈവകാർഷിക ജില്ലയാക്കാൻ

0
കാശുകൊടുത്ത് വിഷം വാങ്ങിക്കഴിക്കുന്ന മണ്ടന്മാരായി നമ്മൾ മാറിയതായി ജില്ല കളക്ടർ എം.ജി.രാജമാണിക്യം. ഇവിടെയാണ് ജൈവപച്ചക്കറി കൃഷിയുടെ പ്രസക്തിയെന്നും ജില്ല മുഴുവൻ വ്യാപിപ്പിക്കാൻ ജില്ല ഭരണകൂടം പദ്ധതി ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷരഹിത പച്ചക്കറി ഉൽപ്പാദനത്തിനായി ജില്ലയിൽ സാക്ഷരതയജ്ഞം മാതൃകയിൽ സംഘടിപ്പിക്കുന്ന സമ്പൂർണകാർഷിക യജ്ഞം ആലോചനയോഗം ജി.സി.ഡി.എ. കോൺഫ്രൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ. സാക്ഷരത യജ്ഞം മാതൃകയിൽ വിപുലമായ മുന്നൊരുക്ക പ്രവർത്തനങ്ങളും ജില്ലയിൽ സംഘടിപ്പിക്കും. ജില്ലയിൽ പൊതു ഉടമസ്ഥതയിലുള്ള മുഴുവൻ ഭൂമിയിലും കൃഷിയിറക്കുകയാണ് ആദ്യലക്ഷ്യം. സ്‌കൂളുകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, ക്ലബുകൾ, സർക്കാർ സ്ഥാപനങ്ങൾ, മറ്റു സന്നദ്ധ സംഘടനകൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ആദ്യഘട്ട നടപടികൾ. ഇതിന്റെ ഭാഗമായി ജില്ലയിൽ ഈവിഭാഗങ്ങൾക്കായി പ്രത്യേക സെമിനാർ ഉൾപ്പടെയുള്ള മുന്നൊരുക്ക പ്രവർത്തനങ്ങളും സംഘടിപ്പിക്കും. ആരേയും ആശ്രയിക്കാതെ ജില്ലയ്ക്കാവശ്യമായ പച്ചക്കറി മുഴുവൻ ലഭ്യമാക്കുന്നതിനാണ് പദ്ധതി വിഭാവന ചെയ്യുന്നത്. ജില്ലയിൽ വിവിധ ഭാഗങ്ങളിൽ പല പേരുകളിലായി നടന്നുവരുന്ന ഇത്തരം കാർഷിക പ്രവർത്തനങ്ങളെ ഒരു കുടക്കീഴിലാക്കുകയും ആവശ്യമായ പരിശീലനവും തുടർച്ചയായ അവലോകനവും നടത്തി മികച്ച നിലയിൽ പദ്ധതി നടപ്പാക്കാനാവശ്യമായ തരത്തിലായിരിക്കും ഇതിന്റെ ഘടന. ജൈവകൃഷി ആദ്യ സന്ദേശവാഹകരെന്ന നിലയിൽ ജി.സി.ഡി.എ.യും ജില്ല ഭരണകൂടവും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. എറണാകുളം പ്രസ് ക്ലബിന്റെ അഗ്രി പ്രസ് ഇതുമായി സഹകരിച്ച് പ്രവർത്തിക്കും. എറണാകുളം ജില്ലയിൽ ഉപയോക്താക്കൾക്കു ലഭിക്കുന്ന പച്ചക്കറികളും പഴവർഗങ്ങളും വിഷവിമുക്തമാണെന്ന് ഉറപ്പു വരുത്തും. ജില്ലയിലെ പച്ചക്കറികൾ കീടനാശിനി വിമുക്തമാണോ എന്നു പരിശോധിക്കാൻ പ്രത്യേക ലബോറട്ടറി സ്ഥാപിക്കും. ജില്ലയിലേക്കു വരുന്ന പച്ചക്കറികൾ പരിശോധിക്കുന്നതിനും നിർദിഷ്ട ലാബിൽ സൗകര്യമൊരുക്കും. മരട് ഇ.ഇ.സി. മാർക്കറ്റിൽ പ്രത്യേക ജൈവപച്ചക്കറി ചന്തയും ആരംഭിക്കാൻ ലക്ഷ്യമിടുന്നതായി ജില്ല കളക്ടർ പറഞ്ഞു. പദ്ധതിക്കായി പ്രത്യേകം രജിസ്‌ട്രേഷൻ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ജി.സി.ഡി.എ. ചെയർമാൻ എൻ.വേണുഗോപാൽ പറഞ്ഞു. താലൂക്കുതലത്തിൽ വരെ പദ്ധതി ഏകോപിപ്പിക്കുന്നതിന് സൗകര്യമൊരുക്കും. ജില്ലയിൽ ഈ മേഖലയിൽ കഴിവുതെളിയിച്ച സഹകരണസംഘങ്ങൾ ഉൾപ്പടെയുള്ളവയുമായി ഈമാസം 19ന് ജി.സി.ഡി.എ.യിൽ വീണ്ടും ചർച്ച നടത്തുന്നുണ്ട്. ഇതിനകം ഈരംഗത്ത് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ സംബന്ധിച്ചും കൃഷിവകുപ്പ് പദ്ധതികളെക്കുറിച്ചുമുള്ള വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് ജില്ല കളക്ടർ നിർദേശം നൽകി. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി ജില്ല ഇൻഫർമേഷൻ ഓഫീസ് നിർദേശിച്ച ഈ പദ്ധതി വാർഷികാഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. എന്റെ അടുക്കളത്തോട്ടം പദ്ധതിയുടെ ഭാഗമായി സ്ഥാപനങ്ങൾക്കും കുടുംബങ്ങൾക്കുമായി പ്രത്യേകം മൽസരങ്ങളും സംഘടിപ്പിക്കും. ജി.സി.ഡി.എ. ചെയർമാൻ എൻ.വേണുഗോപാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കൃഷി ഡപ്യൂട്ടി ഡയറക്ടർ കെ.എക്‌സ്.ജെസി, അസി.ഡയറക്ടർമാരായഎം.വി.ജയശ്രീ, ടി.ചിത്ര, പി.പി. ബിന്ദുമോൻ, ക്ഷീരവികസനവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ജോർജുകുട്ടി ജേക്കബ്, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ കെ.എം.ഏലിയാസ്, പ്രസ്‌ക്ലബ് പ്രസിഡന്റ് കെ.രവികുമാർ, തണൽ നേച്ചർക്ലബ് ഭാരവാഹികളായ വിനോയ്കുമാർ, ദിവ്യ വിജയൻ, കെ.ജി.രാജേഷ്, ഡി.സുരേഷ്‌കുമാർ, എൻ.വി.ഷിബു തുടങ്ങിയവർ പങ്കെടുത്തു. ജില്ല ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല സ്വാഗതവും ജി.സി.ഡി.എ. സെക്രട്ടറി ആർ.ലാലു നന്ദിയും പറഞ്ഞു.
Share.

About Author

Comments are closed.