ജില്ലാ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയ വിദ്യാര്‍ത്ഥിനിക്ക് ചികിത്സ നിഷേധിച്ച സംഭവത്തോട് ബന്ധപ്പെട്ട് ലഭിച്ച പരാതിയില്‍ സി.ഡബ്ല്യു.സി. കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ കുട്ടിയും അമ്മയും സി.ഡബ്ല്യു.സി. മുമ്പാകെ ഹാജരായി മൊഴി നല്‍കിയിരുന്നു. പ്രഥമ ദൃഷ്ട്യാ ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുള്ളതായി സി.ഡബ്ല്യു.സി. വിലയിരുത്തി. സ്കൂളില്‍നിന്നും അടിയന്തര ചികിത്സക്കായി അത്യാഹിത വിഭാഗത്തില്‍ രക്ഷിതാക്കള്‍ കൊണ്ടുവന്ന കുട്ടിയെയും അമ്മയെയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ അവഗണിക്കുകയും അകാരണമായി പരിശോധന വൈകിക്കുകയും പിന്നീട് അധിക്ഷേപിക്കുകയും ചെയ്യാനിടയായത് കുട്ടിക്ക് കടുത്ത മാനസിക സംഘര്‍ഷത്തിനും ശാരീരിക സഹനത്തിനും കാരണമായിട്ടുള്ളതായി സി.ഡബ്ല്യു.സി. നിരീക്ഷിച്ചു. കടുത്ത രോഗാവസ്ഥയില്‍, സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മറ്റൊരു ഡോക്ടറുടെ അടുത്തുനിന്നാണ് കുട്ടിക്ക് ചികിത്സ ലഭിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളുടെയും ബാലനീതി നിയമം 23-ാം വകുപ്പിന്റെയും ഗൗരവമായ ലംഘനം ഈ സംഭവത്തില്‍ നടന്നിട്ടുള്ളതായി കാണുന്ന സാഹചര്യത്തില്‍ കേസില്‍ വിശദമായ അന്വേഷണം നടത്തി ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കാനാവശ്യപ്പെട്ട് മാനന്തവാടി പോലീസിന് സി.ഡബ്ല്യു.സി. ഉത്തരവ് നല്കി. കല്‍പ്പറ്റയില്‍ നടന്ന സിറ്റിംഗില്‍ ചെയര്മാന് അഡ്വ. ഫാ. തോമസ് ജോസഫ് തേരകം, മെമ്പര്‍മാരായ ഡോ. പി. ലക്ഷ്മണന്, ടി.ബി. സുരേഷ്, ഡോ. ബെറ്റി ജോസ്, അഡ്വ. എന്‍.ജി. ബാലസുബ്രഹ്മണ്യന് എന്നിവര്‍ പങ്കെടുത്തു.