കൊച്ചുവേളി റെയില്‍വേ സ്റ്റേഷനെ വികസിപ്പിക്കുന്നതില്‍ അട്ടിമറി ശക്തമാക്കി

0

തിരുവനന്തപുരം – കേരളത്തിലെ റെയില്‍വേ വികസനത്തില്‍ സ്ഥിരം ഇരട്ടത്താപ്പ് പ്രവര്‍ത്തനം നടക്കുകയാണ്. ഉദാഹരണമായി കൊച്ചുവേളിയിലെ വികസനം മരവിപ്പിച്ച് നേമത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനായിരുന്നു തുടക്കത്തില്‍ തീരുമാനിച്ചത്.  എന്നാല്‍ ചില അട്ടിമറിയിലൂടെ കൊച്ചുവേളി വീണ്ടും വികസന പട്ടികയില്‍ എത്തുകയായിരുന്നു.

കൊച്ചുവേളിയില്‍ ആദ്യം വികസനത്തിന് പ്രോജക്ട് തയ്യാറാക്കിയപ്പോള്‍ അന്നത്തെ എഞ്ചിനിയര്‍മാര്‍ ശക്തമായി എതിര്‍ത്തിരുന്നു.  കാരണം കടലിനടുത്ത് സ്ഥിതി ചെയ്യുന്ന റെയില്‍വേ സ്റ്റേഷനാണെന്നും ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കടല്‍കാറ്റ് വീശുന്നതുമൂലം ഉപകരണങ്ങളും ട്രെയിനിന്‍റെ ബോഗികളും മറ്റും തുരുന്പ് പിടിക്കുവാനുള്ള സാഹചര്യം വര്‍ദ്ധിക്കുമെന്നായിരുന്നു സാങ്കേതിക വിദഗ്ദ്ധരുടെ ഉപദേശം. ഇതുമൂലം ഇവിടെ ട്രെയിനിന്‍റെ യാര്‍ഡ് നിര്‍മ്മിച്ച് ബോഗികളുടെ അറ്റകുറ്റപണികള്‍ നടത്തുവാന്‍ പറ്റില്ല എന്നായിരുന്നു ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട്. മാത്രവുമല്ല നിലവിലുള്ള സ്ഥലസൗകര്യം വികസനത്തിന് ഉതകുന്നതല്ലെന്നും, വില നല്‍കി ഭൂമി ലഭ്യമാക്കുവാന്‍ വന്‍തുക വേണ്ടിവരുമെന്നും റെയില്‍വേ വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ജനവാസം കുറഞ്ഞ ഈ പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് മറ്റെവിടെയെങ്കിലും ഭൂമി വാങ്ങി വീടി വച്ചു നല്‍കിയാല്‍ അവര്‍ക്ക് കൂലി വേല ചെയ്യാന്‍ പറ്റാതെ പട്ടിണിയില്‍ കിടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.  ഇവരില്‍ ഭൂരിഭാഗവും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നവരാണെന്നും ചൂണ്ടിക്കാണിച്ചിരുന്നു.  കൂടാതെ കൊച്ചുവേളിയില്‍ നിന്നും നാനാഭാഗങ്ങളില്‍ എത്തിച്ചേരുന്നതിന് ബസ് സൗകര്യവും, ഓട്ടോ സൗകര്യങ്ങളും വളരെ ദുര്‍ബലമാണെന്നും റെയില്‍വേ റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.  ഈ റിപ്പോര്‍ട്ട് എഴുതുന്ന സമയത്ത് കൊച്ചുവേളിയില്‍ എത്തുന്നയാത്രക്കാര്‍ക്ക് ചില ക്രിമിനലുകളുടെ ഭീഷണിയുണ്ടെന്നും സൂചിപ്പിച്ചിരുന്നു.  ഈ ഭീഷണി ഇപ്പോഴും തുടരുകയാണ്. ഓട്ടോക്കാരുടെ ഭീഷണിയാണ് യാത്രക്കാര്‍ക്ക് ഏറ്റവും വലിയ തലവേദന. അമിതമായി കൂലി ഈടാക്കുക, അപമര്യാദയോടെ പെരുമാറുക തുടങ്ങിയ ഭീഷണികള്‍ ഇപ്പോഴും നിലവിലുണ്ട്. കൊച്ചുവേളിക്ക് തൊട്ടടുത്തായി തിരുവനന്തപുരം വിമാനത്താവളം പ്രവര്‍ത്തിക്കുന്നതും റെയില്‍വേ സ്റ്റേഷന് ഭീഷണിയായി തുടരുകയാണ്. ഇത്രയും ഭീകരമായ ഭീഷണി നേരിടുന്ന കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ ഇത്രയും വലിയ വികസനം ഭാവിയില്‍ ഗുരുതരമായ ഭവിഷ്യത്ത് നേരിടുമെന്ന് ഉദ്യോഗസ്ഥര്‍ക്കും അറിയാവുന്നതാണ്.

തിരുവനന്തപുരം ഡിവിഷനിലെ ഒരു ഡിവിഷണല്‍ മാനേജരുടെ നിര്‍ബന്ധബുദ്ധി മൂലമാണ് നേമത്തെ തഴഞ്ഞു കൊച്ചുവേളിയെ വികസിപ്പിക്കുന്നത്. എന്നാല്‍ കേരളത്തിലെ ഒരു എം.പിയും കേന്ദ്ര റെയില്‍വേ വകുപ്പിന് ഒരു കത്ത് നല്‍കിയിരുന്നു. കൊച്ചുവേളിയിലെ വികസനം മരവിപ്പിച്ചശേഷം നേമത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചാല്‍ തലസ്ഥാനത്തിന് കൂടുതല്‍ സൗകര്യം ലഭിക്കുമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. നേമത്താണെങ്കില്‍ ആവശ്യത്തിലധികം ഭൂമി ലഭ്യമാണെന്നും, വന്‍തുക മുടക്കി വാങ്ങേണ്ടതില്ലെന്നും ആ എം.പി ചൂണ്ടിക്കാണിച്ചിരുന്നു.  ഇവയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടു കൊച്ചുവേളിയെ അലങ്കരിക്കുവാനാണ് റെയില്‍വേ എടുത്ത തീരുമാനം.

കൊച്ചുവേളിയില്‍ നിന്നും ദൂര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന ട്രെയിനുകളില്‍ യാത്രക്കാര്‍വളരെ കഷ്ടപ്പെട്ടാണ് എത്തിച്ചേരുന്നത്. അഥവാ ട്രെയിന്‍ റദ്ദു ചെയ്താല്‍ കുടുംബസമേതം എത്തുന്ന കുട്ടികളും മുതിര്‍ന്നവര്‍ക്കും ഒരിറ്റ് വെള്ളം കിട്ടാതെയും നട്ടം തിരിയുകയാണ്.  ദൂരെ നിന്നും എത്തുന്നവര്‍ക്ക് താമസിക്കുവാനുള്ള ഹോട്ടല്‍ സൗകര്യങ്ങളോയില്ല.  ഇപ്പോള്‍ തന്നെ യാത്രക്കാര്‍ കഷ്ടപ്പെടുകയാണ്.  അപ്പോള്‍ ഭാവിയിലെ കാര്യങ്ങള്‍ പ്രവചിക്കുവാനേ കഴിയുകയില്ല. ഇപ്പോള്‍ തന്നെ ട്രെയിനുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യങ്ങള്‍ ഇല്ല.  ഭാവിയില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്പോള്‍ യാത്രക്കിടയില്‍ പല റെയില്‍വേ സ്റ്റേഷനുകളില്‍ ട്രെയിന്‍ പിടിച്ച് ഇടേണ്ടിവരുമെന്നാണ് ചില ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്.  നേമത്താണെങ്കില്‍ ബസ്യാത്ര വളരെ എളുപ്പമാണ്.  ഇപ്പോള്‍ തന്നെ യാത്രക്കാര്‍ക്ക് വേണ്ട ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.  അതുപോലെ യാത്രക്കാര്‍ക്ക് മറ്റു ഭീഷണികള്‍ ഒന്നും നേരിടേണ്ടി വരികയുമില്ല.  ഇത് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കാതെയാണ് കൊച്ചുവേളിയില്‍ വികസന മാമാങ്കം നടത്തുന്നത്. കൊച്ചുവേളിയിലെ വികസനം തിരുവനന്തപുരം തന്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ വികസനത്തെയാണ് ദോഷം ചെയ്യുന്നത്.  കൊച്ചുവേളി ഒന്നാമതെത്തിയാല്‍ അധികം ട്രെയിനുകളും കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കേണ്ടിവരും.  ഇപ്പോള്‍ ജനസാന്ദ്രത കൊച്ചുവേളിയില്‍ വര്‍ദ്ധിക്കും.  അപ്പോള്‍ വികസനം വീണ്ടും കൊച്ചുവേളിയെ സമീപിക്കും.  ഇത് യാത്രക്കാരോടുള്ള ക്രൂരതയെന്നേ മനസ്സിലാക്കുവാന്‍ പറ്റുകയുള്ളൂ.  അതുകൊണ്ട് നേമത്തെ വികസിപ്പിക്കേണ്ടതാണ്.

 

റിപ്പോര്‍ട്ട് – അശോക് കുമാര്‍ വര്‍ക്കല

Share.

About Author

Comments are closed.