സ്വാതി സംഗീത പുരസ്കാരം അംജദ് അലിഖാന്

0

രണ്ടായിരത്തി പതിനാലിലെ സ്വാതി സംഗീത പുരസ്‌കാരത്തിന് അംജദ് അലിഖാനെ തിരഞ്ഞെടുത്തതായി സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. സ്വാതി തിരുനാള്‍ മഹാരാജാവിന്റെ സ്മരണക്കായി കേരള സര്‍ക്കാരാണ് പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയത്. ഒരു ലക്ഷം രൂപയും പ്രശംസാപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സൂര്യകൃഷ്ണമൂര്‍ത്തി അദ്ധ്യക്ഷനായ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. സരോദ് എന്ന സംഗീതോപകരണത്തിന്റെ പര്യായമായിമാറിയ ലോകത്താകമാനം ആസ്വാദകരുളള സരോദ് സംഗീതജ്ഞനാണ് അംജദ് അലിഖാന്‍. ആറു വയസ്സുളളപ്പോള്‍ സരോദില്‍ മാന്ത്രിക വിരലുകള്‍ മീട്ടി ആസ്വാദകരെ വിസ്മയിപ്പിച്ച ബാലന്‍ പിന്നീട് ആ സംഗീത വഴിയില്‍ താണ്ടാത്ത ദൂരങ്ങളില്ല. ഗ്വാളിയോറില്‍ 1944 ല്‍ ജനിച്ച അംജദ് പിതാവ് ഹഫീസ് അലിഖാനില്‍ നിന്നാണ് ആദ്യ പാഠങ്ങള്‍ അഭ്യസിച്ചത്. യുനസ്‌കോ പുരസ്‌കാരം, പത്മ വിഭൂഷണ്‍, യൂണിസെഫിന്റെ ദേശീയ അംബാസഡര്‍ഷിപ്പ്, വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ക്രിസ്റ്റല്‍ അവാര്‍ഡ്, വിവിധ സര്‍വ്വകലാശാലകളില്‍ നിന്നുളള ഡോക്ടറേറ്റുകള്‍ തുടങ്ങി ദേശീയവും അന്തര്‍ദേശീയവുമായ ഒട്ടേറെ അംഗീകാരങ്ങള്‍ അംജത് അലിഖാന് ലഭിച്ചിട്ടുണ്ട്. ഈ പരമ്പരയിലെ ഏറ്റവും ആദരണീയമായ ഒന്നാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സ്വാതി സംഗീത പുരസ്‌കാരം.

Share.

About Author

Comments are closed.