പുഴ മുതല് പുഴ വരെ പദ്ധതിക്ക് ജില്ലയില് തുടക്കമാവുന്നു, അച്ചന്കോവിലാറിന്റെ തീരത്ത് 300 പ്ലാവുകള് നടും

0

പുഴകളുടെ സംരക്ഷണത്തിനായി സംസ്‌ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പുഴ മുതല്‍ പുഴ വരെ പദ്ധതിക്ക്‌ ജില്ലയില്‍ തുടക്കമാവുന്നു. പദ്ധതിയുടെ ഭാഗമായി അച്ചന്‍കോവിലാറിന്റെ തീരത്ത്‌ തൃപ്പാറ ക്ഷേത്രത്തിന്‌ സമീപം 300 പ്ലാവുകള്‍ നടുന്നതിന്‌ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്‌ടര്‍ എസ്‌. ഹരികിഷോറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന റിവര്‍ മാനേജ്‌മെന്റ്‌ ഫണ്ട്‌ യോഗം തീരുമാനിച്ചു. ഇവിടെ ആളുകള്‍ക്ക്‌ ഇരിക്കാനുള്ള സംവിധാനങ്ങളും ഒരുക്കും. പുഴ മുതല്‍ പുഴ വരെ പദ്ധതിയുടെ സംസ്‌ഥാനതല ഉദ്‌ഘാടനം പത്തനംതിട്ടയില്‍ നടത്താനാണ്‌ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്‌. പമ്പാ നദിയെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിന്‌ ശുപാര്‍ശ നല്‍കാന്‍ യോഗം തീരുമാനിച്ചു. പദ്ധതിയുടെ ഉദ്‌ഘാടനത്തോടനുബന്‌ധിച്ച്‌ പുഴയെ അറിയാന്‍ ശില്‍പ്പശാല, കുട്ടികള്‍ക്ക്‌ പുഴ സംരക്ഷണത്തെക്കുറിച്ച്‌ ബോധവത്‌കരണം, പുഴ സംരക്ഷണത്തെക്കുറിച്ച്‌ ഡോക്യുമെന്ററി തയ്യാറാക്കല്‍, വിദ്യാര്‍ത്‌ഥികള്‍ക്കായി പുഴ സംരക്ഷണ പ്രോജക്‌ടുകള്‍, പുഴ സംരക്ഷണം എന്ന വിഷയത്തില്‍ വിദ്യാര്‍ത്‌ഥികള്‍ക്ക്‌ ഉപന്യാസ രചനാ മത്‌സരം എന്നിവ നടത്തും. ആറന്‍മുളയില്‍ പുഴയുടെ തീരത്ത്‌ ഉദ്യാനം നിര്‍മ്മിക്കാന്‍ മാസ്‌റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ യോഗം തീരുമാനിച്ചു. കവിയൂര്‍ ഉള്‍പ്പടെ പുഴകളുടെ തീരത്തെ കൈയേറ്റങ്ങളെക്കുറിച്ച്‌ യോഗം ചര്‍ച്ച ചെയ്‌തു. കോയിപ്രം, തോട്ടപ്പുഴശേരി, അയിലൂര്‍ പഞ്ചായത്തുകളില്‍ പുഴ പുറമ്പോക്ക്‌ സര്‍വേ നടത്താന്‍ പ്രത്യേക സര്‍വേ ടീമിനെ നിയോഗിക്കാന്‍ തീരുമാനിച്ചു. റിവര്‍ മാനേജ്‌മെന്റ്‌ ഫണ്ടില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ 28 പ്രവൃത്തികള്‍ നടപ്പാക്കാന്‍ ശുപാര്‍ശ ചെയ്‌തു. അപേക്ഷ ലഭിച്ചവയുടെ എസ്‌റ്റിമേറ്റ്‌ ഉടന്‍ തയ്യാറാക്കും. വരട്ടാറിനെ പുനരുജ്ജീവിപ്പിക്കുന്നത്‌ സംബന്‌ധിച്ച്‌ ശാസ്‌ത്രീയ പഠനം നടത്താന്‍ ഏജന്‍സിയെ നിയോഗിക്കും. ജില്ലാ പഞ്ചായത്തംഗം സജി ചാക്കോ, ഡെപ്യൂട്ടി കളക്‌ടര്‍ കെ.ആര്‍. കെ.പ്രസാദ്‌, ഡിവൈ. എസ്‌.പി എം. എ. നസീര്‍, അടൂര്‍ ആര്‍.ഡി.ഒയുടെ ചുമതലയുള്ള സാംബദേവന്‍ നായര്‍, തിരുവല്ല ആര്‍.ഡി.ഒ ഗോപകുമാര്‍, പമ്പ സംരക്ഷണ സമിതി പ്രതിനിധികളായ എന്‍.കെ. സുകുമാരന്‍ നായര്‍, പ്രോഫ. കെ. എം. മാത്യു, ജലവിഭവം, വനംവകുപ്പ്‌, ജിയോളജി, പഞ്ചായത്ത്‌ വകുപ്പുകളിലെ ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share.

About Author

Comments are closed.