ഭക്ഷ്യ സ്വയംപര്യാപ്തതയ്ക്ക് ഗ്രാമസഭകളിലൂടെയുള്ള പ്രവര്ത്തനം ആവശ്യം –മുഖ്യമന്ത്രി

0

DSC_8567 copy _DSC0416 copy

ഭക്ഷ്യോത്പാദന സ്വയംപര്യാപ്തതയെക്കുറിച്ച് പറഞ്ഞാല്‍ മാത്രം പോരാ പ്രവര്‍ത്തനത്തിലൂടെ തെളിയിക്കാനാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം എന്ന വിഷയത്തില്‍ സംസ്ഥാനതല ശില്പശാലയും മാധ്യമ സെമിനാറും തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ ഭക്ഷണസാധനങ്ങളുടെയും ഉത്പാദനം സ്വയംപര്യാപ്തതയിലേക്ക് നീങ്ങുന്ന കാര്യം ആലോചിക്കണം. ഇക്കാര്യത്തില്‍ ഗ്രാമസഭകളിലൂടെയുള്ള പ്രവര്‍ത്തനം ആവശ്യമാണ്. മുഴുവന്‍ ഗ്രാമസഭകളും വിളിച്ചുകൂട്ടണം, മന്ത്രിമാരും ഉദ്യോഗസ്ഥരും ത്രിതല

പഞ്ചായത്തംഗങ്ങളും വാര്‍ഡുതലത്തില്‍ പച്ചക്കറി ഉത്പാദനത്തില്‍ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍, പൊതുസ്ഥാപനങ്ങള്‍, കുടുംബശ്രീ, വീടുകള്‍ എന്നിവിടങ്ങളിലെല്ലാം പ്രോത്സാഹനം നല്‍കികൊണ്ട് സ്വയംപര്യാപ്തത നേടണം. അതില്‍ ജൈവ കൃഷിക്കായിരിക്കണം പ്രാധാന്യം. അടുത്തകാലത്തുണ്ടായ അനുഭവങ്ങള്‍ ജനങ്ങളുടെ ഇടയില്‍ ബോധവത്കരണം ഉണ്ടാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. വരുന്ന ഓണക്കാലത്തോടെ വിഷമുക്തമായ പച്ചക്കറി ലഭ്യമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണെന്ന് അദ്ധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. വിഷലിപ്ത പദാര്‍ത്ഥങ്ങളുടെ പരസ്യം നിരോധിക്കുന്നകാര്യം ആലോചിക്കും. ഓണ്‍ലൈനിലൂടെയും വാട്‌സ്ആപ്പിലൂടെയും പരാതികള്‍ സ്വീകരിക്കും. സമഗ്ര ആരോഗ്യപദ്ധതിയാണ് മലയാളിക്ക് ആവശ്യമെന്ന് തിരിച്ചറിഞ്ഞുള്ള സമീപനമാണ് കൈക്കൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷണരംഗത്ത് സ്വയംപര്യപ്തത കൈവരിക്കാന്‍ ജനപങ്കാളിത്തം അവശ്യമാണെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. വരാന്‍ പോകുന്ന തലമുറയെ സുരക്ഷിതമാക്കുകയാണ് നമ്മുടെ ലക്ഷ്യം. വിദ്യാര്‍ത്ഥിസമുഹത്തിനും മാധ്യമങ്ങള്‍ക്കും സര്‍ക്കാരിതര സംഘടനകള്‍ക്കുമെല്ലാം ഇക്കാര്യത്തില്‍ വലിയ പങ്കാളിത്തം വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി ഡോ.കെ.ഇളങ്കോവന്‍, ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ടി.വി.അനുപമ എന്നിവരും പ്രസംഗിച്ചു.

Share.

About Author

Comments are closed.