അന്താരാഷ്ട്ര യോഗ ദിനാഘോഷ ചടങ്ങില്‍ ഞായറാഴ്ച ലോകത്തെ വിവിധ നഗരങ്ങള്‍ക്കൊപ്പം ദുബൈയും പങ്കാളിയായി. ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍െറ ആഭിമുഖ്യത്തില്‍ അല്‍ വാസല്‍ സ്റ്റേഡിയത്തില്‍ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടിയില്‍ വിവിധ രാജ്യക്കാരായ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. നിരവധി സ്ത്രീകളും കുട്ടികളും ആവേശത്തോടെ യോഗ ദിന ആഘോഷത്തില്‍ പങ്കാളികളായി. രാത്രി എട്ടു മണിക്ക് തുടങ്ങിയ പരിപാടിക്കത്തെിയ മുസ്ലിംകള്ക്ക് നോമ്പുതുറക്കാനായി സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.
ഋഗ്വേദ മന്ത്രോച്ചാരണങ്ങളോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ് യോഗയുടെയും യോഗ ദിനത്തിന്‍െറയും പ്രത്യേകതകള്‍ വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വീഡിയോ സന്ദേശവുമുണ്ടായിരുന്നു. തുടര്‍ന്ന് പ്രാഥമിക വ്യായാമങ്ങള്‍ക്കുശേഷം വേദിയില്‍ 20 ഓളം പേര് യോഗാഭ്യാസം തുടങ്ങി. അതിനനുസരിച്ച് മൈതാനത്ത് കൂടിയ ആയിരങ്ങളും ആസനാഭ്യാസങ്ങള് ചെയ്തു. തടാസന, വൃക്ഷാസന, പാദ ഹസ്താസന, അര്‍ധ ചക്രാസന, ത്രികോണാസന, ഭദ്രാസന, വക്രാസന, ഭുജംഗാസന, ശലഭാസന, മകരാസന തുടങ്ങിയ ആസനങ്ങളാണ് ചെയ്തത്.തുടര്‍ന്ന് കപാല ഭാട്ടി, പ്രാണായാമ, ഭ്രമരി പ്രാണായാമ തുടങ്ങിയ ശ്വസന ക്രിയകളും ധ്യാനം, സങ്കല്പം എന്നിവയും പരിശീലിച്ചു.വിവിധ യോഗ സ്കൂളുകളില്‍ നിന്നും ഇന്ത്യന്‍ സ്കുളുകളില് നിന്നുമുള്ള വിദ്യാര്‍ഥികളും ചടങ്ങിനത്തെിയിരുന്നു. ഇന്ത്യയുടെ അന്താരാഷ്ട്ര ബോക്സിങ് താരം മേരികോം വിശിഷ്ടാതിഥിയായിരുന്നു. യോഗ, ആര്‍ട്ട് ഓഫ് ലിവിങ് ഗുരുക്കന്മാരും സംബന്ധിച്ചു.ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍്റെ നേതൃത്വത്തില്‍ രൂപം കൊടുത്ത ആയുഷ്, സ്വതന്ത്ര, രക്തദാന ഫോറം എന്നിവയുടെ സമര്‍പ്പണവും ചടങ്ങില്‍ നടന്നു.അബൂദബി ഇന്ത്യന്‍ സ്കൂളില്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിലും യോഗ ദിനാഘോഷം നടന്നു. അംബാസഡര്‍ ടി.പി.സീതാറാം ഉദ്ഘാടനം ചെയ്തു. മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് ആല് നഹ്യാന്, എം.എ. യൂസഫലി, ബി.ആര്.ഷെട്ടി, സുധീര്‍ കുമാര്‍ ഷെട്ടി എന്നിവര്‍ പങ്കെടുത്തു.