തിരുവനന്തപുരം – വ്യാജ ജാതി സര്‍ട്ടിഫിക്കറ്റിലൂടെ പി.എസ്.സി. വഴി നിയമനം നേടിയവരെ പുറത്താക്കുക, പട്ടികജാതിവര്‍ഗ്ഗ ഫണ്ട് വിനിയോഗം സംബന്ധിച്ച് ധവളപത്രം ഇറക്കുക, അരീപ്പ ഭൂസമരം ഭൂമി നല്കി ഒത്തുതീര്‍പ്പാക്കുക, ലംപ്സം ഗ്രാന്റ് മിനിമം 1000 രൂപയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഹിന്ദു സംഘടനാ നേതാക്കള്‍ ജൂണ്‍ 24 ന് സെക്രട്ടേറിയറ്റ് നടയില്‍ ധര്‍ണ്ണ നടത്തുമെന്ന് വിവിധ സമുദായ സംഘടനകളുടെ സംസ്ഥാന നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സെക്രട്ടേറിയറ്റ് ധര്‍ണ്ണ കെ.പി.എം.എസ്. സംസ്ഥാന പ്രസിഡന്റ് എന്‍.കെ നീലകണ്ഠന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. വിവിധ സമുദായ സംഘടനകളുടെ സംസ്ഥാനതല നേതാക്കള്‍ ധര്‍ണയില്‍ പങ്കെടുത്ത് സംസാരിക്കും.
സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി വര്‍ഗ്ഗ വിരുദ്ധ നിലപാടുകള്‍ ആവര്‍ത്തിക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പി.എസ്.സി. വഴി നിയമനം നേടിയ 1800 പേരെ പുറത്താക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്കി അവരെ സംരക്ഷിക്കാനാണ് നിലപാടെടുത്തത്. 100 കമക്കിന് കോടി രൂപയാണ് പട്ടികജാതി വര്‍ഗ്ഗ ക്ഷേമഫണ്ടുകളും, പദ്ധതി ഫണ്ടുകളും ഓരോ വര്‍ഷവും ലാപ്സാകുന്നത്. 9,10 പഞ്ചവത്സര പദ്ധതി കാലത്ത് 600 കോടി രൂപ ലാപ്സായെങ്കില് തുടര്‍ന്നുള്ള പദ്ധതികാലത്തും ഇതേസ്ഥിതി തുടരുകയാണ്. ആയിരക്കണക്കിന് ഭൂരഹിതര്‍ കുടില്‍കെട്ടി 900 ദിവസങ്ങളായി കൊല്ലം, കുളത്തൂപ്പുഴ അരീപ്പയിലെ പാട്ടകാലാവധി കഴിഞ്ഞ ഭൂമിയില്‍ നടത്തിവരുന്ന ഭൂസമരത്തെ കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാര്‍. ഒരു ഭാഗത്ത് ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി സ്വകാര്യ കുത്തകകളുടെയും തോട്ടം ഉടമകളുടെയും കയ്യില്‍ കുന്നുകൂടി കിടക്കുക, മറുഭാഗത്ത് ലക്ഷോപലക്ഷം ജനങ്ങള്‍ ഭൂരഹിതരായി അവശേഷിക്കുക എന്നതാണ് ഇന്ന് നിലനില്‍ക്കുന്ന സാമൂഹ്യസ്ഥിതി. പട്ടികജാതി വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ലംപ്സം ഗ്രാന്റ് തുക മിനിമം ആയിരം രൂപയായി വര്‍ദ്ധിപ്പിക്കാമെന്ന് മുഖ്യമന്ത്രിയും പട്ടികജാതി വകുപ്പു മന്ത്രിയും 2012 ല്‍ നല്കിയ ഉറപ്പ് ഇന്നും പാലിക്കപ്പെട്ടിട്ടില്ല. പട്ടികജാതി സമൂഹത്തിന്റെ ജീവല്‍പ്രശ്നങ്ങളോട് നീതിപുലത്താത്ത സര്‍ക്കാരിന്റെ നയങ്ങളും നിലപാടുകളും തിരുത്തി പരിഹാരം കാണാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശ്രമം വേണമെന്ന് നേതാക്കള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ കെ.പി.എം.എസ്. സംസ്ഥാന സംഘടനാ സെക്രട്ടറി സി.ഒ. രാജന്, അഖില കേരള വിശ്വകര്മ്മമഹാസഭ സംസ്ഥാന പ്രസിഡന്റ് എം. സുകുമാരന്‍ ആചാരി, കേരള തണ്ടാന്‍ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ ശ്രീനിവാസന്, ചക്കാല സമുദായ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി മോഹന്‍ദാസ്, കേരള പരവന്‍ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് എ. തുളസീധരന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം കെ. പ്രഭാകരന് എന്നിവര്‍ പങ്കെടുത്തു.