നേതാജി സുഭാഷ്ചന്ദ്രബോസിന്റെ ജന്മംകൊണ്ട് ധന്യമായ കട്ടക്കിലെ ഒഡിയ ബസാറില്‍ നിന്ന് ഐ.എന്‍.എ. ഭടന്മാര് ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടിയ ഇംഫാലിലേക്കുള്ള യുവജനങ്ങളുടെ ദേശീയോദ്ഗ്രഥന യാത്ര 26 ന് കേരളത്തിലെത്തും. വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് സംഘം കൊച്ചിയിലെത്തുന്നത്. രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവരെയും സംഘം സന്ദര്‍ശിച്ചിരുന്നു. 26 ന് നാല് മണിക്ക് എറണാകുളം ടൗണ്‍ ഹാളില്‍ സംഘത്തിന് സ്വീകരണം നല്‍കും. ഫിഷറീസ് -എക്സൈസ് വകുപ്പുമന്ത്രി കെ.ബാബു ചടങ്ങില്‍ സംബന്ധിക്കും. ജൂണ്‍ 27 രാവിലെ 10 മണിക്ക് ആലപ്പുഴയിലും രണ്ട് മണിക്ക് കൊല്ലം ലൈബ്രറി ഹാളിലും സ്വീകരണമുണ്ടാകും. കൊല്ലത്തെ ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് മന്ത്രി കെ.സി.ജോസഫ് പങ്കെടുക്കും. വൈകുന്നേരം നാല് മണിക്ക് ഇന്ത്യന്‍ നാഷണല്‍ ആര്‍മി അംഗമായിരുന്ന വക്കം ഖാദറിന്റെ ജന്മസ്ഥലമായ വക്കത്ത് സ്വീകരണമൊരുക്കും. 6.30 ന് ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന സ്വീകരണ പരിപാടിയില്‍ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍, മേയര്‍ കെ.ചന്ദ്രിക, ഗാന്ധിയന്‍ പി. ഗോപിനാഥന് നായര്‍, പി.ആര്.ഡി. സെക്രട്ടറി റാണി ജോര്‍ജ്ജ്, ഡയറക്ടര്‍ മിനി ആന്റണി, എന്നിവര്‍ സംബന്ധിക്കും. ചടങ്ങിന്റെ ഭാഗമായി സ്വരാഞ്ജലി ദേശഭക്തിഗാനാലാപനം നടത്തും. 28 ന് രാവിലെ 10 മണിക്ക് നേതാജി പ്രതിമയില്‍ സംഘം പുഷ്പ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് ഐ.എന്‍.എ. ഭടന്മാരുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കും. ജൂണ്‍ 29 ന് രാവിലെ 10.30 ന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ജന്മമതി ആദരച്ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് മന്ത്രി കെ.സി.ജോസഫ് പങ്കെടുക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും സംഘം സന്ദര്‍ശിക്കുന്നുണ്ട്. ദേബി പ്രസാദ് പ്രുസ്തിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ സൂര്യകാന്ത സേത്തി, അഖില്‍ നായക്, സമീര്‍ മഹാപാത്ര, പ്രതീക് രാജ് പാണിഗ്രാഫി, മധുസ്മിത ബഹേറ, ശ്രദ്ധാഞ്ജലി എന്നിവര്‍ അംഗങ്ങളാണ്.
നേതാജി ജന്മമതിയാത്ര കേരളത്തില്‍
0
Share.